Connect with us

National

സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം; എസ് സി, എസ് ടി, ഒ ബി സി സംവരണം നടപ്പാക്കണമെന്ന് പാര്‍ലിമെന്ററി സമിതി ശിപാര്‍ശ

സ്വകാര്യ ഉന്നത സ്ഥാപനങ്ങളില്‍ ഒ ബി സി വിഭാഗത്തിന് 27 ശതമാനം, എസ് സി വിഭാഗത്തിന് 15 ശതമാനം, എസ് ടി വിഭാഗത്തിന് 7.5 ശതമാനം എന്നിങ്ങനെ ഏര്‍പ്പെടുത്തണമെന്നാണ് ശിപാര്‍ശ.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ എസ് സി, എസ് ടി, ഒ ബി സി സംവരണം നടപ്പാക്കുന്നതിന് കേന്ദ്ര നിയമം വേണമെന്ന് പാര്‍ലിമെന്ററി സമിതി ശിപാര്‍ശ. കോണ്‍ഗ്രസ്സ് നേതാവ് ദിഗ്വിജയ സിംഗ് അധ്യക്ഷനായ വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നിവ സംബന്ധിച്ച പാര്‍ലിമെന്ററി സ്ഥിരം സമിതിയാണ് ഈ ശിപാര്‍ശകള്‍ അടങ്ങുന്ന റിപോര്‍ട്ട് സഭയില്‍ വച്ചത്. സ്വകാര്യ ഉന്നത സ്ഥാപനങ്ങളില്‍ ഒ ബി സി വിഭാഗത്തിന് 27 ശതമാനം, എസ് സി വിഭാഗത്തിന് 15 ശതമാനം, എസ് ടി വിഭാഗത്തിന് 7.5 ശതമാനം എന്നിങ്ങനെ ഏര്‍പ്പെടുത്തണമെന്നാണ് ശിപാര്‍ശ.

രാജ്യത്തെ മുന്‍നിര സ്വകാര്യ സര്‍വകലാശാലകളില്‍ എസ് സി, എസ് ടി, ഒ ബി സി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് പാര്‍ലിമെന്ററി സ്ഥിരം സമിതിയുടെ റിപോര്‍ട്ട് പറയുന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യ സര്‍വകലാശാലകളായ ബിറ്റ്സ് പിലാനി, ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂനിവേഴ്സിറ്റി, ശിവ് നാടാര്‍ യൂണിവേഴ്സിറ്റി എന്നിവയിലെ പിന്നാക്ക വിദ്യാര്‍ഥികളുടെ പ്രതിനിധ്യം സംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകളും സമിതി റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിറ്റ്സ്-പിലാനി, ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി, ശിവ് നാടാര്‍ യൂണിവേഴ്സിറ്റി എന്നീ മൂന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓരോ സ്ഥാപനത്തിലും എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണം വിദ്യാഭ്യാസമാണ്. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവില്‍ സംവരണമില്ലാത്തത് തടസ്സമാണെന്നും റിപോര്‍ട്ട് പറയുന്നു. സ്വകാര്യ സര്‍വകലാശാലകളിലെ വാര്‍ഷിക ഫീസ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാകുന്ന സ്ഥിതിയിലല്ല. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ നടപടി സ്വീകരിക്കണം. ഭരണഘടന അനുഛേദം 15(5) സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംവരണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച പ്രത്യേക നിയമം ഇതുവരെ രൂപവത്കരിച്ചിട്ടില്ല. ഐ ഐ ടികള്‍, ഐ ഐ എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമായ 2006 ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സംവരണവുമായി ബന്ധപ്പെട്ട നിയമം ഈ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി പാര്‍ലിമെന്റ് നിയമനിര്‍മാണം നടത്തണം. പിന്നാക്കക്കാരെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ഈ സ്ഥാപനങ്ങള്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുകയും അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം. 25 ശതമാനം സംവരണത്തിനായി സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കുന്ന റീഇംപേഴ്സ്മെന്റിന് സമാനമായ ഒരു മാതൃകയാണ് വേണ്ടതെന്നും റിപോര്‍ട്ട് പറയുന്നു.

 

---- facebook comment plugin here -----

Latest