Uae
ദുബൈ ആരോഗ്യ ഇൻഷ്വറൻസ് മേഖലയിൽ വൻ കുതിപ്പ്
2,455 കോടി ദിർഹം ചെലവിട്ടു
ദുബൈ|ദുബൈയുടെ ആരോഗ്യ ഇൻഷ്വറൻസ് മേഖലയുടെ കരുത്തും വളർച്ചയും വ്യക്തമാക്കുന്ന ഹെൽത്ത് അക്കൗണ്ട്സ് സിസ്റ്റം ഓഫ് ദുബൈ (ഹാസ്ഡ്) 2024 റിപ്പോർട്ട് പുറത്തിറങ്ങി. കഴിഞ്ഞ വർഷം ദുബൈയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 5.5 ശതമാനം സംഭാവന നൽകിയത് ആരോഗ്യ മേഖലയാണെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 2,455 കോടി ദിർഹമാണ് ഈ കാലയളവിൽ ആരോഗ്യ സേവനങ്ങൾക്കായി ചെലവഴിച്ചത്.
മുൻ വർഷത്തെ അപേക്ഷിച്ച് ആരോഗ്യ മേഖലയിലെ ചെലവിൽ പത്ത് ശതമാനം വർധനവുണ്ടായി. ഇതിൽ 50 ശതമാനത്തോളം ചെലവഴിച്ചത് സ്വകാര്യ മേഖലയാണ്. ഇത് ദുബൈയുടെ പൊതു – സ്വകാര്യ പങ്കാളിത്തത്തിന്റെ കരുത്താണ് സൂചിപ്പിക്കുന്നത്.
ആകെ ചെലവിന്റെ 62 ശതമാനം (1,529 കോടി ദിർഹം) സ്വകാര്യ ഇൻഷുറൻസിലൂടെയും മറ്റും സമാഹരിച്ചപ്പോൾ, 38 ശതമാനം (926 കോടി ദിർഹം) സർക്കാർ ഫണ്ടിൽ നിന്നാണ് ലഭിച്ചത്. ദുബൈക്ക് പുറത്തുള്ള ചികിത്സാ ചെലവ് വെറും ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നത് നഗരത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ മികവ് തെളിയിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ 46 ലക്ഷത്തിലധികം ഗുണഭോക്താക്കളാണ് ദുബൈയിലെ ഇൻഷ്വറൻസ് സംവിധാനത്തിന് കീഴിലുള്ളത്. കഴിഞ്ഞ വർഷം 4.36 കോടി ഇൻഷ്വറൻസ് ക്ലെയിമുകൾ കൈകാര്യം ചെയ്തു.
44 ഇൻഷ്വറൻസ് കമ്പനികൾ, 139 ബ്രോക്കർമാർ, 16 ക്ലെയിം മാനേജ്മെന്റ്കമ്പനികൾ, 3,660 ആരോഗ്യ സേവന ദാതാക്കൾ എന്നിവരടങ്ങുന്ന വിപുലമായ ശൃംഖലയാണ് ദുബൈയിലുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ദുബൈയെ ലോകത്തെ മുൻനിര നഗരമാക്കുന്നതിൽ ആരോഗ്യ മേഖല പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലവി അൽ ശൈഖ് അലി പറഞ്ഞു.


