Kerala
കെ എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ല; സുപ്രീംകോടതി
ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി| മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം ഷാജി മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് വോട്ട് പിടിച്ചുവെന്നാണ് ആരോപണം. ഇത് ശരിവെച്ച് ഹൈക്കോടതി 2018 നവംബറില്‍ ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. ഒപ്പം ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് എംവി നികേഷ് കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ 2016 ലെ നിയമസഭ കാലാവധി 2021 ല്‍ അവസാനിച്ചു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഹരജിക്ക് പ്രസക്തി നഷ്ടമായി. അതിനാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നാണ് സുപ്രീംകോടതി പറയുന്നത്.


