Kerala
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ്; കാര്‍ഷിക മേഖലക്ക് 2,024 കോടി
ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്. മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് 10 കോടി. കാര്‍ഷിക അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് രണ്ട് കോടി.
തിരുവനന്തപുരം | സംസ്ഥാന ബജറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പ്രഖ്യാപനം. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇന്‍ഷ്വറന്‍സ് നടപ്പാക്കുക. ഇതിനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതോടെ ഒന്നു മുതല്‍ ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം സാധ്യമാകും.
ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. കാര്‍ഷിക മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മേഖലക്ക് 2,024 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ കാര്‍ഷിക രംഗം മെച്ചപ്പെട്ടതായി മന്ത്രി പറഞ്ഞു. കാര്‍ഷിക അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഗ്യാപ്പ് ഫണ്ടായി രണ്ട് കോടി രൂപ മാറ്റിവച്ചു. മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് 10 കോടിയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയ സാഹചര്യത്തിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ സംസ്ഥാന വിഹിതമായി അധികം അനുവദിച്ചതായും ബാലഗോപാല്‍ അറിയിച്ചു. അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ സ്മരണാര്‍ഥം വി എസ് സെന്റര്‍ സ്ഥാപിക്കും. ഇതിനായി 20 കോടി രൂപ നീക്കിവെക്കുമെന്നും ധനകാര്യ മന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

