Connect with us

Kerala

'അകലെയല്ല നിങ്ങള്‍, അരികിലുണ്ട്; പ്രവാസികളെ തലോടി സംസ്ഥാന ബജറ്റ്

പ്രവാസികളുടെ പുനരധിവാസത്തിന് 65 കോടി രൂപ. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് 35 കോടി.

Published

|

Last Updated

ദമാം | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികള്‍ക്ക് സന്തോഷവും പ്രതീക്ഷയും സമ്മാനിക്കുന്നതായി. നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിക്ക് 65 കോടി രൂപയും പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് 35 കോടിയുമാണ് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം രണ്ട് പേജാണ് പ്രവാസികള്‍ക്കായി മാത്രം നീക്കിവെച്ചതെന്ന സവിശേഷത കൂടിയുണ്ട് ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിന്.

പ്രസംഗത്തിലെ 592 മുതല്‍ 596 വരെയുള്ള ക്രമ നമ്പറുകളിലാണ് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന പ്രത്യേക പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്ന പ്രവാസികള്‍ക്ക് വലിയ പരിഗണനയാണ് ബജറ്റില്‍ നല്‍കിയത്. പ്രവാസി വ്യവസായ പാര്‍ക്ക്, മടങ്ങിവരുന്നവര്‍ക്ക് സുസ്ഥിരമായ ഉപജീവന മാര്‍ഗം ഉറപ്പാക്കല്‍, പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാന്ത്വന പദ്ധതി, പ്രവാസി ഡിവിഡന്റ്, തുടങ്ങി കേരളത്തിന്റെ യശസ്സ് ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്.

കേരളത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി വ്യവസായ പാര്‍ക്ക്
2026-27 സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികളുടെ കേരളത്തിലെ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി വ്യവസായ പാര്‍ക്കിനായി വലിയ തുകയാണ് ഈ വര്‍ഷം നീക്കിവെച്ചിരിക്കുന്നത്.

മടങ്ങിവരുന്നവരെ ചേര്‍ത്തുപിടിച്ച്
ആഗോള സാമ്പത്തിക നയങ്ങളും സ്വദേശിവത്ക്കരണവും മൂലം വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയെത്തിവരുടെ മടങ്ങി വരവ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര പദ്ധതികള്‍, സ്വയം തൊഴില്‍ പ്രോത്സാഹനം, മടങ്ങിവരുന്നവര്‍ക്ക് സുസ്ഥിരമായ ഉപജീവന മാര്‍ഗ്ഗം ഉറപ്പാക്കി പുനഃരധിവസിപ്പിക്കല്‍ എന്നിവക്കായി ബജറ്റില്‍ 65 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 23 കോടിയായിരുന്നു.

‘സാന്ത്വന പദ്ധതി’ക്ക് 35 കോടി
മടങ്ങിയെത്തിയ പ്രവാസികള്‍ക്കും മരണമടഞ്ഞ മലയാളി പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന ‘സാന്ത്വന പദ്ധതിക്ക്’ ഈ വര്‍ഷം 35 കോടിയും നോണ്‍ കേരള റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് മരണ സഹായം, ചികിത്സാ സഹായം, വിവാഹ-വിദ്യാഭ്യാസ സഹായം, പ്രസവ സഹായം തുടങ്ങിയവക്കും ബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും 18 കോടിയും നോര്‍ക്ക ക്ഷേമ ബോര്‍ഡ് വഴി നടപ്പിലാക്കുന്ന പ്രവാസി ഡിവിഡന്റ് സ്‌കീം പദ്ധതിക്കായി 6.50 കോടിയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ലോക കേരളസഭ, ലോക കേരളം ഓണ്‍ലൈന്‍, ലോക കേരളം കേന്ദ്രം, ലോക മലയാളി കേന്ദ്രം തുടങ്ങിയവക്കായി 7.30 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

പ്രവാസി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത് 913,553 പേര്‍; 85,319 പേര്‍ പെന്‍ഷന്‍കാര്‍
പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി പാസാക്കിയ നിയമമാണ് 2008 ലെ ‘കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട്.. 2009 ജനുവരി മാസം 12 നാണ് ഇത് നിലവില്‍ വന്നത്. നിലവില്‍ 9,13,553 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 85,319 പേര്‍ക്കാണ് ഇതുവരെ പെന്‍ഷന്‍ നല്‍കിവരുന്നത്

പെന്‍ഷന്‍ പദ്ധതി, കുടുംബ പെന്‍ഷന്‍ പദ്ധതി, വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ധനസഹായം, ചികിത്സാ സഹായം, അവശതാ പെന്‍ഷന്‍, ഭവന വായ്പ സബ്സിഡി പദ്ധതി, പ്രസവാനുകൂല്യം, മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് ധനസഹായം തുടങ്ങിയവയാണ് നിലവില്‍ പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിന്നും നല്‍കിവരുന്ന ആനുകൂല്യങ്ങള്‍.

 

സിറാജ് പ്രതിനിധി, ദമാം

Latest