Connect with us

ഫെഡറൽ

കലിംഗയിലെ കാറ്റ് ആരെ തഴുകും?

ബിജു ജനതാദൾ, കോൺഗ്രസ്സ്, ബി ജെ പി പാർട്ടികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. സി പി എം, സി പി ഐ, ഝാർഖണ്ഡ് മുക്തി മോർച്ച കക്ഷികൾക്കും സ്വാധീനമുണ്ട്.

Published

|

Last Updated

നാല് ഘട്ടങ്ങളിലായാണ് ഒഡിഷയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്- മെയ് 13, 20, 25, ജൂൺ ഒന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നാല് ഘട്ടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ദീർഘിച്ചത്. ബിജു ജനതാദൾ, കോൺഗ്രസ്സ്, ബി ജെ പി പാർട്ടികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. സി പി എം, സി പി ഐ, ഝാർഖണ്ഡ് മുക്തി മോർച്ച കക്ഷികൾക്കും സ്വാധീനമുണ്ട്.

ആകെ 21 ലോക്‌സഭാ സീറ്റുകൾ. നിലവിലെ സീറ്റ് നില: ബി ജെ ഡി 12, ബി ജെ പി എട്ട്, കോൺഗ്രസ്സ് ഒന്ന്. എട്ടെണ്ണം സംവരണ മണ്ഡലങ്ങൾ. എസ് സി, എസ് ടി വിഭാഗങ്ങൾ ഏറെയുള്ള സംസ്ഥാനമാണ് ഒഡിഷ. പല മണ്ഡലങ്ങളിലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. അവരെ കൂടെനിർത്തിയാണ് ബിജു ജനതാദൾ മുഖ്യകക്ഷിയായി വിരാജിക്കുന്നത്. ബി ജെ ഡി- ബി ജെ പി സഖ്യ ചർച്ചകൾ നടന്നെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ട് പാർട്ടികളും തനിച്ച് മത്സരിക്കുന്നു. 21 സീറ്റുകളിലും സഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസ്സ് 18 സീറ്റുകളിൽ. ഇന്ത്യ സഖ്യത്തിലെ സി പി എം, സി പി ഐ, ഝാർഖണ്ഡ് മുക്തി മോർച്ച കക്ഷികൾ ഓരോ സീറ്റിൽ ജനവിധി തേടുന്നു.

ബിജു പട്‌നായിക് എന്ന ബ്രാൻഡ്
ഒഡിഷയുടെ ധീരനായകനാണ് ബിജു പട്‌നായിക്. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം ജയം. അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നു. മൊറാർജി മന്ത്രിസഭയിൽ അംഗമായി ഉഗ്രൻ തിരിച്ചുവരവ്. രണ്ട് ഘട്ടങ്ങളിൽ ഒഡിഷയുടെ മുഖ്യമന്ത്രി. 1997 ഏപ്രിൽ 17ന് മരണം. അതേവർഷം ഡിസംബർ 26ന് പിതാവിന്റെ ഓർമയിൽ മകൻ നവീൻ പട്‌നായിക്, ജനതാദളിൽ നിന്ന് പിരിഞ്ഞ് പുതിയ പാർട്ടിക്ക് ജന്മം നൽകി- ബിജു ജനതാദൾ. ഇന്നും ബി ജെ ഡിയുടെ രാഷ്ട്രീയ നിക്ഷേപം ബിജു പട്‌നായികിന്റെ ജീവിത സമരങ്ങളാണ്. ആ ബ്രാൻഡിന് പകരം വെക്കാവുന്ന ഒന്ന് കോൺഗ്രസ്സിന്റേയോ ബി ജെ പിയുടെയോ കൈയിലില്ല. കൂട്ടിന് ആരുമില്ലെങ്കിലും ജയിക്കാൻ കഴിയുമെന്ന് നവീൻ പട്‌നായിക് ഉറച്ചുവിശ്വസിക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ, ബിജു പട്‌നായികിന്റെ ജനപ്രീതി. കണ്മറഞ്ഞ് കാൽനൂറ്റാണ്ട് കടന്നിട്ടും അതിലൊരു മാറ്റവും സംഭവിച്ചിട്ടില്ല. 23 വർഷമായി നവീൻ പട്‌നായിക് മുഖ്യമന്ത്രിക്കസേരയിലുണ്ട്. ഇക്കുറിയും ആ കസേര ഇളകില്ലെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധർ പറയുന്നത്.

കോൺഗ്രസ്സിന്റെ കൈയിലെന്ത്?
നവീൻ പട്‌നായിക് പൂർണാർഥത്തിൽ ഒരു “പ്രാദേശിക’ മുഖ്യമന്ത്രിയാണ്. കേന്ദ്രത്തിൽ ആര് വാണാലും വീണാലും സംസ്ഥാനത്തിന്റെ കാര്യങ്ങൾ നടന്നുപോകണമെന്നേയുള്ളൂ അദ്ദേഹത്തിന്. അതേ ലൈൻ പിടിച്ചുനോക്കാനാണ് ഇക്കുറി കോൺഗ്രസ്സ് ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളിലാണ് അവർ ഊന്നുന്നത്. ജനങ്ങളുടെ ജീവിതബന്ധിയായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക വഴി ബിജു ജനതാദളിന്റെ വോട്ട്ബേങ്കിൽ വിള്ളലുണ്ടാക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
കോൺഗ്രസ്സിന് 2014ൽ ഒറ്റ സീറ്റിൽ പോലും ജയിക്കാനായില്ല. 2019ൽ ഒരിടത്ത് ജയിച്ചു. 21 മണ്ഡലങ്ങളിലും ബി ജെ ഡി, ബി ജെ പി നേർക്കുനേർ ഏറ്റുമുട്ടുന്നത് കോൺഗ്രസ്സിന് അനുകൂല ഘടകമാണ്. അതുകൊണ്ട് ഇത്തവണ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കാമെന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്.

കൂട്ടില്ലാതെ ബി ജെ പി
ബിജു ജനതാദളുമായി സഖ്യം ആഗ്രഹിച്ചാണ് ബി ജെ പി ഇത്തവണ ഇറങ്ങിയത്. പക്ഷേ, സീറ്റ് വിഭജനത്തെ ചൊല്ലി ആഗ്രഹം അലസി. മോദി ഫാക്ടർ തീരെ ഏശാത്ത സംസ്ഥാനമാണ് ഒഡിഷ. കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റുകൾ ഇക്കുറി എത്തിപ്പിടിക്കാൻ അവർക്ക് കഴിയില്ല. രാജ്യത്താകെ മോദി തരംഗം ഉണ്ടായി എന്ന് ബി ജെ പി അവകാശപ്പെടുന്ന 2014ൽ ഒഡിഷയിൽ നിന്ന് അവർക്ക് ഒരാളെയാണ് ലോക്‌സഭയിൽ എത്തിക്കാനായത്.

ഇത്തവണ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി വിയർക്കുമെന്ന് സർവേകൾ പറയുന്നു. അത് വഴിയുണ്ടാകുന്ന സീറ്റ് നഷ്ടം മറികടക്കാനാണ് അവർ ദക്ഷിണേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒഡിഷയിൽ രണ്ടക്കം കടക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള ആയുധമൊന്നും ബി ജെ പിയുടെ കൈയിലില്ല. മറ്റു സംസ്ഥാനങ്ങളിലേത് പോലെ വർഗീയത ചെലവാകില്ല എന്നറിയാവുന്നത് കൊണ്ട് വികസനത്തിൽ ഊന്നി പ്രചാരണം മുന്നോട്ടു കൊണ്ടുപോകുകയാണ്. നവീൻ പട്‌നായിക് എന്ന വേരുറപ്പുള്ള മരത്തെ മറിച്ചിടാൻ അതു മതിയാകില്ല എന്നതാണ് വസ്തുത.

പുതുവോട്ടർമാരും സ്ത്രീകളും
7.54 ലക്ഷം പുതിയ വോട്ടർമാരുണ്ട് സംസ്ഥാനത്ത്. അവർ എങ്ങനെ ചിന്തിക്കുന്നു എന്നത് കാത്തിരുന്ന് കാണണം. നിരവധി സ്ത്രീശാക്തീകരണ പദ്ധതികൾ നവീൻ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. സർക്കാർ സർവീസിലെ സ്ത്രീ ജീവനക്കാർക്ക് പത്ത് അധിക അവധി ദിനങ്ങൾ അനുവദിച്ചതുൾപ്പടെ പദ്ധതികൾ വോട്ടായി മാറുമെങ്കിൽ ബി ജെ ഡി തന്നെ ഇത്തവണയും കളം പിടിക്കും.

Latest