Kerala
കാട്ടാന ആക്രമണം; മുകേഷിന്റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു മുകേഷ്.
പാലക്കാട്| പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കാമറാമാന്‍ എവി മുകേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മുകേഷിന്റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി പറഞ്ഞു. മാതൃഭൂമിയുടെ പ്രഗല്‍ഭനായ ഫോട്ടോഗ്രാഫറാണ് കാട്ടനയുടെ ആക്രമണത്തിന് വിധേയനായി മരിച്ചത്. വനവുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണെന്നുള്ളത് കൊണ്ട് ഈ കാര്യത്തില്‍ വലിയ സങ്കടമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫോട്ടോഗ്രാഫര്‍മാര്‍ എപ്പോഴും സാഹസികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അത്തരം സാഹസികത ഉണ്ടാകുമ്പോഴുള്ള ഒരു പ്രശ്നമാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം സംബന്ധിച്ച് എന്തെങ്കിലും ധാരണയില്‍ എത്താന്‍ കഴിയുമോ എന്ന് ആലോചിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറാമാന്‍ എ വി മുകേഷിന് ദാരുണാന്ത്യമുണ്ടായത് വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വാര്‍ത്താ ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്ന തന്റെ ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല മുകേഷിന്റെ മാധ്യമ പ്രവര്‍ത്തനം. അതിജീവനത്തിനു വേണ്ടി പോരാടുന്ന, എല്ലാവരാലും അവഗണിക്കപ്പെട്ട ചെറുജീവിതങ്ങളുടെ വലിയ സങ്കടങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ മുകേഷ് എപ്പോഴും ശ്രമിച്ചിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിക്കാണ് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടയാത്. പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു മുകേഷ്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീഴുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ മുകേഷിന്റെ ഇടുപ്പിനാണ് പരുക്കേറ്റത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് എവി മുകേഷ്.