Kerala
പോലീസ് സ്റ്റേഷനില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു; ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ചതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി
പോലീസിനു വീഴ്ച പറ്റി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി എത്തിയപ്പോള്‍ പരിശോധിക്കാമെന്നാണ് പറഞ്ഞത്. അതിനുള്ള താമസം മാത്രമേ ഉണ്ടായിട്ടുള്ളൂ.

തിരുവനന്തപുരം | സ്വര്‍ണമാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിത് സ്ത്രീയെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിനു വീഴ്ച പറ്റിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി എത്തിയപ്പോള്‍ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും അതിനുള്ള താമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോഷണക്കുറ്റം തെറ്റായി ആരോപിച്ചാണ് ബിന്ദു എന്ന ദലിത് സ്ത്രീയെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ കടുത്ത രീതിയിലുള്ള മാനസിക പീഡനത്തിന് ഇരയാക്കിയത്. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാനായിരുന്നു പോലീസിന്റെ മറുപടി. 20 മണിക്കൂറോളമാണ് ക്രൂരമായ ചോദ്യംചെയ്യല്‍ നീണ്ടത്. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനു പകരം ജോലി കഴിഞ്ഞു മടങ്ങിയ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചവരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ ബന്ധുക്കളെ വിവരം അറിയിക്കണമെന്ന ചട്ടം പോലും പാലിച്ചില്ല. ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാനും അനുവദിച്ചില്ല. ബിന്ദുവിനെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ പാര്‍പ്പിച്ചു. പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചിട്ടും വിട്ടയച്ചില്ല. മാല കിട്ടിയ കാര്യം അറിയിച്ചതുമില്ല. ഉച്ചയ്ക്ക് ഭര്‍ത്താവ് എത്തിയ ശേഷം മാത്രമാണ് ബിന്ദുവിനെ വിട്ടയച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി വായിക്കാതെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ബിന്ദു ആരോപിച്ചിരുന്നു.