articles
പഹല്‍ഗാമാനന്തരം രാജ്യത്ത് സംഭവിക്കുന്നത്
പഹല്‍ഗാം ആക്രമണത്തിന് ശേഷം മൂന്ന് കൊലപാതകമുള്‍പ്പെടെ രണ്ടാഴ്ചക്കിടയില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ നടന്ന 184 വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ 84 വിദ്വേഷ പ്രസംഗങ്ങള്‍, 39 ശാരീരിക ആക്രമണങ്ങള്‍, 19 വസ്തു നശീകരണം എന്നിവ നടന്നതായി എ പി സി ആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത് ഉത്തര്‍ പ്രദേശിലാണ്. തൊട്ടുപിന്നില്‍ ബിഹാര്‍, മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവയാണ്.

പഹല്‍ഗാം ഭീകരാക്രമണം ചിലര്‍ വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുകയാണ്. അക്രമത്തെ കൂട്ടുപിടിച്ച് ചില ശക്തികള്‍ മുസ്‌ലിംവിരുദ്ധ വിദ്വേഷത്തിന് ശക്തി പകരുകയുണ്ടായി.
പഹല്‍ഗാം സംഭവത്തിനുശേഷം ഒരിക്കല്‍ കൂടി രാജ്യത്തെ വെട്ടിമുറിക്കും വിധം വിദ്വേഷ പ്രചാരണം വ്യാപകമാകുകയാണ്. ഇന്ത്യന്‍ മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരായും രാജ്യദ്രോഹികളായും മുദ്രകുത്താനുള്ള സംഘടിത ശ്രമത്തിന് ആക്കം കൂട്ടാനായി ഈ ശക്തികള്‍ പഹല്‍ഗാം അക്രമത്തെ ഉപയോഗപ്പെടുത്തുകയാണ്. ഹിന്ദുക്കള്‍ വീടുകളില്‍ മുസ്‌ലിംകള്‍ക്കെതിരെ ആയുധം കരുതണമെന്ന പരസ്യ പ്രസ്താവനകള്‍ പോലും നടത്തുകയുണ്ടായി ഒരു വിഭാഗം.
ചിലര്‍ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിദ്വേഷം വളര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വിഷം ചീറ്റുകയാണ്. ഇവരുടെയൊക്കെ ഉന്നം ഒരു സമുദായമാണ്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയും ഓണ്‍ലൈനില്‍ അധിക്ഷേപിക്കപ്പെട്ടു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളും മലയാളിയായ രാമചന്ദ്രന്റെ മകള്‍ ആരതിയും ഇതേരീതിയില്‍ അക്രമിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍, മധ്യപ്രദേശ് ഗോത്രവര്‍ഗ വകുപ്പ് മന്ത്രി കുന്‍വര്‍ വിജയ് ഷാ വിഷം തുപ്പിയിരിക്കുന്നത് പാകിസ്താനുമായുള്ള പോരില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച സൈനിക ഉദ്യോഗസ്ഥക്കെതിരെയാണ്.
വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗിനൊപ്പം ഓപറേഷന്‍ സിന്ദൂറിന്റെ വിജയം ലോകത്തെ അറിയിച്ച കേണല്‍ സോഫിയ ഖുറൈശിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി ജെ പി മന്ത്രിയെ ഹൈക്കോടതിയും സുപ്രീം കോടതിയും ശാസിക്കുകയുണ്ടായി. പക്ഷേ ഈ വിദ്വേഷ പ്രചാരണം നടത്തിയ മന്ത്രിയുള്‍പ്പെടെയുള്ളവരെ വാക്ക് കൊണ്ട് പോലും നോവിക്കാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി തയ്യാറായിട്ടില്ല. അതേസമയം, ആപ്പിള്‍ ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ബി ജെ പി. എം പി യും സിനിമാ താരവുമായ കങ്കണ രണാവത്തിനോട് പോസ്റ്റ് പിന്‍വലിക്കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ആവശ്യപ്പെടുകയുണ്ടായി.
രാജ്യത്തെ സൈനികരെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും ആക്ഷേപിക്കുന്നതിലും അവര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിലും അപാകത കാണാത്തവര്‍ ട്രംപിനെതിരെയുള്ള പോസ്റ്റ് പിന്‍വലിപ്പിക്കാന്‍ കാണിച്ച രാജ്യസ്‌നേഹം അപാരം തന്നെ.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലുടനീളം മുസ്‌ലിംകളെയും കശ്മീരികളെയും ലക്ഷ്യമിട്ട് 184 വിദ്വേഷ പ്രചാരണങ്ങള്‍ നടന്നതായി അസ്സോസിയേഷന്‍ ഓഫ് പ്രൊട്ടക് ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ പി സി ആര്‍) എന്ന വസ്തുതാന്വേഷണ സംഘം റിപോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 22 മുതല്‍ േമയ് എട്ട് വരെയുള്ള കണക്കാണിത്. ഓപറേഷന്‍ സിന്ദൂറിനു മുമ്പുള്ള രണ്ടാഴ്ചയിലെ കണക്കുകള്‍. പഹല്‍ഗാമില്‍ ഭീകരര്‍ നമ്മുടെ മതത്തിലെ സഹോദരിമാരെ വിധവകളാക്കി, ഭീകരരുടെ മതത്തില്‍പ്പെട്ട സഹോദരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ പറഞ്ഞയച്ച് നമ്മള്‍ പകരം വീട്ടി എന്നായിരുന്നു ബി ജെ പി മന്ത്രിയുടെ പ്രസംഗം. രാജ്യരക്ഷയെയും സൈനികരെയും ഈ രീതിയില്‍ അവഹേളിച്ചിട്ടും രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന ബി ജെ പിയുടെ ഭാഗത്ത് നിന്ന് മന്ത്രിക്കെതിരെ വിരലനക്കം പോലും ഉണ്ടായില്ല.
മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് നിസ്സാരവത്കരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതൃത്വവും. മന്ത്രിക്കെതിരെ പോലീസ് കേസെടുക്കുന്നതിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം വേണ്ടി വന്നു. സ്വമേധയാ കേസെടുത്ത ഹൈക്കോടതി അന്നുതന്നെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് പോലീസ് ഡയറക്ടര്‍ ജനറലിനോട് നിര്‍ദേശിക്കുകയുണ്ടായി. മധ്യപ്രദേശ് ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതിയും ബി ജെ പി മന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിക്കുകയുണ്ടായി. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളില്‍ നിന്ന് മാന്യമായ വാക്കുകളാണുണ്ടാകേണ്ടതെന്നു പറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, രാജ്യം ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്ന് വാക്കാല്‍ നിരീക്ഷിക്കുകയുണ്ടായി.
മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ സ്ത്രീകളെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. ശിവരാജ് സിംഗ് ചൗഹാന്റെ മൂന്നാം മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴും നാലാം മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നപ്പോഴും വിജയ് ഷാ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ഒരിക്കല്‍ അദ്ദേഹത്തിന് മന്ത്രിസഭയില്‍ നിന്ന് രാജി വെക്കേണ്ടിയുംവന്നു. 2013ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ, ജാബുവയില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയെക്കുറിച്ച് ദ്വയാര്‍ഥത്തില്‍ സംസാരിക്കുകയുണ്ടായി. മന്ത്രിയുടെ പ്രസംഗത്തില്‍ രോഷാകുലനായ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രി വിജയ് ഷായോട് രാജി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ അടുത്ത മന്ത്രിസഭയില്‍ അദ്ദേഹത്തെ വീണ്ടും ഉള്‍പ്പെടുത്തി. മറ്റൊരിക്കല്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ചപ്പോഴും മന്ത്രി വിജയ് ഷാ മോശം പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെയും ഇദ്ദേഹം ആക്ഷേപിക്കുകയുണ്ടായി.
പഹല്‍ഗാം ആക്രമണത്തിന് ശേഷം മൂന്ന് കൊലപാതകമുള്‍പ്പെടെ രണ്ടാഴ്ചക്കിടയില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ നടന്ന 184 വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ 84 വിദ്വേഷ പ്രസംഗങ്ങള്‍, 39 ശാരീരിക ആക്രമണങ്ങള്‍, 19 വസ്തു നശീകരണം എന്നിവ നടന്നതായി എ പി സി ആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍, പഹല്‍ഗാമിലെ അക്രമത്തിന് പ്രതികാരമായി ക്ഷത്രിയ ഗോ രക്ഷാദള്‍ അംഗങ്ങള്‍ ഒരു മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തുകയും ബന്ധുവിനെ അക്രമിക്കുകയും ചെയ്തു. കര്‍ണാടകയിലെ മംഗളൂരുവിനടുത്ത് പാക് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മലയാളിയായ മുസ്‌ലിം യുവാവിനെയും ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ജനക്കൂട്ടം മറ്റൊരു മുസ്‌ലിം യുവാവിനെയും തല്ലിക്കൊന്നു. ചണ്ഡീഗഢിലും ഹിമാചല്‍ പ്രദേശിലും കശ്മീരി സ്ത്രീകളെയും വിദ്യാര്‍ഥികളെയും ആക്രമിച്ചു. കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നിര്‍ത്തി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു. കച്ചവടത്തിനും ജോലിക്കും ഇതര സംസ്ഥാനങ്ങളില്‍ ചെന്ന കശ്മീരികളും ഇതേ രീതിയില്‍ ആട്ടിയോടിക്കപ്പെട്ടു.
ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത് ഉത്തര്‍ പ്രദേശിലാണ്. തൊട്ടുപിന്നില്‍ ബിഹാര്‍, മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവയാണ്. കര്‍ണാടക, പഞ്ചാബ്, ചണ്ഡീഗഢ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ റോഡില്‍ പാകിസ്താന്‍ പതാകയുടെ ചിത്രം വരക്കുന്നതിനിടയില്‍ രണ്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെയും കൊല്‍ക്കത്തയില്‍ പൊതു ശുചീകരണമുറിക്കു സമീപം പാക് പതാക കെട്ടുന്നതിനിടയില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകരെയും പോലീസ് പിടികൂടുകയുണ്ടായി. അലിഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം ബാലനെ ബലമായി പിടികൂടി പാകിസ്താന്‍ പതാകയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിച്ചു. ദയൂബന്തിലെ ദാറുല്‍ ഉലൂമില്‍ നിന്ന് മുസ്‌ലിംകള്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് സായുധരായ ജനക്കൂട്ടം പ്രകോപനം സൃഷ്ടിച്ചു. മുസ്‌ലിംകളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമുണ്ടായി.
രാജസ്ഥാനില്‍ ബി ജെ പി. എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടയില്‍ ഒരു പള്ളി തകര്‍ത്തു. ഉത്തരാഖണ്ഡില്‍ മറ്റൊരു പള്ളിക്ക് നേരെ ഹിന്ദുത്വ സംഘടനകള്‍ അക്രമം നടത്തി. ഉത്തരാഖണ്ഡില്‍ ഒരു മസാര്‍ തകര്‍ത്തു. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഒരു മുസ്‌ലിം വസതിക്ക് തീയിട്ടു. പാകിസ്താനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹൈദരാബാദിലെ കറാച്ചി ബേക്കറി തകര്‍ത്തു. വിഭജനാനന്തരം കറാച്ചിയില്‍ നിന്ന് ഇന്ത്യയില്‍ വന്ന ഹൈന്ദവ കുടുംബത്തിന്റേതാണ് കറാച്ചി ബേക്കറി. രാജേഷ് രാംനാനി, സഹോദരന്‍ ഹരീഷ് രാംനാനി എന്നിവരാണ് ബേക്കറി ഉടമകള്‍. ഇവരുടെ മുത്തച്ഛന്‍ ഖാന്‍ ചന്ദ് രാംനാനി 1950ല്‍ ആരംഭിച്ചതാണ് സ്ഥാപനം.