National
വനിതാ സംവരണ ബിൽ നടപ്പാക്കുന്നത് വൈകുന്നതെന്തുകൊണ്ട്? സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു
സംവരണം ഇല്ലാതെ തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിക്കൂടേയെന്നും സുപ്രീംകോടതിയുടെ ഏക വനിതാ ജഡ്ജിയും രണ്ട് അംഗ ബെഞ്ചിന്റെ അധ്യക്ഷയുമായ ജസ്റ്റിസ് ബി വി നാഗരത്ന
ന്യൂഡൽഹി | രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്നും, എന്നാൽ പാർലമെന്റിൽ അവരുടെ പ്രാതിനിധ്യം കുറഞ്ഞുവരികയാണെന്നും സുപ്രീംകോടതി. സംവരണം ഇല്ലാതെ തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിക്കൂടേയെന്നും സുപ്രീംകോടതിയുടെ ഏക വനിതാ ജഡ്ജിയും രണ്ട് അംഗ ബെഞ്ചിന്റെ അധ്യക്ഷയുമായ ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകുന്ന ‘നാരി ശക്തി വന്ദൻ അധിനിയം’ അഥവാ ഭരണഘടനയുടെ (106-ാം ഭേദഗതി) നിയമത്തെ ചോദ്യം ചെയ്ത് ഡോ. ജയ താക്കൂർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. ജസ്റ്റിസ് ആർ മഹാദേവനാണ് ബെഞ്ചിലെ മറ്റൊരാൾ.
നിയമം 2023 സെപ്റ്റംബറിൽ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് സീനിയർ അഭിഭാഷക ശോഭ ഗുപ്തയും അഭിഭാഷകൻ വരുൺ താക്കൂറും കോടതിയിൽ അറിയിച്ചു.
“ഈ ‘വന്ദനം’ (ആദരം) വൈകിക്കുന്നത് എന്തിനാണ്?” ശോഭ ഗുപ്ത ചോദിച്ചു.
“ഈ (ഭരണഘടനാ ഭേദഗതി) സ്ത്രീകൾക്ക് രാഷ്ട്രീയ നീതി നൽകുന്നതിനുള്ള ഒരു ഉദാഹരണമാണ്. രാഷ്ട്രീയ നീതി സാമൂഹികവും സാമ്പത്തികവുമായ നീതിക്ക് തുല്യമാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണ്. മൊത്തം ജനസംഖ്യയുടെ 48.44 ശതമാനം സ്ത്രീകളാണ്” – ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
സംവരണത്തിനായി സംസ്ഥാനം പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കണമെന്ന് നിർബന്ധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 15(3) നെക്കുറിച്ചും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
2023-ലെ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കണമെങ്കിൽ അടുത്ത സെൻസസും അതിനുശേഷമുള്ള ഡീലിമിറ്റേഷൻ (ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണയം) നടപടികളും പൂർത്തിയാകണം. അതിനുശേഷം മാത്രമേ സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ട സീറ്റുകൾ നിർണ്ണയിക്കാൻ സാധിക്കൂ. ലോക്സഭയിലെയും നിയമസഭകളിലെയും വനിതാ ക്വോട്ട 15 വർഷത്തേക്ക് തുടരും. തുടർന്ന് പാർലമെന്റിന് ഈ കാലാവധി നീട്ടാവുന്നതാണ്.
ഒരു ഭരണഘടനാ ഭേദഗതിക്ക് അനിശ്ചിത കാലത്തേക്ക് കാത്തിരിക്കാൻ സാധിക്കില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 75 വർഷമായി പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഇത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
1993-ലെ 73-ഉം 74-ഉം ഭരണഘടനാ ഭേദഗതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നൽകിയിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം നീട്ടിയ 77-ാം ഭരണഘടനാ ഭേദഗതിയും ഡോ. താക്കൂർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും 10% ഇ ഡബ്ല്യു എസ്. സംവരണം അടുത്തിടെ നടപ്പാക്കിയതും ഹർജിയിൽ എടുത്തുപറഞ്ഞു. ഈ ഭേദഗതികളെല്ലാം സെൻസസ് ഡാറ്റ ആവശ്യപ്പെടാതെ നടപ്പാക്കിയതാണെന്നും ഹർജിയിൽ വാദിച്ചു.



