Connect with us

articles

ആരതിയെന്നും സോഫിയയെന്നും പേരായ രണ്ട് സ്ത്രീകൾ

യുദ്ധോത്സുകതയും സ്ത്രീവിരുദ്ധതയും തലക്കകത്ത് നിറച്ചുവെച്ചും പുറത്തേക്ക് തുപ്പിയുമാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ സ്വയം ദേശസ്‌നേഹികളായി ആഘോഷിക്കുന്നത്. യുദ്ധത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് അവർക്ക് സഹിക്കാനാകില്ല. പാകിസ്താനുമായുള്ള സംഘർഷത്തെ രാഷ്ട്രീയമായല്ല, വർഗീയമായാണ് ഇക്കൂട്ടർ അവതരിപ്പിക്കുക.

Published

|

Last Updated

“എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’ എന്ന് പറഞ്ഞത് കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ മൻദീപ് സിംഗിന്റെ മകൾ ഗുർമെഹർ കൗർ ആയിരുന്നു. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗുർമെഹർ ഇത് പറഞ്ഞതിന് ക്രൂരമായ ആക്രമണം നേരിട്ടു, ഓൺലൈനിലും ഓഫ്‌ലൈനിലും. സംഘ്പരിവാറിന്റെ ഹൂളിഗൻ കൂട്ടം അവരെ ഭീഷണിപ്പെടുത്തിയത് കൊന്നുകളയുമെന്നായിരുന്നില്ല. ബലാത്സംഗം ചെയ്ത് കൊല്ലുമെന്നായിരുന്നു. അത്രമേൽ യുദ്ധോത്സുകതയും സ്ത്രീവിരുദ്ധതയും തലക്കകത്ത് നിറച്ചുവെച്ചും പുറത്തേക്ക് തുപ്പിയുമാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ സ്വയം ദേശസ്‌നേഹികളായി ആഘോഷിക്കുന്നത്. യുദ്ധത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് അവർക്ക് സഹിക്കാനാകില്ല. പാകിസ്താനുമായുള്ള സംഘർഷത്തെ രാഷ്ട്രീയമായല്ല, വർഗീയമായാണ് ഇക്കൂട്ടർ അവതരിപ്പിക്കുക. ഇന്ത്യാ- പാക് സംഘർഷത്തിന്റെ അടിസ്ഥാന ഹേതു അതിർത്തി തർക്കമാണെന്നും അതിന് രാഷ്ട്രീയവും ഉഭയകക്ഷി നയതന്ത്രപരവുമായ പരിഹാരം കൂടിയുണ്ടെന്നും അംഗീകരിക്കാത്തവരുടെ ഒരിക്കലും ഉണങ്ങാത്ത യുദ്ധോത്സുകത വ്രണത്തിൽ നിന്നുള്ള ചോരയും ചലവുമാണ് ഈ രാജ്യത്താകെയിപ്പോൾ ദുർഗന്ധം പരത്തുന്നത്. ഫാസിസത്തിന്റെ സ്വഭാവം വിശദീകരിക്കുന്നിടത്ത് ഉമ്പർട്ടോ എക്കോ അടക്കമുള്ള മുഴുവൻ ചിന്തകരും ചൂണ്ടിക്കാട്ടിയത് ഈ യുദ്ധോത്സുകതയാണ്.

പാനലിസ്റ്റിനോട് ലൈവായി “ഭാരത് മാതാ കീ ജയ്’ വിളിപ്പിക്കുന്ന അർണബ് ഗോസ്വാമി മുതൽ ഇന്ത്യയുടെ ആക്രമണ ശേഷിയുടെ വിവരണമെന്ന നിലയിൽ നുണയും വിവരക്കേടും എഴുന്നള്ളിക്കുന്ന മലയാളത്തിലെ അവതാരകർ വരെ ചാനൽ മുറിയിലിരുന്ന് യുദ്ധമുണ്ടാക്കുകയായിരുന്നു. ഇന്ത്യയും പാകിസ്താനും യുദ്ധത്തിലല്ലെന്ന് ഔദ്യോഗികമായി സൈന്യവും സർക്കാറും പ്രഖ്യാപിച്ചിട്ടും ഇക്കൂട്ടർ “വാർ റിപോർട്ടിംഗ്’ നടത്തിക്കൊണ്ടിരുന്നു. അവർ പുതിയ മിസൈലുകൾ നിർമിച്ചു. ഏതൊക്കൊയോ ആക്രമണ ലക്ഷ്യങ്ങൾ തകർത്തു.

സാമൂഹിക മാധ്യമങ്ങളിൽ യുദ്ധ വെറി കലരാത്ത ദേശസ്‌നേഹ പ്രകടനങ്ങൾ കണാനേയില്ലായിരുന്നു. ദേശസ്‌നേഹമെന്ന നിലയിൽ താൻ പ്രകടിപ്പിക്കുന്നത് ചോരക്കൊതിയാണെന്ന് അറിഞ്ഞു കൂടാത്തവരായിരുന്നു ചിലർ. യഥാർഥ മനുഷ്യസ്‌നേഹം പ്രകടിപ്പിച്ചവരാകട്ടെ യുദ്ധവെറിയൻമാരുടെ കണ്ണിൽ ദേശദ്രോഹികളാകുകയും ചെയ്തു.
പഹൽഗാമിൽ ഭീകരാക്രമണത്തിൽ രാമചന്ദ്രന്റെ മകൾ ആരതിക്ക് നേരെ നടന്ന വിദ്വേഷ ആക്രമണം ഇതിന് തെളിവാണ്. അവർ പറഞ്ഞിത്രമാത്രമാണ്: “കശ്മീരിലെ മനുഷ്യർ സഹോദരൻമാരെപ്പോലെയാണ് പെരുമാറിയത്. എനിക്ക് അവിടെ രണ്ട് സഹോദരൻമാരെ കിട്ടി.

അവരെ അല്ലാഹു രക്ഷിക്കട്ടേ’ അച്ഛൻ മരിച്ച ശേഷം അവരെ സമാശ്വസിപ്പിക്കുകയും അപരിചിത ഇടങ്ങളിൽ അവർക്ക് വിശ്വസ്ത കൂട്ടായിരിക്കുകയും വല്ലാത്ത മരവിപ്പിലും നിസ്സഹായതയിലും അകപ്പെട്ട അവരെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സഹായിക്കുകയും ചെയ്ത ആ കശ്മീരി ഡ്രൈവർമാരെ കുറിച്ച് ആരതി അങ്ങനെയല്ലാതെ മറ്റെന്താണ് പറയുക. എന്നാൽ വിദ്വേഷ പ്രചാരകർക്ക് ആ കശ്മീരികളുടെ മതം പ്രശ്‌നമായിരുന്നു. അവരുടെ കശ്മീരിയ്യത്ത് പ്രശ്‌നമായിരുന്നു. ആരതിയുടെ വാക്കുകൾ ഹിന്ദുത്വ ശക്തികൾ രാഷ്ട്രീയ ലക്ഷ്യത്തിനായി സൃഷ്ടിച്ചുവെച്ച കശ്മീരി പ്രതിച്ഛായയെ തകർത്തെറിയുന്നതായിരുന്നു. പിതൃനഷ്ടത്തിന്റെ വേദനയിൽ കഴിയുന്ന സമയമായിട്ടു പോലും ആരതിയെ അവർ വെറുതെ വിട്ടില്ല. അവരുടെ കുടുംബത്തിന്റെ ബി ജെ പി പാരമ്പര്യം പോലും ആരതിയെ വേട്ടയാടാൻ അവർക്ക് തടസ്സമായില്ല. ഇന്ത്യയിലെ “പ്രഖ്യാപിത ദേശസ്‌നേഹി’കൾക്ക് വർഗീയത അധിക യോഗ്യതയാണ്.

സൈനികരുടെ മഹത്വവത്കരണമാണ് ഫാസിസത്തിന്റെ മറ്റൊരു സ്വഭാവം. രാഷ്ട്ര സേവന ത്വരയും ത്യാഗസന്നദ്ധതയും ഉൾച്ചേർന്ന ഒരു തൊഴിൽ എന്നതിന് അപ്പുറത്തേക്ക് സൈനികന്റെ ദൗത്യത്തെ അമാനുഷമായ പ്രതിച്ഛായകളിലേക്ക് ഉയർത്തുകയാണ് ഇവർ ചെയ്യുക. ഹിറ്റ്‌ലറെ കാണുക സൈനിക യൂനിഫോമിലാണല്ലോ. അതിർത്തിയിലെ സംഘർഷത്തിന്റെ രാഷ്ട്രീയം സംസാരിച്ചാൽ അത് സൈനികന്റെ ആത്മവീര്യം കെടുത്തുന്ന മഹാപരാധമായി മാറും.

പ്രതിരോധ ഇടപാടുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയാലും ഇതുതന്നെ സ്ഥിതി. സിയാച്ചിൻ ഗ്ലേസിയർ മേഖലയിൽ കാവൽ നിന്ന് രക്തയോട്ടം നിലച്ച കാലുകൾ മുറിച്ചു മാറ്റുമ്പോൾ സൈനികർ അനുഭവിക്കുന്ന വേദനയും ശിഷ്ട ജീവിതത്തിലെ നിസ്സാരതയും ആരെങ്കിലും മിണ്ടിയാൽ അത് സൈനിക നിന്ദയാകും. രാഷ്ട്രീയ പരിഹാരമില്ലായ്മയുടെ ഇരകളല്ലേ അവരെന്ന ചോദ്യം രാജ്യദ്രോഹപരമാകും. എന്നാൽ ഇങ്ങനെ സൈനിക അപദാനം ചൊരിയുന്ന സംഘ്പരിവാറുകാർക്ക് പക്ഷേ, ഹിമാൻശി നർവാളിനെ തെറിവിളിക്കാൻ ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ല. പഹൽഗാമിൽ ഭീകരർ വകവരുത്തിയ നേവൽ ഓഫീസർ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യയാണ് അവർ. സൈനികന്റെ സഹധർമിണി.

ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പാണ് അവർ വിവാഹിതരായത്. വിനയിന്റെ ചോര മൂടിയ നിശ്ചല ശരീരത്തിനടുത്ത് ഇരിക്കുന്ന ഹിമാൻശിയുടെ ചിത്രം ഭീകരതക്കെതിരെ മനുഷ്യമനസ്സിനെ എക്കാലവും ഉണർത്തുന്ന നിത്യസ്മാരകമായി മാറി. (അഭയാർഥി പ്രവാഹത്തെയും അതുണ്ടാക്കുന്ന സാമ്രാജ്യത്വ കുത്തിത്തിരിപ്പിനെയും അടയാളപ്പെടുത്തിയ ഐലൻ കുർദിയുടെ ചിത്രം പോലെ). സംഘ്പരിവാറുകാരും ആവേശപൂർവം ബൈസരൺ പുൽത്തകിടിയിലെ ചിത്രം കൊണ്ടാടി. ഭീകരതയുടെ മതം ചികഞ്ഞവരും അപരമത വിദ്വേഷികളുമെല്ലാം ഈ ചിത്രം ആവോളം ഉപയോഗിച്ചു. പക്ഷേ, മേയ് ഒന്നിന്, ലഫ്. വിനയിന്റെ ജൻമദിനത്തിൽ, കാര്യങ്ങൾ സമ്പൂർണമായി തകിടം മറിഞ്ഞു. ഹിമാൻശി വെറുക്കപ്പെട്ടവളായി. ദി ഫേസ് ഓഫ് പഹൽഗാം ഹൊറർ എന്ന് വിളിക്കപ്പെട്ട ആ ചിത്രം അശ്ലീലം നിറച്ച ട്രോളുകളിലെ ചേരുവയായി മാറി. കേട്ടാലറക്കുന്ന കമന്റുകളാണ് ഹിമാൻശിക്കെതിരെ പറന്ന് നടന്നത്. എന്താണ് കാരണം? തന്റെ പ്രിയപ്പെട്ടവന്റെ ചോര മണം മാറാത്ത ആ ജൻമദിനത്തിൽ ഹിമാൻശി ഉച്ചരിച്ച ഈ വാചകങ്ങൾ.

“ഞാൻ ഒന്നേ ആവശ്യപ്പെടുന്നുള്ളൂ. എവിടെയായിരുന്നാലും അദ്ദേഹം (ലഫ്. വിനയ്) നല്ല മാനസികാവസ്ഥയിലും ആരോഗ്യത്തിലും സമാധാനത്തിലും ആയിരിക്കണമെന്ന് മുഴുവൻ രാജ്യവും പ്രാർഥിക്കണം. ഒരു കാര്യം കൂടി ഞാൻ നാട്ടുകാരോട് ആവശ്യപ്പെടുന്നു. ആരോടും ഒരു വിദ്വേഷവും പാടില്ല. ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരായി നീങ്ങുകയാണ്.

നമുക്ക് ഇത് വേണ്ട. സമാധാനം വേണം, സമാധാനം മാത്രം മതി. തീർച്ചയായും, ഞങ്ങൾക്ക് നീതി വേണം. തീർച്ചയായും, അദ്ദേഹത്തോട് തെറ്റ് ചെയ്ത ആളുകൾ ശിക്ഷിക്കപ്പെടണം’ ഇതാണ് യഥാർഥ ഇന്ത്യയുടെ ശബ്ദം. എല്ലാ വിദ്വേഷങ്ങളെയും അപ്രസക്തമാക്കുന്ന വേരുറപ്പുള്ള സ്വരം. ഹിന്ദുത്വ, ഫാസിസ്റ്റ്, യുദ്ധവെറിയന്മാർ ഇതെങ്ങനെ സഹിക്കും. അവർ ഹിമാൻശിക്കുമേൽ ജിഹാദിസ്റ്റ് ചാപ്പ കുത്തി. അർബൻ നക്‌സലാക്കി. ഒറ്റ എക്‌സ് പോസ്റ്റ് മാത്രം ഉദ്ധരിക്കാം: ഹിമാൻശി നർവാൾ മതേതര തീവ്രവാദിയാണ്. പാക് അനുകൂലിയാണ്. ഇസ്‌ലാം അപോളജിസ്റ്റാണ്. കശ്മീരിലെ മധുവിധു അവരുടെ പദ്ധതിയായിരുന്നു. വിനയ് നർവാളിന്റെ നഷ്ടപരിഹാര തുക അടിച്ചുമാറ്റി അവൾ മറ്റൊരാളെ ഇരയാക്കും. നഷ്ടം വിനയ് നർവാളിന്റെ രക്ഷിതാക്കൾക്ക് മാത്രമാണ്’ മാഞ്ഞുപോയ സിന്ദൂരത്തിന്റെ പേര് തന്നെ പഹൽഗാം പ്രതികാരത്തിന് നൽകിയത് ആഘോഷിക്കുന്നവർ തന്റെ പാതിയായ പുരുഷന്റെ ചോരയിൽ ചവിട്ടിനിൽക്കുന്ന ഹിമാൻശിയുടെ സിന്ദൂര നഷ്ടത്തെ എത്ര ക്രൂരമായാണ് അപഹസിക്കുന്നത്. എത്ര ഭീകരമായ ഇരട്ടത്താപ്പാണ് ഇവർക്ക്. ഈ രാജ്യദ്രോഹികളെ രാജ്യം എങ്ങനെ സഹിക്കും?

ലഫ്. കേണൽ സോഫിയ ഖുറൈശിയുടെ കാര്യമെടുക്കൂ. അവർ ഗുജറാത്തുകാരിയാണ്. കുടുംബത്തോടെ സൈനികരാണവർ. അവരുടെ മുത്തച്ഛൻ കരസേനയിൽ ഉന്നത റാങ്കിൽ നിന്ന് വിരമിച്ചയാളാണ്. മെക്കാനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനെയാണ് അവർ വിവാഹം കഴിച്ചത്. ഓപറേഷൻ സിന്ദൂറിനെ കുറിച്ച് ലോകത്തോട് സംസാരിക്കാൻ നിയോഗിക്കപ്പെട്ട മൂന്ന് പേരിലൊരാൾ. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായ “എക്‌സർസൈസ് ഫോഴ്സ് 18′ എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ കരസേനയെ നയിച്ച ആദ്യ വനിതയാണ് അവർ. 2020 മാർച്ചിൽ, പ്രതിരോധ മന്ത്രാലയം അവരെ വിശേഷിപ്പിച്ചത് “ലീഡിംഗ് ലേഡി’ എന്നായിരുന്നു. വനിതകളുടെ സൈനിക പോസ്റ്റിംഗ് സംബന്ധിച്ച നിർണായക സുപ്രീം കോടതി വിധിയിൽ സോഫിയ ഖുറൈശിയെ പരാമർശിച്ചിരുന്നു. ഇതൊന്നും ഹിന്ദുത്വവാദിക്ക് പ്രശ്‌നമല്ല. അയാൾക്ക് മുന്നിൽ ആ പേരാണ് പ്രശ്‌നം. മധ്യപ്രദേശിൽ നിന്നുള്ള ബി ജെ പി മന്ത്രി വിജയ് ഷാക്ക് അവർ “ഭീകരന്റെ സഹോദരി’യാണ്. ഈ പരാമർശത്തിന് കേസെടുത്തപ്പോൾ നിർലജ്ജം മന്ത്രി സുപ്രീം കോടതിയിൽ ചെന്നു. അതിരൂക്ഷമായ ശകാരമാണ് വിജയ് ഷാക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചത്. ഷായുടേത് നാക്കുപിഴയല്ല. ഭീകരരെ നേരിടാൻ അവരുടെ സഹോദരിയെ തന്നെ ഉപയോഗിച്ചെന്ന് പറഞ്ഞാൽ എന്താണ് അർഥം? മാപ്പുപറഞ്ഞാൽ തീരുന്നതല്ല ഇത്.

ഗുർമെഹർ കൗർ, ആരതി, ഹിമാൻശി നർവാൾ, സോഫിയ ഖുറൈശി… നിങ്ങളോട് ഈ രാജ്യം എക്കാലവും കടപ്പെട്ടിരിക്കും. ഞങ്ങൾക്കിടയിൽ നുഴഞ്ഞുകയറി ഭീകരപ്രവർത്തനം നടത്തുന്ന കപട ദേശീയവാദികളെ കാണിച്ചുതന്നതിന്. യുദ്ധോത്സുകതയുടെ കുഴിബോംബുകൾ അനാവരണം ചെയ്തതിന്. എത്രമാത്രം സ്ത്രീവിരുദ്ധരാണ് ഹിന്ദുത്വരെന്ന് തെളിയിച്ചതിന്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest