National
പ്രവൃത്തി പൂര്‍ത്തിയാകാത്ത ദേശീയ അതിവേഗ പാതകളിലെ ടോള്‍ നിരക്ക് കുറയ്ക്കും; പുതുക്കിയത് ഈമാസം 15 മുതല്‍ പ്രാബല്യത്തില്‍
പ്രവൃത്തി പാതിവഴിയില്‍ നില്‍ക്കുന്ന എക്‌സ്പ്രസ് ഹൈവേകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും.
ന്യൂഡല്‍ഹി | പ്രവൃത്തി പൂര്‍ത്തിയാകാത്ത ദേശീയ അതിവേഗ പാതകളിലെ ടോള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്രം. പുതുക്കിയ നിരക്ക് ഈമാസം 15 മുതല്‍ പ്രാബല്യത്തിലാകും. റോഡ് ഗതാഗത ദേശീയ പാത മന്ത്രാലയം നാഷണല്‍ ഹൈവേ ഫീ ചട്ടങ്ങള്‍, 2008 ആണ് ഭേദഗതി ചെയ്തത്. പ്രവൃത്തി പാതിവഴിയില്‍ നില്‍ക്കുന്ന എക്‌സ്പ്രസ് ഹൈവേകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും.
പാത പൂര്‍ണമായി തുറന്നു നല്‍കാത്ത സാഹചര്യത്തില്‍ പോലും സാധാരണ നിരക്കിനേക്കാള്‍ ഏകദേശം 25 ശതമാനത്തോളം കൂടുതല്‍ ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നത് യാത്രക്കാരെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഭേദഗതി പ്രകാരം, നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ മാത്രമേ സാധാരണ ദേശീയ പാതകളുടെ നിരക്കില്‍ ടോള്‍ ഈടാക്കുകയുള്ളൂ. ഒരു ദേശീയ അതിവേഗ പാത ഭാഗികമായി മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂവെങ്കില്‍, പൂര്‍ത്തിയായ ഭാഗങ്ങളില്‍ 2008ലെ ചട്ടങ്ങള്‍ അനുസരിച്ച് സാധാരണ ദേശീയ പാതയുടെ നിരക്കില്‍ ടോള്‍ ഈടാക്കും.
ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, ഭേദഗതി പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെയോ അല്ലെങ്കില്‍ എക്‌സ്പ്രസ്സ് വേ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നത് വരെയോ (ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ) പരിഷ്‌കരിച്ച ടോള്‍ നിരക്കുകള്‍ തുടരും. പാതയുടെ മുഴുവന്‍ ഭാഗവും തുറന്നുനല്‍കിക്കഴിഞ്ഞാല്‍ സാധാരണ നിരക്കുകള്‍ പുനഃസ്ഥാപിക്കപ്പെട്ടേക്കും.



