Articles
സമാനതകളില്ലാത്ത കടക്കെണിയിലേക്കോ?
സര്‍വ മേഖലയിലും ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ മുടക്കി പി ആര്‍ വര്‍ക്ക് നടത്തുന്നതിലാണ് സര്‍ക്കാറിന്റെ ശ്രദ്ധ.

ജനവിരുദ്ധ നിലപാടുകളും അഴിമതിയും; ഇതു തന്നെയാണ് നാലാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ മുഖമുദ്ര. സര്‍ക്കാറിന്റെ അഴിമതിയും പിടിപ്പുകേടും പിന്‍വാതില്‍ നിയമനങ്ങളുമാണ് കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്ക് തള്ളിവിട്ടത്. വിഴിഞ്ഞവും കൊച്ചി മെട്രോയും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ പദ്ധതികളല്ലാതെ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് ഒമ്പത് വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയത്? സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഈ സര്‍ക്കാറാണ് ഖജനാവില്‍ നിന്ന് പൊതുപണമെടുത്ത് വര്‍ഷിക മാമാങ്കം നടത്തുന്നത്. അതിനുള്ള ഒരു അവകാശവും ഇവര്‍ക്കില്ല.
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. തീരപ്രദേശം വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പുകുത്തി. ഖജനാവില്‍ പണമില്ല. ഈ സര്‍ക്കാറിന്റെ കാലാവധി കഴിയുമ്പോഴേക്കും കേരളം ആറ് ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് എത്തും.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പല തവണ മുടങ്ങി. ക്ഷേമനിധി ബോര്‍ഡുകളും തകര്‍ച്ചയുടെ വക്കിലാണ്. പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം അംശാദായമായി കൊടുത്ത ക്ഷേമനിധികളില്‍ നിന്ന് പോലും പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ല. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡുകളിലേത് ഉള്‍പ്പെടെ പെന്‍ഷന്‍ മുടങ്ങിയിട്ട് 16 മാസമായി. അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. ആശാ വര്‍ക്കര്‍മാരോട് ദയാരഹിതമായാണ് പോലീസ് പെരുമാറുന്നത്. വേതനത്തിലെ തുച്ഛ വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നവരെ അപഹസിക്കുന്ന മന്ത്രിമാര്‍ കോര്‍പറേറ്റ് മുതലാളിമാരെപ്പോലെയാണ് പെരുമാറുന്നത്. സമരം ചെയ്യുന്നവരെ കളിയാക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാറായി ഇവര്‍ മാറി.
എസ് സി, എസ് ടി പദ്ധതി തുക കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ധിപ്പിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ് സി ഫണ്ടില്‍ 500 കോടിയും എസ് ടി ഫണ്ടില്‍ 120 കോടിയും വെട്ടിക്കുറച്ചു. കെ എസ് ഇ ബിയും സപ്ലൈകോയും കെ എസ് ആര്‍ ടി സിയും വാട്ടര്‍ അതോറിറ്റിയും ഉള്‍പ്പെടെ എല്ലാത്തിനോടും അവഗണനയാണ്. വാട്ടര്‍ അതോറിറ്റിയില്‍ 4,500 കോടിയാണ് ജല്‍ജീവന്‍ പദ്ധതിയിലെ കരാറുകാര്‍ക്ക് നല്‍കാനുള്ളത്. കേന്ദ്ര പദ്ധതിക്ക് സംസ്ഥാന വിഹിതം നല്‍കാന്‍ പോലും സാധിക്കുന്നില്ല. കരാറുകാര്‍ ആത്മഹത്യാ മുനമ്പിലാണ്. 1996-2001ല്‍ നായനാര്‍ ഭരണകാലത്ത് ഉണ്ടായതിനേക്കാള്‍ രൂക്ഷമായ ധനപ്രതിസന്ധിയാണ് ഇവര്‍ സംസ്ഥാനത്തിന് ഉണ്ടാക്കിയത്.
ആശുപത്രികളില്‍ മരുന്നില്ല. പേവിഷ ബാധക്ക് വാക്‌സീന്‍ എടുത്ത കുഞ്ഞുങ്ങള്‍ക്ക് പോലും ജീവന്‍ നഷ്ടമായി. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. റബ്ബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ ആ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ല് സംഭരണം പൂര്‍ണമായും പാളിപ്പോയി. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാല് മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങാതിരിക്കുകയാണ്.
കേരളത്തെ ലഹരിയുടെ ഹബ്ബാക്കി. ഏത് ഗ്രാമത്തിലും ഏത് ലഹരിയും ലഭ്യമാണ്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഏത് കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാം. നിയമസഭയില്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴും കേസെടുത്തതിന്റെ കണക്കാണ് സര്‍ക്കാര്‍ പറഞ്ഞത്. എവിടെ നിന്നാണ് ലഹരി മരുന്ന് എത്തുന്നതെന്നാണ് കണ്ടെത്തേണ്ടത്. രണ്ട് ഐ ജിമാരെ എന്‍ഫോഴ്സ്മെന്റിനായി നിയോഗിക്കണം. സപ്ലൈ ചെയിന്‍ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല. എക്സൈസിന്റെയും പോലീസിന്റെയും ജോലിയല്ല ബോധവത്കരണം. ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്. വാചകമടി കൊണ്ട് ഒന്നും നടക്കില്ല.
സര്‍വ മേഖലയിലും ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ മുടക്കി പി ആര്‍ വര്‍ക്ക് നടത്തുന്നതിലാണ് സര്‍ക്കാറിന്റെ ശ്രദ്ധ. പെന്‍ഷന്‍ നല്‍കാന്‍ പണം ഇല്ലാത്തപ്പോഴും മുഖ്യമന്ത്രിയുടെ ഹോള്‍ഡിംഗ് വെക്കാന്‍ മാത്രം പതിനഞ്ച് കോടി രൂപ മുടക്കുന്നു. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സര്‍ക്കാറും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും സ്വന്തം തടി രക്ഷിക്കാനും ആരുമായും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണിവര്‍. കേരളത്തില്‍ സര്‍ക്കാറില്ലായ്മയാണ്. അതുകൊണ്ടാണ് സര്‍ക്കാറിന്റെ വാര്‍ഷിക ദിനം യു ഡി എഫ് കരിദിനമായി ആചരിക്കുന്നത്.