Connect with us

Kerala

വിദ്യാര്‍ഥികളെ ഉപയോഗിച്ചു ആര്‍ എസ് എസ് ഗണഗീതം ചൊല്ലിച്ച സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി

പി എം ശ്രീ: കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിക്കാനുള്ള കാര്യങ്ങള്‍ ചെയ്തതായി മന്ത്രി ശിവന്‍കുട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | പി എം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാല്‍ പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പി എം ശ്രീയിലെ സര്‍ക്കാര്‍ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നല്‍കിയിട്ടില്ല. ഇടതു മുന്നണിയില്‍ പി എം ശ്രീ സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസം സംബന്ധിച്ച് സബ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കേന്ദ്രത്തിനു കത്ത് നല്‍കൂ എന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു ആര്‍ എസ് എസ് ഗണഗീതം ചൊല്ലിച്ച സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയതായി മന്ത്രി പറഞ്ഞു. ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. കൂടാതെ, സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം കിട്ടണമെങ്കില്‍ സംസ്ഥാനത്തിന്റെ അംഗീകാരം വേണമെന്നും എന്‍ ഒ സി ഏത് സമയം വേണമെങ്കിലും റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുട്ടികളും അംഗീകരിക്കുന്ന പാട്ടുകള്‍ മാത്രമെ പാടാന്‍ പാടുള്ളു എന്ന് പറഞ്ഞ മന്ത്രി ഇത്തരം ചടങ്ങുകള്‍ക്ക് ഏകീകരിച്ച ഒരു ഗാനം വേണമെന്നും ആവശ്യപ്പെട്ടു. എന്‍ സി ഇ ആര്‍ ടി വെട്ടി മാറ്റിയ പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തി പുസ്തകം തയ്യാറാക്കി പരീക്ഷ നടത്തിയത് കേരളത്തില്‍ മാത്രമാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര സഹായം ആവശ്യമാണ്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് കെയുമായി ബന്ധപ്പെട്ട ഫണ്ട് എത്രയും പെട്ടെന്ന് ലഭിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ച. 1066.66 കോടി രൂപ ഒറ്റത്തവണയായി എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ജന്‍ ധന്‍ ഹോസ്റ്റലുകള്‍ക്കുള്ള ആറു കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനുള്ള മൂന്നു കോടിയും അടിയന്തരമായ റിലീസ് ചെയ്യണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

 

Latest