Fifa World Cup 2022
കാൽപന്ത് കളിയിൽ വിസ്മയച്ചെപ്പു തുറക്കുമ്പോൾ
മലയാളികളുടെ ശാദ്വല ഭൂമിയാണ് ഗൾഫ്. മറ്റെല്ലാ സമൂഹത്തെക്കാൾ കേരളീയരുടെ സാന്നിധ്യമുണ്ട്.

ലോക കായിക മത്സരങ്ങളിൽ ഏറ്റവും വിസ്മയിപ്പിച്ച മുഹൂർത്തമേതായിരുന്നു? അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാൽ എല്ലാ കായികമത്സരങ്ങളെയും കണക്കാക്കിയാൽ അവയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫുട്‍ബോളിലെ ഗോൾ ആയിരിക്കുമെന്നതിൽ തർക്കമില്ല. മനുഷ്യകായിക ശേഷിയുടെ അപാരമായ ഔന്നിത്യവും മനോഹാരിതയും അവിടങ്ങളിൽ വെളിവാക്കപ്പെട്ടുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയുടെ ഡീഗോ മറഡോണ, 1986 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരെ നേടിയ അമാനുഷിക ഗോൾ ആയി. ഇംഗ്ളണ്ട് പ്രതിരോധ നിര ലോകത്തിലെ തന്നെ മികച്ചതായിരുന്നു. അർജന്റീനയുടെ ഭാഗത്തു നിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മറഡോണ ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയെ കീറിമുറിച്ചു . നാല് കളിക്കാരെയാണ് ഒന്നൊന്നായി വെട്ടിച്ചത് .മുന്നിൽ ഇംഗ്ലണ്ട് ഗോൾ കീപ്പർ മാത്രം .കണ്ണഞ്ചിക്കുന്ന വേഗത്തിൽ പന്ത് വലയിൽ .എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു .വേഗം ,മെയ്‌വഴക്കം,ബുദ്ധി വൈഭവം ഒക്കെ ഒരേ അനുപാതത്തിൽ സമ്മേളിച്ചിരുന്നു .മുമ്പ് ,മറ്റൊരു ലോകകപ്പിൽ ബ്രസീലിന്റെ പെലെ,ബൈസൈക്കിൾ കിക്കിലൂടെ നേടിയ ഗോൾ ,ഡെച്ച് പ്രതിഭ മാർകോവാൻബാസ്റ്റൻ കോർണർ വരയിൽ നിന്ന് തൊടുത്ത മഴവിൽ കിക്ക് എന്നിവയൊക്കെ അത്ഭുതപ്പെടുത്തുന്നതാണ് .ആളുകളെ ഫുട്‍ബോളിലേക്കു ആകർഷിക്കുന്നത് ഇത്തരം ചാരുതകളാണ് .ഓരോ ലോകകപ്പ് വരുമ്പോഴും ഭൂഗോളം രണ്ട് ഗോൾ പോസ്റ്റുകൾക്കിടയിൽ ചതുര മൈതാനത്തേക്ക് ചുരുങ്ങുന്നു .കാൽപന്ത് കളി കാൽപനിക കവിതയാകുന്നു .
മരുഭൂമിയുടെ ഊർജം
ഇത്തവണ ലോകകപ്പ് ,മരുഭൂമിയിലെ അയൽകൂട്ടങ്ങളിലൊന്നിൽ ഖത്വറിൽ ആണെന്നതിൽ അറബ് സമൂഹത്തിനു അഭിമാനകരം .അറബ് ചരിത്രത്തിലെ നാഴികക്കല്ലെന്നു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം വിശേഷിപ്പിച്ചു .എല്ലാ വഴികളും ഖത്വറിലേക്കു തിരിഞ്ഞിട്ടുണ്ട് . മലയാളികളുടെ ശാദ്വല ഭൂമിയാണ് ഗൾഫ്. മറ്റെല്ലാ സമൂഹത്തെക്കാൾ കേരളീയരുടെ സാന്നിധ്യമുണ്ട്. പൊതുവെ ,കേരളം ഫുട്‍ബോളിനെ നെഞ്ചേറ്റിയ പ്രദേശം .ഖത്വറിൽ പന്തുരുളുമ്പോൾ കേരളത്തിലെ ഓരോ ഗ്രാമത്തിലും ആരവമുയരും .ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ ഖത്വറിലേക്കു തുറന്നു വെച്ചിരിക്കുന്നു .ആളുകൾ ദോഹ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു .ഇതിൽ മലയാളികൾ ധാരാളം .അവരിൽ പലരും ചേരിതിരിഞ്ഞു ബ്രസീൽ ,അർജന്റീന ,പോർച്ചുഗൽ പതാകയേന്തിയിരിക്കുന്നു .ഗൾഫ് നഗരങ്ങളിൽ നിന്ന് റോഡ് വഴി യാത്ര പോകുന്നവരുണ്ട് .ദുബൈയിൽ നിന്ന് സഊദി അറേബ്യയിലൂടെയാണ് യാത്ര .എട്ട് മണിക്കൂർ കൊണ്ട് ദോഹയിലെത്താം .വിമാനയാത്രക്ക് ഒരു മണിക്കൂർ വേണ്ട .പക്ഷെ ടിക്കറ്റ് കിട്ടാനില്ല .ഒരു കളിയുടെയെങ്കിലും ടിക്കറ്റ് ഒപ്പിച്ചു ദോഹയിൽ പോയി വരാനിരിക്കുന്നവരുണ്ട് .ദോഹയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ദുബൈ വഴിയാണ് ആളുകൾ ടിക്കറ്റെടുത്തിരിക്കുന്നത് .ദുബൈ ഇത് മുന്നിൽ കണ്ട് വിമാനത്താവളങ്ങളിലും മറ്റും മികച്ച സൗകര്യമൊരുക്കി .ദുബൈ രാജ്യാന്തര വിമാനത്താവളത്തിനും മക്‌തൂം വിമാനത്താവളത്തിനുമിടയിൽ പൊതു വാഹനങ്ങൾ വർധിപ്പിച്ചു .മക്‌തൂം വിമാനത്താവളത്തിൽ നിന്ന് ദിവസവും ദോഹയിലേക്കും തിരിച്ചും വിമാനങ്ങൾ ഷട്ടിൽ ചെയ്യും .ഖത്വർ ലോകകപ്പ് സ്വന്തം കായിക മാമാങ്കമായി ഗൾഫ് രാജ്യങ്ങൾ കാണുന്നു .വിജയിപ്പിക്കാൻ ശ്രമിക്കുന്നു .അഭിപ്രായ വ്യത്യാസങ്ങൾ തത്കാലം മാറ്റിവെച്ചിരിക്കുന്നു .ഇനി 120 ദിവസത്തോളം ഗൾഫ് രാത്രികൾ കാൽപന്ത് കളിയുടെ പ്രകാശത്തിൽ ആറാടും .റെസ്റ്റോറന്റുകൾ ,ഹോട്ടലുകൾ ,ഫാൻ സോണുകൾ ഗോളാരവത്തെ എതിരേൽക്കും .
അറബ് സാധ്യത