articles
ഫ്രാൻസ് നിലപാട് പ്രഖ്യാപിക്കുന്പോൾ
ഇസ്‌റാഈലും ഫലസ്തീനും പൂർണ പരമാധികാര രാഷ്ട്രങ്ങളായി സഹവർത്തിക്കണമെന്നും ആക്രമണത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം അവസാനിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് സുപ്രധാന യൂറോപ്യൻ ശക്തിയായ ഫ്രാൻസിന്റെ നിലപാട്. ഫലസ്തീൻ ജനതക്ക് പൗരാവകാശങ്ങളും സ്വയം നിർണയാവകാശങ്ങളും സാധ്യമാക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്കുള്ള പരിഹാരമെന്ന തിരിച്ചറിവ് ഫ്രാൻസിന്റെ ഈ തീരുമാനത്തിനകത്തുണ്ട്.

ഫലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവേൽ മാക്രോൺ വ്യക്തമാക്കിയിരിക്കുന്നു. സെപ്തംബറിൽ നടക്കുന്ന യു എൻ സമ്മേളനത്തിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ഇസ്‌റാഈലും ഫലസ്തീനും പൂർണ പരമാധികാര രാഷ്ട്രങ്ങളായി സഹവർത്തിക്കണമെന്നും ആക്രമണത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം അവസാനിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് സുപ്രധാന യൂറോപ്യൻ ശക്തിയായ ഫ്രാൻസിന്റെ നിലപാട്. ഫലസ്തീനെ അംഗീകരിക്കുന്ന ആദ്യ ജ7 രാജ്യമാണ് ഫ്രാൻസ്. യു എൻ രക്ഷാസമിതി സ്ഥിരാംഗമാണ്.
ഫലസ്തീൻ ജനതക്ക് പൗരാവകാശങ്ങളും സ്വയം നിർണയാവകാശങ്ങളും സാധ്യമാക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്കുള്ള യഥാർഥ പരിഹാരമെന്ന തിരിച്ചറിവ് ഫ്രാൻസിന്റെ തീരുമാനത്തിലുണ്ട്. ക്രൂരമായ ആക്രമണങ്ങളും അധിനിവേശവും പട്ടിണിയും സഞ്ചാരവിലക്കുകളും അനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് നടത്താവുന്ന ഏറ്റവും മഹത്തായ ഐക്യദാർഢ്യം “നിങ്ങളെ ഞങ്ങൾ ഒരു രാഷ്ട്രമായി കാണുന്നു’വെന്ന പ്രഖ്യാപനം തന്നെയായിരിക്കും.
ഫ്രാൻസിന്റെ നിലപാടിനെ നിശിതമായി വിമർശിച്ച് യു എസും ഇസ്‌റാഈലും രംഗത്തുവന്നുവെന്നത് തന്നെ ഈ പ്രഖ്യാപനത്തിന്റെ പ്രധാന്യം വിളിച്ചോതുന്നുണ്ട്. 2023 ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിക്കുന്നതിനു തുല്യമാണ് ഫ്രാൻസിന്റെ നിലപാടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ പറയുന്നു. ഹമാസിനെ പിന്തുണക്കുകയാണ് ഫ്രാൻസെന്ന് വലിയ കുറ്റം ചെയ്‌തെന്ന പോലെ പറഞ്ഞുവെക്കുന്നുമുണ്ട് റൂബിയോ.
ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്‌റാഈലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറയുന്നു. ഫലസ്തീന് മേലുള്ള അധിനിവേശ ആക്രമണം ഒക്‌ടോബർ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തോടെ തുടങ്ങിയതാണെന്ന നുണ ആവർത്തിക്കുകയാണ് റൂബിയോ ചെയ്യുന്നത്. നെതന്യാഹുവാകട്ടേ, നിരായുധരും നിരാലംബരുമായ ഒരു ജനതയെ ചൂണ്ടി അവർ ഞങ്ങളെ ആക്രമിക്കുന്നേയെന്ന വ്യാജ വിലാപവും നടത്തുന്നു. ഇസ്‌റാഈൽ അതിക്രമത്തെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് ഹമാസിനെ പിന്തുണക്കലാകുക. അല്ലെങ്കിൽ ഹമാസിനെ പിന്തുണക്കുന്നത് എങ്ങനെയാണ് ഒരു പാതകമാകുക.
ലോകത്താകെ അലയടിക്കുന്ന ഫലസ്തീൻ അനുകൂല തരംഗത്തിന് ശക്തിയേറുന്നുവെന്നതിന്റെ തെളിവാണ് ഫ്രാൻസിന്റെ പ്രഖ്യാപനം. ഗസ്സയിൽ മരിച്ചുവീണ കുഞ്ഞുങ്ങളുടെ ചോര വൃഥാവിലാകുന്നില്ല. നാലുപാടും വളയപ്പെട്ട് പട്ടിണി കിടന്ന് മരിക്കുന്ന കുഞ്ഞുങ്ങളോട്, നിങ്ങളുടെ അടുത്ത തലമുറയെങ്കിലും പൗരാവകാശങ്ങളോടെ നിവർന്ന് നിൽക്കുമെന്ന് പ്രതീക്ഷാപൂർവം പറയാൻ സാധിക്കുന്നത് ചെറിയ കാര്യമല്ല. നീതിയുക്തമായ ഫലസ്തീൻ രാഷ്ട്രം ഉറപ്പുവരുത്തുന്ന ദ്വിരാഷ്ട്ര പരിഹാര സാധ്യതയെ വീറ്റോ അധികാരം കൊണ്ട് അമേരിക്ക അരിഞ്ഞുവീഴ്ത്തുമെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും ഫ്രാൻസിന്റെ പ്രഖ്യാപനത്തിൽ ആവേശം കൊള്ളേണ്ടിയിരിക്കുന്നു.
ഇസ്‌റാഈലിന്റെ നാലാമത്തെ പ്രധാനമന്ത്രിയും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായ ഗോൾഡാ മെയ്‌റിനോട് 1969ൽ സൺഡേ ടൈംസ് ലേഖകൻ ചോദിക്കുന്നുണ്ട്: “ഈ നിലയിൽ ബലാത്കാരമായി അതിർത്തി വ്യാപിപ്പിച്ചാൽ ഒരു കാലത്ത് ലോകം ചോദിക്കില്ലേ, ഫലസ്തീൻ എവിടെയായിരുന്നുവെന്ന്. ഒരിത്തിരി മണ്ണു പോലും അവശേഷിപ്പിക്കാതെ സ്വന്തമാക്കാൻ തന്നെയാണോ പദ്ധതി?’ ഗോൾഡ നൽകിയ മറുപടി ഇതായിരുന്നു: “അന്ന് ഫലസ്തീൻ എന്ന പേര് ആര് ഉച്ചരിക്കും? ഫലസ്തീൻ ഒരിക്കലും ഉണ്ടായിരുന്നില്ല’. പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇസ്‌റാഈൽ രാഷ്ട്രം നിർമിക്കാൻ കൈപൊക്കിയ ഒരു യൂറോപ്യൻ രാഷ്ട്രം കൂടി ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടി പച്ചക്കൊടി വീശുകയാണ്. ഗോൾഡക്കും “ഭാഗികമായ ജൂതരാഷ്ട്രം ഒരു അവസാനമല്ല, ആരംഭമാണ്; ചുറ്റിലേക്കും ഞങ്ങൾ വളരു’മെന്ന് പ്രഖ്യാപിച്ച ഇസ്‌റാഈലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയനും ചരിത്രം നൽകുന്ന മറുപടിയാണ് മാക്രോണിനെപ്പോലുള്ളവരുടെ വാക്കുകൾ.
കഴിഞ്ഞ ജൂണിൽ ഫലസ്തീൻ വിഷയത്തിൽ ഉച്ചകോടി വിളിച്ചിരുന്നു ഫ്രാൻസ്. ഇറാൻ-ഇസ്റാഈൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. 2014ൽ ഫ്രഞ്ച് പാർലിമെന്റ്ഫലസ്തീൻ രാഷ്ട്ര പ്രമേയം പാസ്സാക്കിയിരുന്നു. ഫ്രാൻസ് തുടർന്നുവരുന്ന ഫലസ്തീൻ അനുകൂല സമീപനം ഇപ്പോൾ ഉച്ചത്തിൽ രേഖപ്പെടുത്തുന്നതിന് ചില രാഷ്ട്രീയ കാരണങ്ങൾ കൂടിയുണ്ട്. നാറ്റോയിലെ അഭിപ്രായവ്യത്യാസമാണ് ഇതിൽ പ്രധാനം. രണ്ടാം ലോകമഹായുദ്ധാനന്തരം നിലവിൽ വന്ന, ലോകചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഖ്യങ്ങളിലൊന്നാണ് നോർത്ത് അറ്റ്്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ. 1949ൽ യൂറോപ്പിലെ പത്ത് രാജ്യങ്ങളും അമേരിക്കയും കാനഡയും ചേർന്നാണ് നാറ്റോക്ക് തുടക്കം കുറിച്ചത്. സോവിയറ്റ് യൂനിയനുയർത്തുന്ന ഭീഷണി മറികടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സോവിയറ്റ് യൂനിയൻ തകർന്നിട്ടും നാറ്റോ പിരിച്ചുവിട്ടില്ല. അമേരിക്കയുടെ മേധാവിത്വം പൂർണമായി അംഗീകരിക്കുന്ന വൻ ശക്തികളുടെ സംഘടനയായി നാറ്റോ മാറി. അമേരിക്കയുടെ ശത്രുവായതിനാൽ നാറ്റോ അംഗരാജ്യങ്ങളുടെയും ശത്രുവായി റഷ്യ മാറി. റഷ്യക്ക് ചുറ്റുമുള്ള രാജ്യങ്ങൾക്ക് നാറ്റോ അംഗത്വം നൽകുകയും ആയുധമണിയിക്കുകയും ചെയ്യുകയെന്നത് നാറ്റോയുടെ പ്രധാന അജൻഡയായി.
അങ്ങനെയാണ് യുക്രൈനെ ജോ ബൈഡൻ നാറ്റോയുടെ ഭാഗമാക്കാൻ നോക്കിയത്. അത് അനുവദിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയ്യാറാകാതിരുന്നതോടെ റഷ്യ- യുക്രൈൻ യുദ്ധത്തിന് തുടക്കമായി. യുക്രൈനെ സഹായിച്ചുകൊണ്ടേയിരിക്കുകയെന്നത് നാറ്റോയുടെ ബാധ്യതായി മാറുകയായിരുന്നു. യു എസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ മുൻഗണനകൾ അപ്പടി മാറി. യുക്രൈനിൽ പണം വാരിയെറിയുന്നതിനോടും റഷ്യയെ ഒരു പരിധിക്കപ്പുറം എതിർക്കുന്നതിനോടും തനിക്ക് താത്പര്യമില്ലെന്ന് ട്രംപ് തുറന്നടിച്ചു. യുക്രൈൻ പ്രസിഡന്റ് വൊളോദമിർ സെലൻസ്‌കിയെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി അപമാനിച്ചു.
യുക്രൈൻ- റഷ്യ സംഘർഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റാണ് നാറ്റോയുടെ ശത്രുതാ പൂർത്തീകരണത്തേക്കാൾ ട്രംപിന് പ്രധാനമായി തോന്നുന്നത്. നാറ്റോയുമായി അക്ഷരാർഥത്തിൽ ട്രംപ് കലഹിച്ചു. അമേരിക്കയില്ലാതെ മുന്നോട്ട് പോകേണ്ടിവരുമെന്ന നിലയിൽ നാറ്റോയിലെ യൂറോപ്യൻ ശക്തികൾ ചർച്ച സജീവമാക്കുകയും ചെയ്തു. റഷ്യ തന്നെയാണ് ഒന്നാം ശത്രുവെന്ന് അവർ ഉരുവിട്ടുറപ്പിച്ചു. എന്നാൽ ട്രംപിന് ശത്രുത ചൈനയോടായിരുന്നു. നാറ്റോക്ക് വേണ്ടി വൻ തുക ചെലവിടുന്നത് വേസ്റ്റാണെന്ന നിലപാടിലാണ് ട്രംപ്.
ഈ അഭിപ്രായഭിന്നത മറ്റു നിരവധി വിഷയങ്ങളിലേക്ക് വ്യാപിക്കുന്നതാണ് പിന്നെ കണ്ടത്. തീരുവ യുദ്ധത്തിൽ അത് വ്യക്തമായി കണ്ടു. സുഹൃത് രാജ്യങ്ങളെപ്പോലും ട്രംപ് വെറുതെ വിട്ടില്ല. ഇ യു രാജ്യങ്ങൾക്കും കാനഡക്കുമെല്ലാം ട്രംപിനോട് കലിപ്പുണ്ടാകാൻ മറ്റൊന്നും വേണ്ടല്ലോ. വ്യാപാരത്തിലും സാമ്പത്തികത്തിലും തൊട്ടാൽ ആർക്കാണ് പൊള്ളാത്തത്. ഹേഗിൽ ഇക്കഴിഞ്ഞ ജൂണിൽ നടന്ന നാറ്റോ സമ്മിറ്റിൽ ട്രംപിനെ പിണക്കാതിരിക്കാൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായെങ്കിലും നിരവധി വിഷയങ്ങളിൽ ട്രംപിന് വിപരീതം നിൽക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കൂടി ഫ്രാൻസിന്റെ ഫലസ്തീൻ നയപ്രഖ്യാപനത്തെ കാണാവുന്നതാണ്. താരിഫ് വാൾ വീശിയും ഇന്ത്യൻ യുവാക്കൾക്ക് തൊഴിൽ നിഷേധിക്കുമെന്ന് ആക്രോശിച്ചും പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇടപെട്ടുവെന്ന് പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞും ട്രംപ് ന്യൂഡൽഹിയെ ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ബ്രിട്ടനും ഇന്ത്യയും സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവെച്ചതെന്നോർക്കണം.
ഈ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചത് ഫ്രാൻസിന്റെ തീരുമാനത്തിന്റെ പ്രസക്തിയോ വിശുദ്ധിയോ ചോദ്യം ചെയ്യാനല്ല. രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന പെരും നുണയുടെ പുറത്താണ് ജൂതരാഷ്ട്രം സ്ഥാപിതമായതെന്ന യാഥാർഥ്യം ഒരിക്കൽ കൂടി ആധികാരികമായി ലോകത്തോട് വിളിച്ചു പറയുന്നത് തന്നെയാണ് ഫ്രാൻസിന്റെ ഐക്യദാർഢ്യം. ജ്യൂയിഷ് സ്റ്റേറ്റ് പുസ്തകം തിയോഡർ ഹെർസൽ എഴുതുമ്പോൾ നിർദിഷ്ട ജൂതരാജ്യം എവിടെയാണെന്ന് ആർക്കും അറിയുമായിരുന്നില്ല. പിന്നീട് 1897ൽ സ്വിറ്റ്‌സർലാൻഡിലെ ബേസിലിൽ ചേർന്ന ആദ്യ ലോക ജൂത സമ്മേളനം ഈ ആശയത്തിന്റെ പൂർത്തീകരണത്തിനായി ആഹ്വാനം ചെയ്തു. ബ്രിട്ടനും ഫ്രാൻസും അറേബ്യയിലെ സഊദ് ഭരണകൂടവുമൊക്കെ ചേർന്നുള്ള ഭൗമ രാഷ്ട്രീയ നീക്കുപോക്കുകൾക്കൊടുവിൽ ഇന്ന് കാണുന്ന ഭൂവിഭാഗത്തിൽ ജൂത സമൂഹത്തെ കുടിയിരുത്താൻ തീരുമാനിക്കുമ്പോൾ അവിടെ ജനതയുണ്ടായിരുന്നു. ആ തദ്ദേശീയ ജനതയോട് അഭിപ്രായം ചോദിച്ചായിരുന്നില്ല കൊട്ടാരങ്ങളിൽ കരാറുകൾ പിറന്നത്.
പിന്നെ അക്രമാസക്ത ജൂത കുടിയേറ്റത്തിന്റെ നാളുകളായിരുന്നു. പലയിടങ്ങളിൽ നിന്നായി സ്വരൂപിച്ച പണവും ആയുധങ്ങളുമായി വന്നവർ അറബ് സമൂഹത്തിന് മേൽ മരണം വിതച്ചു. എത്രയെത്ര നഖ്ബകൾ. കൂട്ടക്കുരുതികൾ. ഇന്നും തുടരുന്ന ഈ അതിക്രമങ്ങൾ തടയാൻ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടോ? യു എന്നിന്റെ ഏതെങ്കിലും പ്രമേയത്തിന് കടലാസ് വിലയുണ്ടോ? നാലാം ജനീവ കൺവെൻഷനിൽ എഴുതി വെച്ചിട്ടുണ്ട്, അധിനിവേശ ഭൂമിയിലേക്ക് അക്രമി രാഷ്ട്രം ജനങ്ങളെ കയറ്റി വിടരുതെന്ന്. തർക്കം നിലനിൽക്കുന്നതോ യുദ്ധത്തിൽ പിടിച്ചെടുത്തതോ ആയ ഭൂമിയിൽ പരമ്പരാഗതമായി താമസിക്കുന്നവർക്കാണ് അവകാശമെന്നും അതിലുണ്ട്.
1949ലും 1967ലുമായി യു എൻ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയങ്ങൾ അധിനിവേശവും അതിന്റെ ഭാഗമായുള്ള മനുഷ്യാവകാശ ലംഘനങ്ങളും കർശനമായി വിലക്കിയതാണ്. വലിയ ആഘോഷമായി എഴുന്നള്ളിക്കപ്പെട്ട ഓസ്‌ലോ കരാറും ക്യാമ്പ് ഡേവിഡ് കരാറും (ഫലസ്തീൻ അവകാശങ്ങൾക്ക് വിരുദ്ധമാണെങ്കിൽ കൂടിയും) ദ്വിരാഷ്ട്ര സഹവർത്തിത്വമാണ് മുന്നോട്ട് വെക്കുന്നത്. ജോർദാന്റെ മധ്യസ്ഥതയിൽ പിറന്ന നിരവധി ഉഭയകക്ഷി കരാറുകൾ വേറെയുമുണ്ട്. ഇതൊന്നും ഇസ്‌റാഈൽ അധിനിവേശം നിർബാധം തുടരുന്നതിന് തടസ്സമായിട്ടില്ല. കിഴക്കൻ ജറൂസലം ഇസ്‌റാഈലിന്റെ കൈയിലാണ്. വെസ്റ്റ് ബാങ്കിന്റെ നല്ല പങ്കിലും അധിനിവേശം സ്ഥാപിച്ചുകഴിഞ്ഞു. ഗസ്സ കൂടി പിടിച്ചടക്കാനാണ് നിരന്തരം കൂട്ടക്കുരുതി നടത്തുന്നത്. മനുഷ്യരെ പട്ടണിക്കിട്ട് കൊല്ലുന്നത്.
ദ്വിരാഷ്ട്ര പരിഹാരം മറ്റൊരു ചതിയായി മാറിക്കൂടാ. ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് ഫലസ്തീന്റെ മുഴുവൻ അവകാശവും അറബികളുടേതായിരിക്കെ അവിടെ ബാൽഫർ പ്രഖ്യാപനത്തിന്റെയും യു എസ് രക്ഷാകർതൃത്വത്തിന്റെയും യു എന്നിലെ വീറ്റോ അധികാരത്തിന്റെയും ബലത്തിൽ ഇസ്‌റാഈൽ സ്ഥാപിച്ചതേ തെറ്റ്. യു എൻ വരച്ച അതിർത്തിയിലെങ്കിലും ഇസ്‌റാഈലിനെ ഒതുക്കി നിർത്താനായാൽ ആ തെറ്റിന് ചെറിയൊരു പ്രായശ്ചിത്തം ചെയ്യാൻ ആഗോള സമൂഹത്തിന് സാധിച്ചുവെന്ന് പറയാം. അംഗഛേദം വരുത്തി ചോരയൊലിപ്പിച്ച് നിൽക്കുന്ന ഫലസ്തീനാണ് ഫ്രാൻസ് അടക്കമുള്ളവർ മുന്നോട്ട് വെക്കുന്ന രാഷ്ട്രമെങ്കിൽ പതിറ്റാണ്ടുകൾ പോരാടിയ ഈ ജനത അത് വകവെച്ച്‌കൊടുക്കില്ല.