Kerala
'സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും'; ബജറ്റിനെതിരായ വി ഡി സതീശന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി ശിവന്‍കുട്ടി
ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് തന്റെ അലവന്‍സുകള്‍ മാസാമാസം കൃത്യമായി ഇതേ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നത്.
തിരുവനന്തപുരം | പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജനം വിശ്വസിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് തന്റെ അലവന്‍സുകള്‍ മാസാമാസം കൃത്യമായി ഇതേ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
ഖജനാവ് അത്രക്ക് ശൂന്യമാണെങ്കില്‍ താങ്കള്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ നീക്കിവെക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നത്. പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലെ തന്നെ നാട്ടിലെ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഖജനാവ് കാലിയാണെന്ന് പറയുന്നവര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുത്. ബജറ്റിലുളളത് വെറും വാക്കല്ലെന്നും നാടിന്റെ പുരോഗതിക്കുളള കൃത്യമായ റോഡ് മാപ്പാണെന്നും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ക്രിയാത്മകമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കേണ്ടത്. അല്ലാതെ സ്വന്തം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അതേ ഖജനാവിനെ തളളിപ്പറഞ്ഞുകൊണ്ടുള്ള ഇത്തരം പ്രസ്താവനകളല്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്നും രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും മറ്റുമായിരുന്നു സതീശന്റെ ആരോപണം. പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.




