Connect with us

Kerala

ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ, എന്തിനാണ് ധവളപത്രം ഇറക്കുന്നത്?; സതീശന് മറുപടിയുമായി ബാലഗോപാല്‍

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അത് പറയാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങള്‍ വിശ്വസിക്കരുതെന്നും മുന്‍ പ്രഖ്യാപനങ്ങളുടെ ധവളപത്രം പുറത്തിറക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനക്ക് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അത് പറയാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയ മന്ത്രി, വൈറ്റ് പേപ്പര്‍ ഇറക്കേണ്ട ആവശ്യം എന്താണെന്ന് ചോദിച്ചു. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിക്കാത്തതിനും മന്ത്രി വിശദീകരണം നല്‍കി. നവംബറില്‍ ക്ഷേമ പെന്‍ഷന്‍ കൂട്ടിയിരുന്നു. അതുകൊണ്ടാണ് ബജറ്റില്‍ കൂട്ടാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാന്‍ കെ എന്‍ ബാലഗോപാലിനെ സതീശന്‍ വെല്ലുവിളിക്കുകയും ചെയ്തു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്നും രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും സതീശന്‍ ആരോപിച്ചു. പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

കേരളത്തിലെ സാമ്പത്തികരംഗം പരിതാപകരമായ അവസ്ഥയിലാണ്. അഞ്ച് മാസമായി ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നു. സാമൂഹിക ക്ഷേമപെന്‍ഷന്‍ 2,500 ഉയര്‍ത്തുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍, നാലര വര്‍ഷക്കാലെ വര്‍ധിപ്പിക്കാതെ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വര്‍ധിപ്പിക്കുന്നുവെന്ന പ്രഖ്യാപനം നടത്തുകയാണ്. രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളമെന്നും സതീശന്‍ പറഞ്ഞു.

അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് നന്നായി അറിയാവുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ എല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്. വരാന്‍ പോകുന്ന സര്‍ക്കാരാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത്. ഈ ബജറ്റ് നടപ്പിലാക്കാന്‍ പോകുന്നില്ലെന്നും യു ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റാണ് നടപ്പിലാവുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സമരം ചെയ്തപ്പോള്‍ ആശാവര്‍ക്കര്‍മാരെയും അങ്കണ്‍വാടി ടീച്ചര്‍മാരെയും ആക്ഷേപിച്ച സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആയിരം രൂപ അവര്‍ക്ക് കൂട്ടിനല്‍കിയിരിക്കുകയാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു.

 

 

 

---- facebook comment plugin here -----

Latest