Connect with us

Aksharam Education

വേണം പൗരബോധം

അവകാശങ്ങൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉത്തരവാദിത്വങ്ങളും. ഓരോ പൗരനും അവന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധ്യം ഉണ്ടാകണം.

Published

|

Last Updated

പൗരബോധം കൊണ്ട് ഉദ്ദേശിക്കുന്നത് പൗരന് സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ്. അവകാശങ്ങൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉത്തരവാദിത്വങ്ങളും. ഓരോ പൗരനും അവന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധ്യം ഉണ്ടാകണം. പത്താംക്ലാസ്സിലെ സാമൂഹികശാസ്ത്രത്തിൽ പൗരബോധത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഒരു സമൂഹത്തിന്റെ പൊതുക്ഷേമത്തിലും നിയമപാലനത്തിലും സാമൂഹിക ഉത്തരവാദിത്വങ്ങളിലുമെല്ലാം ഒരു പൗരൻ എന്ന നിലയിൽ കൃത്യമായി ഇടപെടുന്നതാണ് പൗരബോധം.

പൊതുമുതൽ സംരക്ഷിക്കുക, നിയമങ്ങൾ അനുസരിക്കുക, സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകുക, സഹജീവികളെ മാനിക്കുക എന്നിവ പ്രധാന ഘടകങ്ങളാണ്. പൊതുമുതൽ നശിപ്പിക്കാതിരിക്കുക, മാലിന്യം വലിച്ചെറിയാതിരിക്കുക, രാജ്യദ്രോഹപ്രവർത്തനങ്ങളും മറ്റും നടത്താതിരിക്കുക തുടങ്ങിയവയെല്ലാം പൗരൻ എന്ന് നിലക്ക് ആർജിക്കേണ്ട ഉത്തരവാദിത്വമാണ്.

വിദ്യാഭ്യാസത്തിനുമുണ്ട് പങ്ക്

ശാസ്ത്രീയവും പാരിസ്ഥിതികവുമായ അവബോധം വികസിപ്പിച്ച് സമൂഹത്തെ ശരിയായ പാതയിൽ നയിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടു തന്നെ പൗരബോധം വളർത്തുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കാണുള്ളത്. വിവിധ വിഷയങ്ങളിൽനിന്ന് പഠിക്കുന്ന അറിവ് പ്രാവർത്തികമാക്കാൻ വ്യക്തികളെ പ്രാപ്തരാക്കുകയെന്നതാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

മറ്റുള്ളവരോട് സഹിഷ്ണുതയോടെ പെരുമാറാനും മൂല്യങ്ങളോടെ ജീവിക്കാനും നമുക്ക് സാധിക്കുമ്പോഴാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമാകാനാകുക. വിദ്യാർഥികളെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത് പൗര ഉത്തരവാദിത്വബോധം വളർത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്. പൗരബോധം വളർത്തിയെടുക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉൾപ്പടെ വലിയ പങ്കുണ്ട്.

ജനാധിപത്യത്തിൽ

ജനാധിപത്യ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും പൗര ഇടപെടൽ പ്രധാന പങ്ക് വഹിക്കുന്നു. വോട്ടെടുപ്പ് ഉൾപ്പെടെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ സജീവമായി പങ്കെടുക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവരുടെ സമൂഹങ്ങളുടെ പുരോഗതിക്ക് സംഭാവന നൽകാനും വ്യക്തികളെ പ്രാപ്തരാക്കണം. വ്യക്തികൾ അവരുടെ സമൂഹങ്ങളിൽ സജീവമായി പങ്കെടുക്കുകയും സാമൂഹിക ഐക്യം വളർത്തുകയും സമൂഹ അംഗങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ശബ്ദങ്ങൾ ഉയർത്തിക്കൊണ്ടുവ രുവാനും അവർ നേരിടുന്ന അസമത്വങ്ങൾ പരിഹരിക്കുന്നതിലും പൗര ഇടപെടൽ നിർണായക പങ്ക് വഹിക്കും. ജനാധിപത്യ പ്രക്രിയയിൽ സജീവമായി ഏർപ്പെടുന്നതിലൂടെ പൗരന്മാർക്ക് പാർശ്വവത്കരിക്കപ്പെട്ട ശബ്ദങ്ങളെ ശാക്തീകരിക്കാനും ഉയർത്താനും കഴിയും. ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ശക്തിക്കും പൗരന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണ്. അതിനാൽ ഓരോരുത്തരും അവരുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായി നിർവഹിക്കണം.