Connect with us

editorial

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ധൃതി ആർക്കു വേണ്ടി

2002 ൽ വോട്ടർപ്പട്ടികയിൽ തീവ്രപരിഷ്‌കരണം നടപ്പാക്കിയത് അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിലായിരുന്നില്ല. ബി എൽ ഒമാർക്ക് സമാധാനത്തോടെയും കൃത്യതയോടെയും അവരുടെ ജോലി പൂർത്തിയാക്കാനുള്ള സമയം അനുവദിച്ചു കൊണ്ടായിരുന്നു. ചില സംസ്ഥാനങ്ങളിൽ രണ്ട് വർഷമെടുത്താണ് ഇത് പൂർത്തീകരിച്ചത്.

Published

|

Last Updated

എസ് ഐ ആർ ജോലികൾക്ക് സ്‌കൂൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്താനുള്ള ഇലക്‌ഷൻ കമ്മീഷണറുടെ നീക്കം വിവേകരഹിതവും വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനവുമാണ്. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ കത്ത് മുഖേനയാണ് സംസ്ഥാനത്തെ വിദ്യാഭ്യാ സ്ഥാപനങ്ങളോട് എസ് ഐ ആർ പ്രവർത്തനങ്ങൾക്ക് ഈ മാസം 30 വരെ എൻ സി സി, എൻ എസ് എസ് വളണ്ടിയർമാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടത്. എന്യൂമറേഷൻ ഫോറം സ്വീകരിക്കാനും ഡിജിറ്റെസേഷനുമാണ് വിദ്യാർഥികളെ നിയോഗിക്കാൻ ഉദ്ദേശിക്കുന്നത്. എസ് ഐ ആർ ജോലി ഭാരം കൂടുതലായതിനാൽ ഇലക്‌ഷൻ കമ്മീഷൻ നിർദേശിക്കുന്ന തിയ്യതിക്കകം പൂർത്തിയാക്കാൻ പ്രയാസമാണെന്ന് ബി എൽ ഒമാർ അറിയിച്ചതിനെ തുടർന്ന് നിശ്ചിത തിയ്യതിക്കകം ജോലി തീർക്കണമെന്ന ഉറച്ച നിലപാടിലാണ് ഇലക്ഷൻ കമ്മീഷൻ.

അതേസമയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കടുത്ത വിയോജിപ്പാണ് ഈ നീക്കത്തോട്. വിദ്യാർഥികളെ എസ് ഐ ആർ ജോലിക്ക് നിയോഗിക്കാൻ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും എൻ സി സിയും എൻ എസ് എസും പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും അധ്യയനത്തിനു വിഘാതം സൃഷ്ടിച്ചു കൊണ്ടാകരുത്. അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ്സ് നഷ്ടപ്പെടുത്തി കുട്ടികളെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നത് ശരിയായ നടപടിക്രമമോ അംഗീകരിക്കാവുന്നതോ അല്ലെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലെയും അധ്യാപകർ എസ്‌ ഐ ആർ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. അർധ വാർഷിക പരീക്ഷ അടുത്തിരിക്കെ അധ്യാപകരുടെ അസാന്നിധ്യം സ്‌കൂളുകളിൽ പ്രതിസന്ധി സൃഷ്ടിച്ചതായും വിദ്യാർഥികളെ ഈ ജോലിക്ക് നിയോഗിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് പഠനഭാരം കൂടുതലാണെന്നു നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. ക്ലാസ്സുകൾ, പരീക്ഷകൾ, പ്രായോഗിക പഠനങ്ങൾ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ വിദ്യാർഥികളും അധ്യാപകരും കടന്നു പോകുന്നതിനിടെ എസ് ഐ ആർ ജോലിക്ക് വിദ്യാർഥികളെ നിയോഗിക്കുന്നത് അവരുടെ പഠനഭാരം പിന്നെയും വർധിക്കാനിടയാക്കും.

എന്തിനാണ് ഒന്നോ രണ്ടോ മാസം കൊണ്ട് വോട്ടർ പട്ടിക തീവ്രപരിഷ്‌കരണ പദ്ധതി പൂർത്തിയാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കം കൂട്ടുന്നത്. ബി എൽ ഒമാർക്ക് താങ്ങാവുന്നതിൽ കൂടുതൽ ജോലി നൽകി, കടുത്ത മാനസിക സമ്മർദത്തിലാക്കി പൂർത്തിയാക്കേണ്ട അടിയന്തര പ്രാധാന്യമെന്താണ് എസ് ഐ ആർ പദ്ധതിക്ക്? കൃത്യമായ വോട്ടർ പട്ടിക ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നത് ശരി. ബി എൽമാരുടെ ജീവൻ ബലി കൊടുത്തുവേണോ ഈ ദൗത്യം നിർവഹിക്കാൻ? 2002-ലാണ് ഇതിനു മുമ്പ് രാജ്യത്ത് വോട്ടർ പട്ടിക ശുദ്ധീകരണം നടന്നത്. പ്രസ്തുത പട്ടിക ഉപയോഗിച്ച് പിന്നീട് അഞ്ച് പൊതുതിരഞ്ഞെടുപ്പുകളും നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകളും നടന്നു. മോദി സർക്കാർ മൂന്ന് തവണ അധികാരത്തിലേറിയത് ഈ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ്. ഇപ്പോൾ പൊടുന്നനെ പ്രസ്തുത പട്ടികയിൽ ക്രമക്കേടുണ്ടെന്നും അടിയന്തരമായി “ശുദ്ധീകരണം’ നടത്തണമെന്നും കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും തോന്നിയതിനു പിന്നിലെ ബുദ്ധി കേന്ദ്രമേതാണ്?

തൊഴിൽ സമ്മർദം അസഹനീയമായതിനെ തുടർന്ന് പശ്ചിമബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, കേരളം തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബി എൽ ഒമാർ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുകയാണ്. ബംഗാളിൽ 28 ബി എൽ ഒമാർ ആത്മഹത്യ ചെയ്‌തെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി പറയുന്നത്. ജോലി ഭാരം കുറക്കണമെന്നും എസ് ഐ ആർ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയം ദീർഘിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ബി എൽ ഒമാർ സമരത്തിലാണ് പലയിടങ്ങളിലും. പക്ഷേ തിര. കമ്മീഷനു യാതൊരു കുലുക്കവുമില്ല. നേരത്തെ പ്രഖ്യാപിച്ച തിയ്യതിക്കകം പൂർത്തീകരിച്ചേ അടങ്ങൂവെന്ന പിടിവാശിയിലാണ് കമ്മീഷണർ.

2002-ൽ വോട്ടർപ്പട്ടികയിൽ തീവ്രപരിഷ്‌കരണം നടപ്പാക്കിയത് അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിലായിരുന്നില്ല. ബി എൽ ഒമാർക്ക് സമാധാനത്തോടെയും കൃത്യതയോടെയും അവരുടെ ജോലി പൂർത്തിയാക്കാനുള്ള സമയം അനുവദിച്ചു കൊണ്ടായിരുന്നു. ചില സംസ്ഥാനങ്ങളിൽ രണ്ട് വർഷമെടുത്താണ് ഇത് പൂർത്തീകരിച്ചത്. അന്നു ജോലി ഭാരം കൊണ്ട് ഒരൊറ്റ ബി എൽ ഒക്കും ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. പഠിപ്പു മുടക്കി വിദ്യാർഥകളെ ജോലിക്ക് നിയമിക്കേണ്ട സാഹചര്യവുമുണ്ടായില്ല.

ഡിജിറ്റൽ സംവിധാനമുപയോഗിച്ചു എസ് ഐ ആർ ജോലി ലഘൂകരിക്കാമെന്നാണ് ജോലിഭാരത്തെക്കുറിച്ചു പറയുമ്പോൾ കമ്മീഷന്റെ പ്രതികരണം. അതേസമയം ടെക്‌നോളജി തങ്ങൾക്ക് ഒരു സഹായമല്ല, ശിക്ഷയാണെന്നു ബി എൽ ഒമാർ പറയുന്നു. സ്ഥിരമായി ഹാംഗാകുന്ന പോർട്ടലുകൾ, പ്രവർത്തിക്കാത്ത ആപ്പുകൾ, ഫീൽഡിൽ നെറ്റ് വർക്ക് ഇല്ലാത്ത പ്രദേശങ്ങൾ, ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനു കുറഞ്ഞ സമയ പരിധി- ഇതാണ് പല ബി എൽ ഒമാരും നേരിടുന്ന സ്ഥിതിവിശേഷം. ഇത്യാദി കാരണങ്ങളാൽ ജോലികൾ താമസിച്ചാൽ ബിഎൽഒമാരുടെ നിരുത്തരവാദിത്വവും കാര്യശേഷിയില്ലായ്മയുമായി കുറ്റപ്പെടുത്തി പിന്നെയും അവരെ സമ്മർദത്തിലാക്കുകയും ചെയ്യും.

വോട്ടർപ്പട്ടിക കുറ്റമറ്റതാക്കുന്നതിൽ ഒതുങ്ങുന്നില്ല ജനാധിപത്യം. ജനാധിപ ത്യത്തെ സംരക്ഷിക്കുന്ന ബി എൽ ഒമാരെ പോലുള്ളവരുടെ മനുഷ്യാവകാശം സംരക്ഷിക്കലും ജനാധിപത്യത്തിൽ ഉൾപ്പെടുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം, മനുഷ്യ ജീവൻ കവർന്നെടുക്കുന്നുവെങ്കിൽ അത് ജനാധിപത്യമല്ല; ഭരണകൂട ഭീകരതയാണ്. താഴേക്കിട തൊഴിലാളികളെ മനുഷ്യരായി കാണാത്ത ഉന്നത ഉദ്യോഗസ്ഥ ലോബിയുടെ നിലപാട് രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിനു നാണക്കേടാണ്.

Latest