Kerala
ആദ്യകാല നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു
നക്സൽ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം പിന്നീട് പ്രസ്ഥാനം വിടുകയും സുവിശേഷ പ്രസംഗകനായി മാറുകയും ചെയ്തു.
കൊച്ചി | കേരളത്തിലെ ആദ്യകാല നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, വർഗീസ്, കെ അജിത എന്നിവർക്കൊപ്പം കേരളത്തിലെ നക്സൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും വയനാട്ടിലെ സമരങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്നു.
നക്സൽ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം പിന്നീട് പ്രസ്ഥാനം വിടുകയും സുവിശേഷ പ്രസംഗകനായി മാറുകയും ചെയ്തു. തന്റെ വിപ്ലവ കാലഘട്ടത്തെ സ്വയംവിമർശനപരമായി വിലയിരുത്തുന്ന ആത്മകഥയുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയായ സ്റ്റീഫൻ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് പൊതുരംഗത്തെത്തിയത്. പിന്നീട് ചാരുമജുംദാറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു.





