Kerala
മോശം റോഡുകള്‍ക്ക് ടോള്‍ എന്തിന്, 150 രൂപ ഈടാക്കുന്നതെന്തിന്; രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി
കേസ് വിധി പറയാനായി മാറ്റി

ന്യൂഡല്‍ഹി | മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ നല്‍കുന്നത് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചത്. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി.നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു.
നാഷണല്‍ ഹൈവേ അതോറിറ്റിക്കും കരാര്‍ കമ്പനിക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് ബഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ചോദിച്ചു. ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്കും ചുണ്ടിക്കാട്ടി.12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു. ലോറി അപകടത്തെ തുടര്‍ന്നാണ് ഇത്രയും നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായതെന്നും മണ്‍സൂണ്‍ കാരണം റിപ്പയര്‍ നടന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി
ടോള്‍ ആയി ഈടാക്കുന്നത് 150 രൂപയാണെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കിയപ്പോള്‍ എന്തിനാണ് ഇത്രയും തുക കൊടുക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.സര്‍വീസ് റോഡുകളുടെ പ്രശ്നം പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയായ കമ്പനിക്ക് ആണ് കരാര്‍ ഉള്ളത്. ഇത് എങ്ങനെ ആണ് തങ്ങളെ ബാധിക്കുന്നതെന്ന് കരാര്‍ കമ്പനി ചോദിച്ചു. ഉപകരാര്‍ കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. ടോള്‍ പിരിവ് നിര്‍ത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു.