Kerala
ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍
മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം
കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാന്‍ഡില്‍. ശങ്കരദാസിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയാണ് വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ശങ്കരദാസിനെ കോടതിയില്‍ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വീല്‍ ചെയറിലാണ് ശങ്കരദാസിനെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മറ്റൊരു പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43ാം ദിവസമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാര്‍. മുരാരി ബാബു മാറിയതിന് പിന്നാലെയാണ് ശ്രീകുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാകുന്നത്. ദ്വാരപാലക ശില്പ പാളികള്‍ കടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു എസ് ശ്രീകുമാറിന്റെ നിയമനം. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിലെ വാദം.


