Connect with us

Kerala

എസ് ഐ ആര്‍: മതന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാന്‍ നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍

എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്. നിയമനിര്‍മാണം നടത്തും. ചെലവുകള്‍ക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കിവെക്കു മെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) ത്തിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളിലുണ്ടായ ആശങ്ക അകറ്റുന്നതിന് നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിനായി നിയമനിര്‍മാണം നടത്തും. പദ്ധതിയുടെ ചെലവുകള്‍ക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കിവെക്കും.

തലമുറകളായി കേരളത്തില്‍ ജീവിച്ചുവരുന്ന ജനങ്ങള്‍ക്ക് എസ് ഐ ആര്‍ കാരണമുണ്ടായ ആശങ്കയകറ്റാനാണ് നേറ്റിവിറ്റി കാര്‍ഡ് പദ്ധതിയെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാരും എല്‍ ഡി എഫും ശക്തമായി എതിര്‍ത്തിട്ടുണ്ട്. എസ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കത്തില്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ കടുത്ത ആശങ്കയിലാണെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. പൗരത്വ വിഷയത്തിലുള്ള പ്രതിരോധമാണ് പുതിയ കാര്‍ഡെന്നും ഇതിന് നിയമപ്രാബല്യം നല്‍കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

 

Latest