തെളിയോളം
ആടുന്ന കസേരയിൽ നിങ്ങളെങ്ങോട്ടാ!
അമിതചിന്തയെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം അതിനെ അടിച്ചമർത്തുകയല്ല, മറിച്ച് അതിന്റെ പരിഹാസ്യത ഓർത്ത് സ്വയം ചിരിക്കുന്നതാണ്. മറ്റുള്ളവരുടെ പ്രവൃത്തികളും പ്രതികരണങ്ങളും ഒരു നിശബ്ദ ചിത്രമായി കണ്ട് ലളിതമായി ദർശിക്കാൻ ശ്രമിക്കുക.

ഒരു ദിവസം, മുല്ല നസ്രുദ്ദീൻ അബദ്ധത്തിൽ ഒരു ചെറിയ കൈക്കണ്ണാടി താഴെ വീണു പൊട്ടിച്ചു. തകർന്ന കഷണങ്ങളിലേക്ക് നോക്കി അയാൾ മണിക്കൂറുകളോളം നിശബ്ദനായി ഇരുന്നു. ഇതുകണ്ട് അയൽക്കാരൻ ചോദിച്ചു: “നിർഭാഗ്യത്തെക്കുറിച്ച് ആലോചിച്ചിരിക്കുവാണോ?’ നസ്രുദ്ദീൻ: “അല്ല. ഞാൻ തീരുമാനിക്കാൻ ശ്രമിക്കുകയാണ്… ഈ ഓരോ കഷണത്തിലും ഞാൻ ഇപ്പോഴും സുന്ദരനാണോ? ഓരോ കഷണത്തിലും എന്റെ വ്യത്യസ്തമായ ഒരു പതിപ്പ് കാണിച്ചാലോ? ഞാൻ എപ്പോഴുമുള്ള നിരവധി ആളുകളായി ഉണ്ടായിരുന്നെങ്കിൽ, ഈ കണ്ണാടി മാത്രമാണ് എന്നെ ഒരുമിച്ച് നിർത്തിയിരുന്നതെങ്കിലോ!?’ അയൽക്കാരൻ ചിരിച്ചു കൊണ്ട് ചോദിച്ചു: “അല്ല, ഒരു പുതിയ കണ്ണാടി വാങ്ങേണ്ടേ?:’ നസ്രുദ്ദീൻ താടിക്ക് കൈകൊടുത്ത് : “ഹും. എന്റെ അഞ്ച് പതിപ്പുകളും ചർച്ച ചെയ്യേണ്ട കാര്യമാണിത്.’
ഏത് കാര്യത്തെയും അനാവശ്യമായ ഭാവനയോടെ സമീപിച്ച് ആകുലരാകുന്നവരെ കണ്ടിട്ടില്ലേ. ഇത്തരക്കാരുടെ ജീവിതത്തിൽ പ്രശ്നം ഒഴിഞ്ഞ നേരമുണ്ടാകില്ല. വെപ്രാളപ്പെട്ട് ഇറങ്ങിയപ്പോൾ രണ്ട് കാലിലും രണ്ട് നിറം സോക്സ് ആയി. മറ്റുള്ളവർ കണ്ടാൽ അവരെന്തൊക്കെ കരുതും എന്നാലോചിച്ച് ആ ദിവസം മുഴുവൻ വെപ്രാളം തുടരുന്നതിലെന്തർഥം.! “എല്ലാ സാഹചര്യങ്ങളെയും ഒരു ജീവൻ മരണ പ്രശ്നമായി കണ്ടാൽ, നിങ്ങൾ പലതവണ മരിക്കും’ എന്ന ഡീൻ സ്മിത്തിന്റെ ഒരു വചനമുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങളെ അമിതമായി ചിന്തിച്ച് വ്രണമാക്കുന്നവർ ഇതോർക്കണം. വെണ്ണ മുറിക്കാൻ വേണ്ടി ഒരാൾ ഈർച്ച വാൾ ഉപയോഗിക്കുന്നത് പോലെയാണ് ഇത്തരം അമിത ചിന്തകരുടെ കാര്യം. തലച്ചോറിലെ 47 ടാബുകൾ തുറന്ന്, എല്ലാം മന്ദഗതിയിലാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നതിന് തുല്യമായ മാനസികാവസ്ഥയിൽ വിചാരിച്ച കാര്യങ്ങൾ ഒന്നും വൃത്തിയായി നടക്കാതെ നിരാശയിൽ തുടരാനായിരിക്കും ഇവരുടെ വിധി.
“ആകുലത പലപ്പോഴും ചെറിയ കാര്യത്തിന് ഒരു വലിയ നിഴൽ നൽകുന്നു’ എന്ന് സ്വീഡിഷ് പഴഞ്ചൊല്ല്. പ്രശ്നങ്ങളെ അതർഹിക്കുന്ന പരിഗണനയിൽ കവിഞ്ഞ് കണ്ടുകൂടാ. നമ്മുടെ മനസ്സ് ഒരു പൂന്തോട്ടമായി സങ്കൽപ്പിച്ചാൽ ചിന്തകളാകുന്ന വിത്തുകളിൽ നിന്ന് നിങ്ങൾക്ക് പൂക്കൾ വിരിയുന്നതിനൊപ്പം ചുറ്റും കളകൾ വളരുന്നുണ്ടാകാം. കളകളെ പറിച്ചെറിയുന്നതിനു പകരം അതിന് വളമിട്ടു കൊടുക്കുമോ നാം!. പരാജയ ഭയം, ആത്മനിയന്ത്രണം സാധിക്കുന്നില്ല എന്ന തോന്നൽ, മുൻകാല തെറ്റുകൾ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിത വില കൽപ്പിക്കൽ, അന്യഗ്രഹ ആക്രമണങ്ങൾ ഉണ്ടാകുമോ എന്നതു പോലെയുള്ള വിദൂരസാധ്യമായ ഒട്ടേറെ അനന്തരഫലങ്ങൾ മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യണം എന്ന പെർഫെക്്ഷനിസ്റ്റ് വിചാരങ്ങൾ… ഇതൊക്കെയാണ് അമിത ചിന്തയിലേക്ക് നയിക്കുന്ന കാര്യങ്ങൾ.
അമിതചിന്തയെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം അതിനെ അടിച്ചമർത്തുകയല്ല, മറിച്ച് അതിന്റെ പരിഹാസ്യത ഓർത്ത് സ്വയം ചിരിക്കുന്നതാണ്. മറ്റുള്ളവരുടെ പ്രവൃത്തികളും പ്രതികരണങ്ങളും ഒരു നിശബ്ദ ചിത്രമായി കണ്ട് ലളിതമായി ദർശിക്കാൻ ശ്രമിക്കുക. “ഏയ് ഞാനയാളെ വിഷ് ചെയ്തിട്ടും തിരിച്ച് ഒന്ന് കൈവീശിക്കാണിക്കുക പോലും ചെയ്യാതിരുന്നത് അതുകൊണ്ടാവുമോ ഇത് കൊണ്ടാവുമോ?’ എന്നിങ്ങനെ പല തരം നെഗറ്റീവ് ഭാവനകളിലേക്ക് ആവർത്തിച്ച് വീണുപോകാതെ ബോധപൂർവം അവയിൽ നിന്ന് തെന്നിമാറുക. എന്തു കാര്യവും തെറ്റാകുമെന്ന് ആകുലപ്പെടുന്നത് നിർത്തി എന്തും ശരിയാകുമെന്ന് ആവേശഭരിതരാകുക. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളുടെ വിശകലനത്തിൽ ചെലവഴിക്കാൻ ജീവിതം വളരെ ചെറുതാണ്.
ഒരു തീരുമാനമെടുക്കുന്നതിനും, സന്ദേശം അയക്കുന്നതിനും രണ്ട് കാലിലും വ്യത്യസ്ത സോക്സ് ധരിക്കുന്നതിനും ഒരു കുഴപ്പമില്ല. കാരണം, നിങ്ങളുടെ ഉള്ളിലെ നാടക സംഘം കരുതുന്നത്ര ശ്രദ്ധ മാറ്റാർക്കും നിങ്ങളുടെ കാര്യത്തിലില്ല.”ആകുലത ഒരു ആടുന്ന കസേര പോലെയാണ്: അത് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ തരും, പക്ഷേ ഒരിക്കലും നിങ്ങളെ എവിടേക്കും എത്തിക്കില്ല.’ എന്ന് എർമ ബോംബെക്ക്.