local body election 2025
പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍...
സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം
കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്താണ് ആദ്യം എത്തേണ്ടത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം. രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പറും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും.
രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടർപ്പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്തെത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങും.
തുടര്‍ന്ന് ഇയാളുടെ ഇടത് ചൂണ്ടുവിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മഷികൊണ്ട് അടയാളപ്പെടുത്തും. പിന്നാലെ സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.
വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ സമ്മതിദായകനെ അനുവദിക്കും. വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂനിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂനിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാകും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂനിറ്റ് സജ്ജീകരിക്കുന്നത്. വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.
ഈ സമയത്ത് ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥി ബട്ടണിന് നേരെയുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് പ്രകാശിക്കുകയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്റെത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്റെത് ആകാശനീല നിറത്തിലുമായിരിക്കും. മൂന്നിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കാം.
നഗരസഭകളില്‍ ഒരു ബാലറ്റ് യൂനിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി.
എല്ലാം ഹരിത ബൂത്തുകള്‍
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിത ചട്ടം പാലിക്കും. ജില്ലയിലെ 3,097 ബൂത്തുകളിലും നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കില്ല. പകരം പ്രകൃതിസൗഹൃദ വസ്തുക്കളാണ് ഉപയോഗിക്കുക. നിര്‍ദേശങ്ങള്‍ പേപ്പറുകളില്‍ പ്രിന്റ് ചെയ്ത് ഒട്ടിക്കും. ഫ്ലക്സ് പോലുള്ള വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കും. ഭക്ഷണ വിതരണം കുടുംബശ്രീ മുഖേനയായിരിക്കും. കുടിവെള്ള വിതരണത്തിന് എല്ലാ ബൂത്തുകളിലും വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സജ്ജീകരിക്കും.
ഗ്രീന്‍ പ്രോട്ടോകോള്‍ പരിശോധനകള്‍ക്ക് എല്ലാ ബൂത്തുകളിലും ഹരിത കര്‍മസേന വളണ്ടിയര്‍മാരെ നിയോഗിക്കും. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മസേനക്ക് കൈമാറണം. ജില്ലയില്‍ തിരഞ്ഞെടുത്ത 200 ബൂത്തുകളെ മാതൃകാ ഹരിത ബൂത്തുകളാക്കുമെന്നും ജില്ലാതല ഗ്രീന്‍ പ്രോട്ടോകോള്‍ കണ്‍വീനര്‍ ഇ ടി രാകേഷ് അറിയിച്ചു.
നോട്ട ഇല്ല; എന്‍ഡ് ബട്ടണ്‍
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനില്‍ നോട്ട രേഖപ്പെടുത്താന്‍ കഴിയില്ല. വി വി പാറ്റ് മെഷീനുമുണ്ടാകില്ല. നോട്ടക്ക് പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ “എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ചുവപ്പ് നിറത്തിലുള്ള എന്‍ഡ് ബട്ടണ്‍ ഉള്ളത്. ഇഷ്ടമുള്ള തലത്തിലേക്ക് മാത്രം വോട്ടുചെയ്ത ശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്.
ഉപയോഗിക്കാവുന്ന രേഖകള്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടേഴ്സ് സ്ലിപ്പ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ് എസ് എല്‍ സി ബുക്ക്, ദേശസാത്കൃത ബേങ്കിന്റെ ഫോട്ടോ പതിച്ച പാസ്സ്ബുക്ക്.
6,328 സ്ഥാനാര്‍ഥികള്‍
വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉള്‍പ്പെടെ 6,328 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 111, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 604, ഗ്രാമപഞ്ചായത്തുകളിലേക്ക് 4,424, കോര്‍പറേഷനിലേക്ക് 326, നഗരസഭകളിലേക്ക് 863 എന്നിങ്ങനെയാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍.


