Articles
സംഘ്പരിവാര്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്
അതിദാരിദ്ര്യം കൊടികുത്തിവാഴുന്ന ബിഹാറില്‍ 883 കോടി രൂപയുടെ സീതാ ക്ഷേത്രം പണിയുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിക്കാനുള്ള കുറുക്കുവഴിയാണ്. സീതാദേവിയുടെ പുരാണ ജന്മസ്ഥലമായ സീതാമര്‍ഹിയിലെ നിനൗര ധാമില്‍ അദ്ദേഹം മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചേര്‍ന്ന് അതിന് തറക്കല്ലിടുകയുമുണ്ടായി. ഭൂമിപൂജക്ക് 21 തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്നുള്ള മണ്ണും 31 നദികളില്‍ നിന്നുള്ള പുണ്യജലവും ശേഖരിച്ചെത്തിക്കുകയും ചെയ്തു.
ഒരു മനുഷ്യന്റെ സ്വഭാവം പരീക്ഷിക്കണമെങ്കില്‍ അധികാരം നല്‍കിയാല്‍ മതിയെന്ന എബ്രഹാം ലിങ്കന്റെ 1883ലെ പ്രസംഗത്തിന്റെ അര്‍ഥം അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും ഇന്ത്യയില്‍ നരേന്ദ്ര മോദിയും നന്നായി തെളിയിക്കുന്നുണ്ട്. ആദ്യത്തേതിന്റെ പരീക്ഷണം ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പായിരുന്നെങ്കില്‍ രണ്ടാമത്തേത് ബിഹാറിലാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥി സുഹ്‌റാന്‍ മാംദാനിയെ തടഞ്ഞില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയ ട്രംപ് അദ്ദേഹം ജയിച്ചാല്‍ നഗരത്തിനുള്ള ഫണ്ടിംഗ് കുറക്കുമെന്നും മുന്നറിയിപ്പ് നല്‍കി. സി ബി എസിന്റെ “60 മിനുട്ട്സ്’ പരിപാടിയില്‍ പങ്കെടുത്തപ്പോഴും സമാന ഭീഷണി ട്രംപ് ഉയര്‍ത്തിയിരുന്നു. ഇതേ അക്രമാസക്ത പ്രചാരണ രീതിയാണ് മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാറില്‍ ഏറ്റെടുത്തത്.
മഹാ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശങ്ങളുമായി ഉറഞ്ഞുതുള്ളിയ യോഗി, ആ കൂട്ടുകെട്ടിനായി പ്രചാരണം നടത്താന്‍ മൂന്ന് വാനരന്മാരെ വിളിച്ചിട്ടുണ്ടെന്നാണ് പരിഹസിച്ചത്. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ ജെ ഡി മേധാവി തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു വിവാദ പരാമര്‍ശം. “തിന്മ പറയരുത്, കേള്‍ക്കരുത്, കാണരുത്’ എന്ന് പറഞ്ഞ മൂന്ന് കുരങ്ങന്മാരെപ്പോലെ മൂവരും ബിഹാറിലെ വികസന സത്യത്തോട് അന്ധരും ബധിരരും മൂകരുമാണ്. ഗാന്ധിജിക്ക് മൂന്ന് കുരങ്ങുകള്‍ ഉണ്ടായിരുന്ന പോലെ ഇന്ത്യ സഖ്യം പപ്പു, തപ്പു, അപ്പു എന്നീ പേരില്‍ മൂന്ന് കുരങ്ങുകളെ കൊണ്ടുവന്നു. പപ്പുവിന് സത്യം സംസാരിക്കാന്‍ കഴിയില്ല, തപ്പുവിന് അത് കാണാനാകില്ല, അപ്പുവിന് കേള്‍ക്കാന്‍ സാധിക്കുകയുമില്ലെന്നായിരുന്നു പരിഹാസം. പ്രതിപക്ഷ നേതാക്കളെ കുരങ്ങന്മാരെന്ന് വിശേഷിപ്പിച്ച യോഗി, ഹനുമാനെയാണ് അപമാനിച്ചതെന്നാണ് കോണ്‍ഗ്രസ്സ് വക്താവ് പവന്‍ ഖേര തിരിച്ചടിച്ചത്.
ബിഹാറിന് അമിത് ഷായുടെ വാഗ്ദാനം
അതിദാരിദ്ര്യം കൊടികുത്തി വാഴുന്ന ബിഹാറില്‍ 883 കോടി രൂപയുടെ സീതാ ക്ഷേത്രം പണിയുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിക്കാനുള്ള കുറുക്കുവഴിയാണ്. സീതാദേവിയുടെ പുരാണ ജന്മസ്ഥലമായ സീതാമര്‍ഹിയിലെ നിനൗര ധാമില്‍ അദ്ദേഹം മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചേര്‍ന്ന് അതിന് തറക്കല്ലിടുകയുമുണ്ടായി. ഭൂമിപൂജക്ക് 21 തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്നുള്ള മണ്ണും 31 നദികളില്‍ നിന്നുള്ള പുണ്യജലവും ശേഖരിച്ചെത്തിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സന്ന്യാസിമാര്‍ പങ്കെടുത്ത ചടങ്ങില്‍ മന്ത്രജപങ്ങളും നടന്നു. അയോധ്യയിലെ രാമമന്ദിര്‍ മാതൃകയില്‍ 67 ഏക്കറിലധികം വിസ്തൃതിയില്‍ വിഭാവനം ചെയ്ത ക്ഷേത്രസമുച്ചയം 11 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ശ്രീ ജാനകി ജന്മഭൂമി പുനൗര ധാം മന്ദിര്‍ ന്യാസ് സമിതി എന്ന പേരില്‍ ഒമ്പതംഗ ട്രസ്റ്റും രൂപവത്കരിച്ചിട്ടുണ്ട്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്ക് റെയില്‍, റോഡ് മാര്‍ഗം പുനൗര ധാമിനെ ബന്ധിപ്പിക്കും.
ബിഹാറില്‍ വോട്ടര്‍ പട്ടികയുടെ അതിതീവ്ര പരിശോധനക്ക് ശേഷം അരക്കോടിയിലധികം ആളുകളുടെ പേരുകള്‍ ബോധപൂര്‍വം വെട്ടിനീക്കിയിരിക്കുകയാണ്. ഇതേ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ നടന്ന ഒഴിവാക്കല്‍ ഗൂഢാലോചന കാരണം, പൗരത്വം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ചിലര്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. ദിന്‍ഹട്ടയിലെ ബുരിഹട്ട് പഞ്ചായത്തിലെ ജീത്പൂര്‍ പ്രദേശത്തെ ഖൈറുല്‍ ശൈഖ് കീടനാശിനി കുടിച്ചാണ് മരിച്ചത്. ഭാര്യക്കും ഭിന്നശേഷിയുള്ള മകള്‍ക്കുമൊപ്പം താമസിച്ചുവന്ന ആ കര്‍ഷകന്‍ എസ് ഐ ആര്‍ നടപ്പാക്കിയതു മുതല്‍ ആശങ്കാകുലനായിരുന്നു. മരണത്തിന് എസ് ഐ ആറാണ് കാരണമെന്ന് കുറിപ്പെഴുതി പര്‍ഗാനാസ് ജില്ലയിലെ പാനിഹതിയില്‍ നിന്നുള്ള അമ്പത്തേഴുകാരന്‍ പ്രദീപ് കറും ജീവനൊടുക്കി.
ക്ഷേത്ര ചുവരുകളിലെ “ഐ ലവ് മുഹമ്മദ്’
ഉത്തര്‍പ്രദേശിലെ ബുലക് ഗര്‍ഹി, ഭഗവാന്‍പൂര്‍ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളുടെ ചുമരുകളില്‍ “ഐ ലവ് മുഹമ്മദ്’ എന്ന് സ്പ്രേ പെയിന്റ് ചെയ്തിരിക്കുന്ന ദൃശ്യങ്ങള്‍ വന്‍ സംഭവമായി പെരുപ്പിച്ച് ബിഹാറിലും അതിന്റെ വിത്തുപാകി. ഇസ്‌ലാമിസ്റ്റുകളെ പഴിചാരി ഹിന്ദുത്വ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവ പങ്കിട്ടു. “ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ഭീകരതയും ഏറും’ എന്നായിരുന്നു അടിക്കുറിപ്പുകള്‍. മുസ്‌ലിം സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ പിന്നീട് ബുലക് ഗര്‍ഹിയില്‍ നിന്നുള്ള ജിശാന്ത് കുമാര്‍, ഭഗവാന്‍പൂരില്‍ നിന്നുള്ള അഭിഷേക്, ആകാശ്, ദിലീപ് എന്നീ നാല് ഹിന്ദു യുവാക്കള്‍ പിടിയിലായത് വ്യാജപ്രചാരണം തകര്‍ത്തു.
യു പിയിലെ അമേഠിയില്‍ കൂലി ചോദിച്ച ദളിത് തൊഴിലാളി ഹോസില പ്രസാദിനെ ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത് ഒക്ടോബര്‍ 26നാണ്. ദളിത് ബാലനോട് അധ്യാപകര്‍ കാട്ടിയ നടുക്കുന്ന ക്രൂരതയുടെ വാര്‍ത്തയാണ് ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ നിന്ന് കേട്ടത്. റോഹ്‌റു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിയുടെ പാന്റിനുള്ളില്‍ തേളിനെ ഇട്ടെന്നും കര്‍ണപുടം അടിച്ചുപൊട്ടിച്ചുവെന്നുമാണ് കേസ്. കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍, പ്രധാനാധ്യാപകന്‍ ദേവേന്ദ്രയും അധ്യാപകരായ ബാബു റാമും താക്കൂറും ഒരു വര്‍ഷത്തോളമായി മകനെ പതിവായി ശാരീരികമായി ഉപദ്രവിച്ചുവരുന്നതായി പറഞ്ഞു. വീട്ടില്‍ പരാതിപ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് അധ്യാപകര്‍ അവനെ ഭീഷണിപ്പെടുത്തി. അധ്യാപകര്‍ ജാതി വിവേചനം കാണിച്ച് ഹരിജന്‍ വിദ്യാര്‍ഥികളെ ഭക്ഷണ സമയത്ത് രജപുത്രരില്‍ നിന്ന് വേറിട്ട് ഇരുത്തുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാലയത്തിനും കുടുംബത്തിനും ഐശ്വര്യം പോരെന്ന ദുര്‍മന്ത്രവാദിയുടെ ഉപദേശം കേട്ട് പരിഹാരമാര്‍ഗമായി യു പിയിലെ ഹാഥ്‌റസിലെ ഡി എല്‍ പബ്ലിക് സ്‌കൂള്‍ ഉടമ ജസോധന്‍ സിംഗ് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ കൃതാര്‍ഥിനെ കുരുതി നല്‍കിയത് മറ്റൊരു ഞെട്ടിക്കുന്ന സംഭവമായിരുന്നു.
പിടിച്ചടക്കല്‍ പട്ടികയില്‍
ഷാജഹാന്റെ താജ്മഹലും
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ 1631-48 കാലയളവില്‍ പ്രിയതമ മുംതാസ് മഹലിന്റെ ശവകുടീരമായി പണിത താജ്മഹല്‍ യഥാര്‍ഥത്തില്‍ “തേജോ മഹാലയം’ എന്ന ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ആര്‍ എസ് എസ് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചില ഹിന്ദു ചിഹ്നങ്ങള്‍ ഘടനയില്‍ ദൃശ്യമാണെന്നും രാജാ മാന്‍ സിംഗിനെപ്പോലുള്ള രാജാക്കന്മാരാണത് നിര്‍മിച്ചതെന്നുമാണ് ആവര്‍ത്തിക്കുന്നതും. ആ പ്രചാരണത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നതാകട്ടെ, ഹിന്ദു ക്ഷേത്രസമുച്ചയം ഷാജഹാന്‍ ഭാര്യയുടെ മരണശേഷം പിടിച്ചെടുക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്തുവെന്നും. അതേ വാദമുന്നയിച്ച് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. സ്വത്ത് ദേവന്റേതാണെന്നും ആരാധനക്ക് അനുവദിക്കണമെന്നും ഹരജിക്കാരന്‍ അവകാശപ്പെട്ടു. പ്രശ്‌നം വിവാദമാക്കുന്നത് ഒഴിവാക്കണമെന്ന ആഹ്വാനങ്ങള്‍ക്ക് മേല്‍ക്കൈ ലഭിച്ചതിനാല്‍ തത്കാലം കലാപശ്രമങ്ങള്‍ അടങ്ങിയെന്നേയുള്ളൂ. താജ്മഹലിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാനും പ്രസിദ്ധീകരിക്കാനും വസ്തുതാന്വേഷണ സമിതി രൂപവത്കരിക്കണമെന്ന ആവശ്യം 2022 മേയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതി തള്ളുകയുണ്ടായി. ജസ്റ്റിസുമാരായ സുഭാഷ് വിദ്യാര്‍ഥിയും ദേവേന്ദ്ര കുമാര്‍ ഉപാധ്യായയും അടങ്ങിയ ബഞ്ച് ഇത്തരം വിഷയങ്ങളുടെ ചര്‍ച്ച അക്കാദമിക് വിദഗ്ധര്‍, പണ്ഡിതര്‍, ചരിത്രകാരന്മാര്‍ എന്നിവര്‍ക്കിടയില്‍ വിടണമെന്ന് നിരീക്ഷിക്കുകയും പ്രാര്‍ഥനകള്‍ ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് വിധിക്കുകയും ചെയ്തു. തുഷാര്‍ അമരീഷ് ഗോയല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പരേഷ് റാവല്‍ മുഖ്യവേഷത്തിലെത്തി 2025 ഒക്ടോബര്‍ 31ന് റിലീസായ ഹിന്ദി ചിത്രമായ ‘ദി താജ് സ്റ്റോറി’ താജ്മഹലിനെക്കുറിച്ചുള്ള കെട്ടിച്ചമച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഒരുക്കിയതെന്ന യാഥാര്‍ഥ്യവും പുറത്തുവന്നിരുന്നു.






