Connect with us

Kerala

പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

ഡി ഐ ജി അജിതാ ബീഗത്തിന്റെ ഉത്തരവു പ്രകാരമാണ് അന്വേഷണം

Published

|

Last Updated

പത്തനംതിട്ട |  കഞ്ചാവ് ബീഡി വലിച്ചുവെന്ന പേരില്‍ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച സംഭവത്തില്‍ തുടരന്വേഷണം. കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ കെ എ സുരേഷിന്റെ (58) മരണവുമായി ബന്ധപ്പെട്ട കേസിലാണ് പത്തനംതിട്ട അഡീഷണല്‍ എസ് പി അന്വേഷിക്കുന്നത്. ഡി ഐ ജി അജിതാ ബീഗത്തിന്റെ ഉത്തരവു പ്രകാരമാണ് അന്വേഷണം.

കഴിഞ്ഞ മാര്‍ച്ച് 22നു രാവിലെ കോന്നി പ്രമാടം ഇളകൊള്ളൂര്‍ പാലം ജംഗ്ഷനു സമീപം മാങ്കോസ്റ്റീന്‍ തോട്ടത്തിലാണ് സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും ശരീരമാസകലം ഉരഞ്ഞതും പിന്‍വശങ്ങളില്‍ ചൂരല്‍ കൊണ്ട് അടിയേറ്റ പാടുകളും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത കോന്നി പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിച്ചതേയില്ല.

മാര്‍ച്ച് 16നാണ് സുരേഷിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ബീഡി വലിച്ചുവെന്നതായിരുന്നു കുറ്റം. കേസെടുത്ത സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെങ്കിലും 19നു വീണ്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും സുരേഷിന്റെ ബൈക്കും ഫോണും പിടിച്ചുവയ്ക്കുകയും ചെയ്തു. 22നാണ് ഇയാള്‍ തൂങ്ങിമരിച്ചത്. രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചതിനുശേഷം സുരേഷിനെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായില്ലെന്ന് പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെങ്കിലും കോന്നി പോലീസ് അന്വേഷണം നടത്താന്‍ തയാറായില്ല. സുരേഷിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ കോന്നി ഡിവൈ എസ് പി പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് പറയുന്നു. ഏറെ മാസങ്ങള്‍ കഴിഞ്ഞിട്ടും സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുമ്പോഴാണ് തുടരന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ടായിരിക്കുന്നത്

Latest