Connect with us

Siraj Article

മഹാത്മജിക്ക് ഇഷ്ടമായത് സംഘ്പരിവാറിന് അനിഷ്ടമാകും

ഭരണഘടന തന്നെ ഇവര്‍ക്ക് തെറ്റാണെന്നു തോന്നാനുള്ള പ്രധാന കാരണം അതിലെ ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യം-സമത്വം എന്ന സങ്കല്‍പ്പങ്ങളുമാണല്ലോ. ഇതിനു പകരം മനുസ്മൃതി അടിസ്ഥാനമാക്കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയും സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയവും മുന്നോട്ടു വെക്കുന്ന കൂട്ടര്‍ക്ക് ഇത്തരം മതേതരത്വ ശബ്ദങ്ങള്‍ സ്വീകാര്യമാകാത്തതില്‍ അത്ഭുതമില്ല

Published

|

Last Updated

ഹാത്മാ ഗാന്ധിയെ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്തിനാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗാനത്തിന്റെ ആവശ്യം? റിപ്പബ്ലിക് ദിന പരേഡിന്റെ സമാപന ചടങ്ങായ ബീറ്റിംഗ് ദി റിട്രീറ്റ് എന്ന സംഗീത പരിപാടിയില്‍ നിന്ന് മഹാത്മജിക്ക് ഏറെ പ്രിയപ്പട്ട ഒരു ഗാനം ഒഴിവാക്കിയതിനെ ചൊല്ലി ഉയര്‍ന്നുവന്ന പുതിയ വിവാദത്തെ സംബന്ധിച്ച് ചിന്തിച്ചപ്പോള്‍ തോന്നിയതാണ് ഇത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ് വരുന്ന ജനുവരി 26ന് നമ്മള്‍ ആഘോഷിക്കുന്നത്. അല്‍പ്പം ചില അപചയങ്ങള്‍ ഉണ്ടായി എങ്കില്‍ പോലും ഇത്രയും കാലം ഒരു ജനാധിപത്യ വ്യവസ്ഥിതി ഇന്ത്യയില്‍ നിലനിന്നു. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും അതില്ലാതായ അനുഭവം നമ്മുടെ മുന്നില്‍ ഉണ്ട്. ഇങ്ങനെ നമ്മെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട് ഒരു ജനാധിപത്യത്തിന് കീഴില്‍ നിലനിര്‍ത്തുന്നതില്‍ ഏറെ നിര്‍ണായക പങ്കാണ് നമ്മുടെ ഭരണഘടന നിര്‍വഹിച്ചത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളില്‍ അടിയുറച്ച ഈ ഭരണഘടന ഉണ്ടായത് തന്നെ ഇന്ത്യന്‍ മതേതര മൂല്യങ്ങളില്‍ കാലുറപ്പിച്ചുകൊണ്ട് മഹാത്മജി മുന്നോട്ടു നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായാണ്. ആ ഭരണഘടനയില്‍ നമുക്കുള്ള വിശ്വാസം ഉറപ്പിച്ചു പ്രഖ്യാപിക്കുന്നതാണ് ഈ റിപ്പബ്ലിക് ദിന പരേഡും അതിന്റെ അവസാനച്ചടങ്ങും എന്നതിനാല്‍ തന്നെ അതിനെ എങ്ങനെ കാണാം എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുള്ളവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തുകയും അതിന്റെ മുഖമായി സൈന്യത്തെ മാത്രം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ഒരു തരം ദേശീയതയിലാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന സംഘ്പരിവാറിന് താത്പര്യം എന്നതൊരു രഹസ്യമല്ല. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള സ്വാതന്ത്ര്യ സമരം നടത്തിയിട്ടുണ്ടെങ്കില്‍ അത് മുഗള്‍ ഭരണത്തിനെതിരായി നടത്തിയ ചില പോരാട്ടങ്ങള്‍ മാത്രമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ബ്രിട്ടീഷുകാര്‍ അടക്കമുള്ള പാശ്ചാത്യരെ അവര്‍ അധിനിവേശക്കാരായി കാണുന്നതുമില്ല. ആ ചരിത്രമൊന്നും ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. ഇവിടെ പ്രസക്തമായ വിഷയങ്ങള്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ്. ഇതിനു മുമ്പും പല വര്‍ഷങ്ങളിലും ഇതുപോലെ ചില വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2020ല്‍ എബൈഡ് വിത്ത് മി (എന്റെ കൂടെ എന്നും ഉണ്ടായിരിക്കേണമേ) എന്നാരംഭിക്കുന്ന ഇതേ ഗാനത്തിന്റെ ട്യൂണ്‍ ഉപേക്ഷിച്ചതാണ്. ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടായതിന്റെ ഫലമായി ആ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ടു പോയി. ഈ വര്‍ഷം തന്നെ കേരളം നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ഫ്ളോട്ട് ഒഴിവാക്കി. എന്നാല്‍ കേരള സര്‍ക്കാറിന് ഇക്കാര്യത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

എബൈഡ് വിത്ത് മി എന്നാരംഭിക്കുന്ന ഈ ഗാനത്തിനൊരു ചരിത്രമുണ്ട്. സ്‌കോട്ടിഷ് കവി ഹെന്‍ട്രി ഫ്രാന്‍സിസ് 1820ല്‍ ഒരു സുഹൃത്തിന്റെ വിയോഗത്തില്‍ എഴുതിയ ഒരു പ്രാര്‍ഥനാഗീതമാണ് ഇത്. “ഇരുള്‍ വീഴുമ്പോള്‍ നീ എന്നോടൊപ്പം ഉണ്ടായിരിക്കണം, മറ്റു സഹായികള്‍ പരാജയപ്പെടുമ്പോള്‍ നീ എന്നോടൊപ്പം ഉണ്ടായിരിക്കണം, നിസ്സഹായരുടെ സഹായിയായ നീ എന്നോടൊപ്പം ഉണ്ടായിരിക്കണം’ എന്നിങ്ങനെ പോകുന്ന സര്‍വേശ്വരനോടുള്ള പ്രാര്‍ഥന തീര്‍ത്തും മതേതരമാണ്. യൂറോപ്പിലാണ് ഇതുണ്ടായതെന്നതിനാലോ, ഇംഗ്ലീഷുകാരനായ ഒരു ദൈവസംഗീതജ്ഞന്‍ ഹെന്‍ട്രി മോങ്ക് 1847ല്‍ ഇത് ചിട്ടപ്പെടുത്തി എന്നതിനാലോ അധികവും ക്രിസ്തീയ വിശ്വാസികളാകും ഇത് പാടിയിരിക്കുക എന്നതിനാലോ ഇതിലെ വരികളില്‍ ഒന്നും ഒരു മതവിശ്വാസവും ഇല്ല. ഏതു മതവിശ്വാസിക്കും സ്വീകാര്യമായ വരികളാണ് ഇതിലുള്ളത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ സൈന്യം വെടിവെച്ച് കൊന്ന ഒരു ബ്രിട്ടീഷ് നഴ്‌സ് തന്റെ അന്ത്യനിമിഷങ്ങളില്‍ പാടി എന്നതാണ് ഇതിനെ കൂടുതല്‍ പ്രശസ്തമാക്കിയത്. മൈസൂര്‍ കൊട്ടാരത്തില്‍ ഒരു ബാന്‍ഡ് അവതരിപ്പിച്ചപ്പോഴാണ് മഹാത്മജി ഈ ഗാനം ആദ്യമായി കേട്ടത്. തന്റെ “മതേതര ആത്മീയത’ എന്ന സങ്കല്‍പ്പത്തിന് പിന്‍ബലമാകുന്ന ഒന്നാണിതെന്ന് അദ്ദേഹം കണ്ടെത്തി. തന്റെ സബര്‍മതി ആശ്രമത്തിലെ ഇഷ്ടഭാജനകള്‍ക്കൊപ്പം ഇത് ചേര്‍ത്തു. മത സൗഹാര്‍ദത്തിനുള്ള ഒരു മാതൃക എന്ന നിലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബാന്‍ഡുകളില്‍ ഇത് പഠിപ്പിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പാടിയ നാല് ഗാന ട്യൂണുകളില്‍ “”കഥം കഥം ബതായേ ജാ”, “”യേ മേരെ വഥന്‍ കെ ലോഗോം”, “”ഡ്രമ്മെര്‍സ് കോള്‍” എന്നിവ മാത്രമാണ് ഈ വര്‍ഷം പാടുന്നത് എന്നാണ് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചത്. ജനുവരി 29ന് വിജയ് ചൗക്കില്‍ ആഘോഷ പരിപാടികള്‍ സമാപിക്കുമ്പോഴാണ് ഇത് അവതരിപ്പിക്കാറുള്ളത്. മറ്റു ചില ഇന്ത്യന്‍ ട്യൂണുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി വിദേശിയായ ഇത് ഒഴിവാക്കിയതാണ് എന്നാണ് സൈന്യത്തിന്റെ ബാന്‍ഡുകളില്‍ ഒന്നായിട്ടും ഇതെന്തു കൊണ്ട് ഉപേക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഔദ്യോഗിക മറുപടി. എന്നാല്‍ ഇതിന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ്. ഭരണഘടന തന്നെ ഇവര്‍ക്ക് തെറ്റാണെന്നു തോന്നാനുള്ള പ്രധാന കാരണം അതിലെ ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യം-സമത്വം എന്ന സങ്കല്‍പ്പങ്ങളുമാണല്ലോ. ഇതിനു പകരം മനുസ്മൃതി അടിസ്ഥാനമാക്കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയും സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയവും മുന്നോട്ടു വെക്കുന്ന കൂട്ടര്‍ക്ക് ഇത്തരം മതേതരത്വ ശബ്ദങ്ങള്‍ സ്വീകാര്യമാകാത്തതില്‍ അത്ഭുതമില്ല. മഹാത്മജിക്ക് ഇതെന്തു കൊണ്ട് ഇഷ്ടമായോ അതേ കാരണങ്ങള്‍ കൊണ്ട് തന്നെ സംഘ്പരിവാറിന് ഇത് അനിഷ്ടവുമാണ്. മഹാത്മജിയെ വധിച്ചവരെ ആദരിക്കുന്നത് ഒരു രഹസ്യമൊന്നും അല്ല. അവരുടെ റിപ്പബ്ലിക് ഇതല്ല എന്നര്‍ഥം. എന്നാല്‍ ഇപ്പോള്‍ അധികാരത്തില്‍ കയറിയിരിക്കുന്നത് ഈ ഭരണഘടന അനുസരിച്ചാണ് എന്നതിനാല്‍ അത് റദ്ദാക്കപ്പെടുന്നത് വരെ അനുസരിക്കാതെ വഴിയില്ല. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഭരണം ആരംഭിക്കുന്നതും ജനാധിപത്യത്തിലൂടെയാണ്. എന്നാല്‍ ആദ്യം കിട്ടിയ അവസരത്തില്‍ ആ ഭരണഘടന തന്നെ ഇല്ലാതായി. ഇത് ഇവര്‍ നല്‍കുന്ന ആദ്യ സൂചനയൊന്നുമല്ല. അവസാനത്തേതും ആകില്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ജനങ്ങളുടെ നിതാന്ത ജാഗ്രത വേണമെന്നാണ് ഇത് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest