Connect with us

Kerala

ബി എന്‍ ഹസ്‌കര്‍ സി പി എം വിട്ടു; ആര്‍ എസ് പിയില്‍ ചേരും

മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഹസ്‌കറിനെ സി പി എം താക്കീത് ചെയ്തിരുന്നു.

Published

|

Last Updated

കൊല്ലം | ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷ മുഖമായിരുന്ന ബി എന്‍ ഹസ്‌കര്‍ സി പി എം വിട്ടു. ആര്‍ എസ് പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഹസ്‌കറിന്റെ തീരുമാനം. 36 വര്‍ഷത്തെ സി പി എം ബന്ധമാണ് ഹസ്‌കര്‍ ഉപേക്ഷിച്ചത്. ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തില്‍ വച്ച് ഹസ്‌കര്‍ ആര്‍ എസ് പി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഹസ്‌കറിനെ സി പി എം താക്കീത് ചെയ്തിരുന്നു.

‘യാതൊരു ഉപാധികളുമില്ലാതെയാണ് ആര്‍ എസ് പിയില്‍ പ്രവേശിക്കാനൊരുങ്ങുന്നത്. ഏത് ഘടകത്തിലാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന കാര്യം ആര്‍ എസ് പിയാണ് തീരുമാനിക്കേണ്ടത്. ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തിയാലും സന്തോഷമേയുള്ളൂ.’-ഹസ്‌കര്‍ പ്രതികരിച്ചു.

രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാര്‍ട്ടിയായി സി പി എം മാറിയെന്ന് ഹസ്‌കര്‍ പറഞ്ഞു. ഫണ്ട് വെട്ടിച്ചവരെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല. ജീര്‍ണതയുടെ പടുകുഴിയിലാണ് സി പി എം. യു ഡി എഫ് ആണ് ഇപ്പോള്‍ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ റോള്‍ സ്വീകരിക്കുന്നതെന്നും ഹസ്‌കര്‍ പറഞ്ഞു.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറില്‍ കയറ്റിയതിനെ ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ വിമര്‍ശിക്കുകയായിരുന്നു. ഈ തെറ്റിനെ പിണറായി ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയി. ഇത് കാപട്യമാണെന്നായിരുന്നു ചര്‍ച്ചയില്‍ ഹസ്‌കറിന്റെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് സി പി എം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലേക്ക് വിളിച്ചു വരുത്തി ഹസ്‌കറിനെ താക്കീത് ചെയ്തത്.

ഇടത് നിരീക്ഷകന്‍ എന്ന പേരില്‍ ഇനി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നായിരുന്നു താക്കീത്. തുടര്‍ന്ന്, ഇടത് നിരീക്ഷകന്‍ എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും തന്റെ സുരക്ഷക്കായി പാര്‍ട്ടി നല്‍കിയിരുന്ന ‘ഗണ്‍മാനെ’ തിരിച്ചേല്‍പ്പിച്ചെന്നും ഹസ്‌കര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

---- facebook comment plugin here -----

Latest