Connect with us

Kerala

നവകേരളത്തിന് കരുത്തായി പ്രവാസി സംഗമം; അഞ്ചാമത് ലോക കേരള സഭക്ക് പ്രൗഢഗംഭീര തുടക്കം

തിരുവനന്തപുരം കനകക്കുന്ന് നിശാഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം | ആഗോള മലയാളി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ അഞ്ചാമത് ലോക കേരള സഭക്ക് സംസ്ഥാന തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം കനകക്കുന്ന് നിശാഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ അറിവും അനുഭവവും നൈപുണ്യവും നവകേരള നിര്‍മിതിക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് സഭയുടെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ എ എസ് അതിഥികള്‍ക്ക് സ്വാഗതമാശംസിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പ്രവാസി പ്രതിഭകളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

മന്ത്രിമാരുടെ സാന്നിധ്യം
സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങള്‍ ചടങ്ങില്‍ സജീവ സാന്നിധ്യമായി. മന്ത്രിമാരായ പി രാജീവ്, കെ. രാജന്‍, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ജി ആര്‍ അനില്‍, ഡോ. ആര്‍ ബിന്ദു, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി എന്നിവരാണ് പങ്കെടുത്തത്. പ്രവാസി ക്ഷേമം, തൊഴില്‍ സുരക്ഷ, നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രിമാര്‍ വിശദീകരിച്ചു.

വിശിഷ്ടാതിഥികളും വ്യവസായ പ്രമുഖരും
നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫ് അലി, വ്യവസായ പ്രമുഖന്‍ രവി പിള്ള വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പ്രവാസികള്‍ നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമുള്ള വിവിധ സെഷനുകള്‍ വരും ദിവസങ്ങളില്‍ നടക്കും. കേരളത്തിന്റെ വികസന ഭൂപടത്തില്‍ പ്രവാസികളുടെ കൈയൊപ്പ് പതിപ്പിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest