Kerala
നാദാപുരത്ത് കാട്ടുപോത്തിന്റെ അക്രമം: വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
വെള്ളിയാഴ്ച രാവിലെയാണ് സംഭവം
കോഴിക്കോട് | വടകര നാദാപുരത്ത് കാട്ടുപോത്തിന്റെ അക്രമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ചിറ്റാരി കൂളിക്കുന്ന് സ്വദേശിനി ജിന്‍ഷ (37)യ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വളയം ആയോട് മലയിലെ അഭയഗിരി സെന്റ് മേരീസ് ചര്‍ച്ചിന് സമീപമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാട്ടുപോത്ത് അക്രമിച്ചത്.
ഇന്നലെ രാവിലെ ആയോട് ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപോത്തിനെ തുരത്തുന്നതിനിടെ അത് അക്രമാസക്തമാവുകയും വനംവകുപ്പ് ജീവനക്കാരെ അക്രമിക്കുകയുമായിരുന്നു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ കണ്ടി വാതുക്കല്‍ സ്വദേശി കുമാരന്‍ (56) നേരെയാണ് ആദ്യം അക്രമം ഉണ്ടായത്. തുടര്‍ന്നാണ് ജിന്‍ഷയെ അക്രമിച്ചത്.





