Connect with us

National

അദ്വാനി പ്രശംസ; ശശി തരൂരിനെ പുകഴ്തിയും കോണ്‍ഗ്രസ്സിനെ അധിക്ഷേപിച്ചും ബി ജെ പി

ബി ജെ പി ദേശീയ വക്താക്കളായ സി ആര്‍ കേശവനും ഷെഹ്സാദ് പൂനവാലയും തരൂരിനെ വാഴ്ത്തി

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ചേര്‍ത്തു പിടിച്ച് ബി ജെ പി രംഗത്ത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അര്‍ഹതയില്ലാത്ത നേതൃത്വത്തിന് കീഴില്‍ പല കോണ്‍ഗ്രസ് നേതാക്കളും ശ്വാസംമുട്ടല്‍ അനുഭവിക്കുന്നു. അടിയന്തരാവസ്ഥയുടെ മുന്‍വിധിയോടെയുള്ള, അസഹിഷ്ണുത നിറഞ്ഞ ഒരു മാനസികാവസ്ഥ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്നും ബി ജെ പി ദേശീയ വക്താവ് സി ആര്‍ കേശവന്‍ പറഞ്ഞു.

ബി ജെ പി വക്താവ് ഷെഹ്സാദ് പൂനവാലയും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് അടിയന്തരാവസ്ഥ കാലത്തെ മാനസികാവസ്ഥ പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ രീതിയിലുള്ള പെരുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘ എന്നതില്‍ നിന്ന് ‘ഇന്ദിരാ നാസി കോണ്‍ഗ്രസ്’ എന്നാക്കി മാറ്റണം. അദ്വാനിക്ക് ശശി തരൂര്‍ നല്‍കിയ ജന്മദിനാശംസയ്ക്ക് പാര്‍ട്ടി തരൂരിനെതിരെ ‘ഫത്വ’ പുറപ്പെടുവിച്ചിരിക്കുകയാണെന്നും പൂനാവാല പറഞ്ഞു.

ശനിയാഴ്ചയാണ് തരൂര്‍ ‘സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍’ എന്ന് അദ്വാനിയെ വിശേഷിപ്പിച്ചത്. പിന്നാലെ കോണ്‍ഗ്രസ് അനുഭാവികള്‍ ഓണ്‍ലൈനില്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഭാഗീയ രാഷ്ട്രീയത്തില്‍ അദ്വാനിയുടെ പങ്കിനെ തരൂര്‍ വെള്ളപൂശുകയാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തില്‍ അദ്വാനിയുടെ പങ്കിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെയും രംഗത്തെത്തി. എന്നാല്‍ അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തെ രാമജന്മഭൂമി പ പ്രശ്‌നത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരികേടാണെന്നായിരുന്നു തരൂരിന്റെ മറുപടി.

 

 

Latest