local body election 2025
പരപ്പനങ്ങാടിയിൽ വെൽഫെയർ പാർട്ടിക്ക് രണ്ട് സീറ്റ്; ലീഗില്‍ അസ്വാരസ്യം പുകയുന്നു
വെൽഫയർ പാർട്ടിക്ക് നൽകേണ്ട സീറ്റിൽ തീരുമാനമാകാത്തതിനാലാണ് ദിവസങ്ങൾ മുന്നേ തീർക്കേണ്ട ചർച്ചയും സ്ഥാനാർഥി പ്രഖ്യാപനവും വൈകിച്ചത്.
പരപ്പനങ്ങാടി | ഘടക കക്ഷി പോലുല്ലാത്ത ജമാഅത്തെ ഇസ്്ലാമിയുടെ വെൽഫെയർ പാർട്ടിക്ക് നഗരസഭയില്‍ രണ്ട് സീറ്റ് വിട്ട് നൽകിയ ലീഗ് മുന്നണിയുടെ നടപടിയില്‍ മുസ്്ലിം ലീഗില്‍ അസ്വാരസ്യം പുകയുന്നു. വെൽഫയർ പാർട്ടിക്ക് നൽകേണ്ട സീറ്റിൽ തീരുമാനമാകാത്തതിനാലാണ് ദിവസങ്ങൾ മുന്നേ തീർക്കേണ്ട ചർച്ചയും സ്ഥാനാർഥി പ്രഖ്യാപനവും വൈകിച്ചത്. കഴിഞ്ഞ തവണ ലീഗിന്റെ സ്വന്തം വനിതാ സീറ്റായ വാര്‍ഡ് 13 പനയത്തില്‍ ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചിരുന്നു. ഇത്തവണ അതേ സീറ്റ് ജനൽ സീറ്റാകുമെന്ന് പ്രതീക്ഷിച്ച് യൂത്ത് ലീഗ് നേതാവ് അലി അക്ബറിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നതുമാണ്.
എന്നാൽ സീറ്റ് വീണ്ടും വനിത ആയതോടെ ലീഗും മുന്നണിയും വെട്ടിലായി. ഇതിനെതിരെ ഹൈക്കോടതിയിൽ പോയെങ്കിലും മാറ്റം ഒന്നുമുണ്ടായില്ല. ഇതിനിടെ തങ്ങളുടെ സ്ഥാനാർഥിക്ക് തന്നെ ഇത്തവണയും 13 പനയത്തിൽ സീറ്റ് വേണമെന്ന് വെൽഫെയർ പാർട്ടി വാശി പിടിച്ചതോടെ ലീഗും മുന്നണിയും വെട്ടിലായി.
എന്നാൽ തന്റെ ഭാര്യ ഖദീജയെ സ്ഥാനാർഥിയാക്കുമെന്ന് അലി അക്ബർ പ്രഖ്യാപിച്ചു. മുന്നണിയിലെ കോൺഗ്രസ്സുമായുള്ള ചർച്ച പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും കൂനിന്മേകുരുവായി വെൽഫെയർ പാർട്ടി മാറി. പനയത്തിൽ ഡിവിഷൻ വിട്ടു നൽകണമെങ്കിൽ തങ്ങൾക്ക് രണ്ട് സീറ്റ് വേണമെന്നായി വെൽഫെയർ പാർട്ടി. അവസാനം രണ്ട് സീറ്റ് വിട്ടു നൽകാൻ ലീഗ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തവണ കോൺഗ്രസ്സ് ഇടതു വികസന മുന്നണി സ്വതന്ത്ര്യ സ്ഥാനാർത്ഥി മജ്ഞുഷ പ്രലോഷിനോട് തോറ്റ 42-ാം ഡിവിഷനും ലീഗിന്റെ സിറ്റിംഗ് സീറ്റ് 41 -ാം ഡിവിഷൻ കൊടപ്പാളിയും വെല്‍ഫെയറിന് നൽകി. ഇവിടെ ലീഗിന്റെ ആശീർ വാദത്തോടെ ജയിച്ച ഫാത്വിമ തന്നെയാണ് സ്ഥാനാർഥി. 42ാം ഡിവിഷൻ കഴിഞ്ഞ തവണ ജനറൽ സീറ്റായിരുന്നു. അവിടെയാണ് ബി ജെ പി സ്ഥാനാർഥിയെയും മലർത്തിയടിച്ച് മജ്ഞുഷ പ്രലോഷ് വെന്നി കൊടിപ്പാറിച്ചത്.





