Connect with us

Kerala

കേരള ബജറ്റിലെ ജനക്ഷേമ പദ്ധതികള്‍ സ്വാഗതാര്‍ഹം; ഖലീല്‍ തങ്ങള്‍

വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസത്തെ ചികിത്സ സൗജന്യമാക്കിയതും മെഡിക്കല്‍ കോളജുകളിലെ കാന്‍സര്‍ ചികിത്സയ്ക്കായി 30 കോടി രൂപ നീക്കിവെച്ചതും സ്വാഗതാര്‍ഹമാണ്.

Published

|

Last Updated

കോഴിക്കോട് | കേരള ബജറ്റിലെ ജനക്ഷേമ പദ്ധതികള്‍ സ്വാഗതാര്‍ഹമാണെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ളതാണെങ്കിലും സാധാരണക്കാരന്റെ ക്ഷേമവും സുരക്ഷയും പ്രധാന അജണ്ടയാക്കി മാറ്റാന്‍ സഹായിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വരുമാന സമാഹരണ മാര്‍ഗങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നത് പരിമിതിയായി നിലനില്‍ക്കുന്നു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് കരുത്തുപകരുന്ന രീതിയിലാണ് സാമൂഹിക ക്ഷേമം, സുരക്ഷ, മാനുഷിക വിഭവശേഷി വികസനം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നത്. നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തല്‍, സുസ്ഥിരമായ തൊഴില്‍–ഉപജീവന മാര്‍ഗങ്ങള്‍ എന്നിവയ്ക്കായി വ്യക്തമായ അനുബന്ധ പദ്ധതികള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്. ബിരുദതലം വരെയുള്ള സൗജന്യ പഠനം, കണക്ട് ടു വര്‍ക്ക് പദ്ധതി എന്നിവ നല്ല ചുവടുവെപ്പുകളാണ്. ബജറ്റ് പ്രഖ്യാപനങ്ങള്‍ പദ്ധതികളാക്കി മാറ്റുമ്പോള്‍ സാമൂഹിക നീതിയും സാമുദായിക സൗഹാര്‍ദവും ഉറപ്പുവരുത്തുന്ന രീതിയിലുള്ള ആസൂത്രണം തുടക്കത്തിലേ ഉണ്ടാവേണ്ടതുണ്ട്.

വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസത്തെ ചികിത്സ സൗജന്യമാക്കിയതും മെഡിക്കല്‍ കോളജുകളിലെ കാന്‍സര്‍ ചികിത്സയ്ക്കായി 30 കോടി രൂപ നീക്കിവെച്ചതും സ്വാഗതാര്‍ഹമാണ്. പൊന്നാനി കേന്ദ്രമായി ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്റെ പേരില്‍ ചരിത്ര ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനവും കേരളത്തിലെ മത–സാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താന്‍ 10 കോടി രൂപ നീക്കിവെച്ചതും സ്തുത്യര്‍ഹമാണ്. ഈ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഖലീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.

കേരള യാത്രയുടെ ഭാഗമായി സമര്‍പ്പിച്ച വികസന രേഖയിലെ ആവശ്യങ്ങളെ അനുഭാവപൂര്‍വം പരിഗണിച്ച ബജറ്റാണിത്. ഇതിനൊപ്പം അതിര്‍ത്തി ജില്ലകളുടെ വികസനത്തിനായി പ്രത്യേക ഏജന്‍സിയും ഫണ്ടും രൂപീകരിക്കുന്ന കാര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഖലീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.

 

Latest