Connect with us

From the print

വൈഫ് ഇന്‍ ചാര്‍ജ്: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബഹാഉദ്ദീന്‍ നദ്‌വി

താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെങ്കില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞതും വ്യക്തിപരം.

Published

|

Last Updated

തിരൂരങ്ങാടി | മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള തന്റെ അധിക്ഷേപ പരാമര്‍ശങ്ങളെ ന്യായീകരിച്ചും മുക്കം ഉമര്‍ ഫൈസിക്കെതിരെ രൂക്ഷമായ വിമര്‍ശമുന്നയിച്ചും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. വിവാദമായ വൈഫ് ഇന്‍ ചാര്‍ജ് പരാമര്‍ശം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇദ്ദേഹം ഉമര്‍ ഫൈസിയെ രൂക്ഷമായി ആക്രമിച്ചത്.

പണ്ഡിതന്‍മാര്‍ പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞത് ഉമര്‍ ഫൈസിയാണ്. ശിവ പാര്‍വതിയെ അധിക്ഷേപിച്ച ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞത് തള്ളേണ്ടതാണ്. വൈഫ് ഇന്‍ ചാര്‍ജ് വിഷയത്തില്‍ ജിഫ്രി തങ്ങള്‍ എന്താണ് പറഞ്ഞതെന്ന് താന്‍ കേട്ടിട്ടില്ല. ആ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല. എന്റെ പരാമര്‍ശത്തെക്കുറിച്ച് മുശാവറ ചര്‍ച്ച ചെയ്തു എന്നത് ശരിയല്ല.

‘ഞാന്‍ ആരെയും മോശക്കാരനാക്കിയിട്ടില്ല. ഞാന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന്റെയും വ്യക്തിപരമായ അഭിപ്രായമാണ്. അധര്‍മത്തിനെതിരെ ശബ്ദിക്കാന്‍ സമസ്തക്ക് ബാധ്യതയില്ലെങ്കില്‍ പിന്നെ എന്തിനാണ് സമസ്ത? നൂറുവര്‍ഷം മുമ്പ് സമസ്ത എന്തിന് ഉണ്ടാക്കി?’ -നദ്‌വി ചോദിച്ചു. എന്നെ ഒറ്റപ്പെടുത്താന്‍ മുമ്പ് തന്നെ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എട്ട്, ഒമ്പത് മാസം മുമ്പ് മുശാവറയില്‍ ഇതേ ഉമര്‍ ഫൈസി എഴുന്നേറ്റു നിന്ന് എന്നെപ്പറ്റി കുറേ അധിക്ഷേപങ്ങള്‍ പറഞ്ഞു. ഞാന്‍ പുത്തനാശയക്കാരനാണ്, അവരുടെ സഹചാരിയാണ് എന്നൊക്കെയായിരുന്നു ആക്ഷേപം. മുശാവറ അത് നിശബ്ദം അംഗീകരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. ഞാന്‍ പറഞ്ഞു അത് തെളിയിക്കണമെന്ന്. മുസ്ലിം സംഘടനകളുടെ യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കുന്നുവെന്നും ആക്ഷേപം പറയുന്നു. എന്നാല്‍ 2016 ജൂണ്‍ മുതല്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അഞ്ച് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അവരില്‍ കൂടുതല്‍ പങ്കെടുത്ത ആളാണ് ഞാന്‍. മാധ്യമപ്രവര്‍ത്തകരായ നിങ്ങളുടെ കൂട്ടത്തില്‍ മന്ത്രിമാര്‍ ഇല്ലല്ലോ. പിന്നെ നിങ്ങള്‍ക്ക് ഇത്ര പൊള്ളേണ്ടതുണ്ടോ? അപ്പോള്‍ അവരെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങള്‍ക്ക്. പറഞ്ഞതില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നുവെന്ന അഭിപ്രായം ഇല്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

 

Latest