Health
ഈ ഭക്ഷണങ്ങളിൽ പഞ്ചസാര ഒളിഞ്ഞിരിപ്പുണ്ട്!
റെഡിമെയ്ഡ് പാസ്ത സോസുകളിൽ അസിഡിറ്റി കുറയ്ക്കാൻ പഞ്ചസാര ഉപയോഗിക്കാറുണ്ട്.

ഭാരം കുറയ്ക്കാനും കൊഴുപ്പ് നീക്കാനും നാം ആദ്യം കണ്ടെത്തുന്ന മാർഗമാണ് പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക എന്നത്. എന്നാൽ മുഴുവനായും പഞ്ചസാരയെ ഒഴിവാക്കാൻ നമുക്ക് സാധിക്കുമോ? ഇല്ല എന്നതാണ് സത്യം. കാരണം നാം ഉപയോഗിക്കുന്ന പല നിത്യോപയോഗ ഭക്ഷണങ്ങളിലും പഞ്ചസാര വ്യത്യസ്ത അളവിൽ മറഞ്ഞിരിക്കുന്നുണ്ട്. ഇവയിൽ പഞ്ചസാര ഉണ്ടെന്നു കേൾക്കുമ്പോൾ നിങ്ങൾ ചിലപ്പോൾ ഞെട്ടിയേക്കാം. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം.
ഫ്ലേവേർഡ് തൈര്
ആരോഗ്യകരമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫ്ലേവേർഡ് തൈരിൽ ഒരു ഡോണറ്റിനേക്കാൾ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.ആരോഗ്യകരം എന്ന് എഴുതിയത് കൊണ്ട് അതിൽ പഞ്ചസാര ഇല്ല എന്ന് അർത്ഥമില്ല.
പാസ്ത സോസ്
റെഡിമെയ്ഡ് പാസ്ത സോസുകളിൽ അസിഡിറ്റി കുറയ്ക്കാൻ പഞ്ചസാര ഉപയോഗിക്കാറുണ്ട്. അരക്കപ്പിൽ 12 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം. ഇത് ശരീരത്തിൽ വളരെ പെട്ടെന്ന് അടിഞ്ഞു കൂടുകയും ചെയ്യും.
ഗ്രാനോള ബാറുകൾ
ഗ്രാനോള ബാറുകളിൽ ഓട്സും നട്സുമാണ് ധാരാളമായി അടങ്ങിയിരിക്കുന്നത്. പക്ഷേ ഇവയോടൊപ്പം ചിലപ്പോഴെല്ലാം ചോക്ലേറ്റ് തേൻ തുടങ്ങിയ പഞ്ചസാരയുടെ മറ്റു രൂപങ്ങൾ കൂടി വരുന്നുണ്ട്.
കെച്ചപ്പ്
കെച്ചപ്പ് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ ഒരു ടേബിൾ സ്പൂൺ കെച്ചപ്പിൽ ഒരു ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. കെച്ചപ്പ് ഉപയോഗിക്കുമ്പോൾ വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.
സാലഡ് ഡ്രസ്സിങ്ങുകൾ
വിപണിയിൽ വിൽക്കുന്ന സാലഡ് ഡ്രസ്സിങ്ങുകളിൽ രുചി വർദ്ധിപ്പിക്കാൻ പലപ്പോഴും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ആരോഗ്യം വർധിക്കാൻ ഉപയോഗിക്കുന്ന സാലഡുകൾ തന്നെ പഞ്ചസാരയുടെ കേന്ദ്രങ്ങൾ ആവുന്ന വഴി മനസ്സിലായോ?
അപ്പോൾ ഇനി ഷുഗർ ഫ്രീ ഡയറ്റ് സ്വപ്നം കാണുമ്പോൾ ഈ വസ്തുതകൾ കൂടി ഓർത്തോളൂ.