Editorial
ആണവായുധ മത്സരങ്ങളെ ഒന്നിച്ചെതിർക്കണം
യഥാര്‍ഥ ആണവ നിര്‍വ്യാപനം തുടങ്ങേണ്ടത് റഷ്യയും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമടങ്ങുന്ന വന്‍ശക്തികളില്‍ നിന്നാണ്. എന്നാല്‍ പുതിയ ആണവായുധ കിടമത്സരത്തിന് തയ്യാറെടുക്കുകയാണ് റഷ്യയും അമേരിക്കയും. ഇത് മാനവരാശി ഒരിക്കലും അംഗീകരിക്കരുത്.
ലോകത്തെ മുഴുവന്‍ ചുട്ടുചാമ്പലാക്കാനുള്ള ആണവായുധങ്ങളുമായാണ് വന്‍കിട രാഷ്ട്രങ്ങളെല്ലാം മുന്നോട്ട് പോകുന്നത്. ഭരണത്തലവന്മാര്‍ ഈ ആയുധങ്ങളുടെ റിമോട്ട് കൈയില്‍ പിടിച്ചാണ് സമാധാന ഉച്ചകോടികളിലിരിക്കുന്നത്. അതുകൊണ്ട് ഏത് ഏറ്റുമുട്ടലും ആണവ യുദ്ധത്തിലേക്ക് കൂപ്പുകുത്താമെന്നും ആര്‍ക്കും നിയന്ത്രിക്കാനാകാത്തവിധം വിനാശകരമാകാന്‍ ഏത് ചെറിയ തര്‍ക്കത്തിനും സാധിക്കുമെന്നുമുള്ള നിലവന്നിരിക്കുന്നു. മനുഷ്യ സ്‌നേഹികള്‍ക്ക് ഈ ആയുധ സാന്നിധ്യമുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. യു എന്നിനോ മറ്റേതെങ്കിലും അന്താരാഷ്ട്ര സംഘടനക്കോ ഇതിനകം ഒപ്പുവെച്ച കരാറുകള്‍ക്കോ ഒന്നും ഈ ഭീതിയകറ്റാന്‍ സാധിക്കുന്നില്ല. അത്രമേല്‍ സര്‍വ സംഹാരിയായ ആണവായുധങ്ങളാണ് യു എസ്, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ഉത്തര കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ളത്. ഇസ്‌റാഈലും ഇന്ത്യയും പാകിസ്താനും ഒന്നും ഇക്കാര്യത്തില്‍ പിറകിലല്ല. പ്രത്യാക്രമണത്തിനല്ലാതെ ആണവായുധം പ്രയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവായുധങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ ഡാറ്റ വൻകിട രാജ്യങ്ങൾ പുറത്ത് വിടുന്നില്ല. ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കെയാണ് ലോകത്തെ രണ്ട് വന്‍ ശക്തികള്‍- റഷ്യയും അമേരിക്കയും- മറ്റൊരു ആണവായുധ കിടമത്സരത്തിലേക്ക് നീങ്ങുന്നത്.
33 വര്‍ഷത്തിനു ശേഷം രാജ്യം ആണവ പരീക്ഷണങ്ങളിലേക്ക് നീങ്ങുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് പെന്റഗണിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്. ചൈനയും റഷ്യയും ആണവായുധങ്ങള്‍ പരീക്ഷിക്കുന്നതിന് തുല്യമായി വേണം പരീക്ഷണം നടത്താനെന്ന് കൃത്യമായി പറയുകവഴി ആയുധമത്സരം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് മറയില്ലാതെ വ്യക്തമാക്കുകയാണ് ട്രംപ്. ഇത്രയും “സുതാര്യതയുള്ള’ നേതാവിനെ എവിടെ കാണാനാകും!
ഒരര്‍ഥത്തില്‍ ഇത് തുടങ്ങിവെച്ചത് റഷ്യയാണെന്ന് പറയാം. ആണവ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ചതായി കഴിഞ്ഞ ആഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ആണവ പരീക്ഷണം നടത്താനുള്ള നിര്‍ദേശം ട്രംപ് ധൃതിയില്‍ നല്‍കിയത്. 1992 സെപ്തംബര്‍ 23നാണ് യു എസ് അവസാനമായി ആണവ പരീക്ഷണം നടത്തിയത്. ഇതിന് ശേഷം അന്നത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് പരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയായിരുന്നു.
ലോക ചരിത്രത്തില്‍ ആദ്യ ആണവ പരീക്ഷണം നടത്തിയത് അമേരിക്കയായിരുന്നു. മാന്‍ഹട്ടണ്‍ പ്രൊജക്ടിന്റെ ഭാഗമായി 1945 ജൂലൈയിലായിരുന്നു അത്. 1945നും 1992നും ഇടയില്‍ അമേരിക്ക 1,032 ഔദ്യോഗിക ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയെന്നാണ് പുറത്തുവന്ന വിവരം. യുദ്ധവും ആയുധവും സംബന്ധിച്ച വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 5,177 ആണവായുധങ്ങളാണ് അമേരിക്കയുടെ കൈവശമുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് ആത്യന്തിക ക്രൗര്യത്തിന്റെ ഉദ്ഘാടകരെന്ന “ബഹുമതി’യും അമേരിക്ക വാങ്ങിവെച്ചു. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ “ലിറ്റില്‍ ബോയ്’ എന്ന പേരിലും, ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയില്‍ “ഫാറ്റ് മാന്‍’ എന്ന പേരിലും ബോംബിട്ടു. ആ സംഹാരതാണ്ഡവത്തിന്റെ കെടുതി ഇന്നും അനുഭവിക്കുന്നു ജപ്പാനിലെ ജനത. ഇതേ ജപ്പാന്‍ ഇന്ന് ഏഷ്യയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന വിശിഷ്ട കൂട്ടാളിയാണെന്നത് ചരിത്രത്തിന്റെ വൈപരീത്യം. .
1949 ആഗസ്റ്റില്‍ സോവിയറ്റ് യൂനിയനും ആദ്യ ആണവ പരീക്ഷണം നടത്തി. ആര്‍ ഡി എസ് -1 എന്ന് പേരിട്ട പരീക്ഷണം കസാഖിസ്ഥാനിലെ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റിലാണ് നടത്തിയത്. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടന്നു.
ആണവായുധ വ്യാപനത്തില്‍ ലോക ജനതയുടെ ഒടുങ്ങാത്ത ആശങ്കകളുടെ ഉത്പന്നമാണ് സമഗ്ര ആണവ- പരീക്ഷണ നിരോധന ഉടമ്പടി (സി ടി ബി ടി)യും ആണവ നിര്‍വ്യാപന കരാറും (എന്‍ പി ടി). വന്‍കിടക്കാര്‍ ആണവായുധ സജ്ജമായ ശേഷം ഇനിയാരും അത് ആര്‍ജിക്കരുതെന്ന ശാഠ്യം ഈ കരാറുകള്‍ക്കുണ്ടെങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കരുതെന്ന മാനവരാശിയുടെ ഉത്തമ താത്പര്യം ഇവയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇതുവരെ 187 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടുകയും 178 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇസ്‌റാഈല്‍, ഉത്തര കൊറിയ, പാകിസ്താന്‍, യു എസ് എന്നീ രാജ്യങ്ങള്‍ ഇതുവരെ കരാര്‍ അംഗീകരിച്ചിട്ടില്ല. സി ടി ബി ടിയില്‍ ഒപ്പുവെച്ചെങ്കിലും അത് അംഗീകരിക്കാത്ത പ്രധാന രാജ്യങ്ങളിലൊന്ന് അമേരിക്കയാണ്. എന്നാല്‍, റഷ്യ കരാര്‍ പൂര്‍ണമായി അംഗീകരിച്ചിരുന്നു. സി ടി ബി ടിയില്‍ നിന്ന് പുറത്ത് കടക്കുമെന്ന് 2023ല്‍ പ്രഖ്യാപിക്കുകയും 2025ല്‍ ഈ ദിശയില്‍ മുന്നോട്ട് പോകുകയും ചെയ്തതോടെ കരാറിനെ റഷ്യയും നിസ്സാരപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. സര്‍വ മാനദണ്ഡങ്ങളും ലംഘിച്ച് ഉത്തര കൊറിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ചൈനയും ഇതേ പാതയിലാണെന്നാണ് റിപോര്‍ട്ടുകള്‍.
ഇറാന്റെ ആണവ പരീക്ഷണം സൂക്ഷ്മദര്‍ശിനി വെച്ച് പരിശോധിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ)ക്ക് ഈ വന്‍ശക്തികള്‍ സമ്പൂര്‍ണ ആണവ ശക്തികളായി തുടരുന്നതിലോ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിലോ ഒരു പ്രശ്‌നവുമില്ലെന്നതാണ് വിരോധാഭാസം. യഥാര്‍ഥ ആണവ നിര്‍വ്യാപനം തുടങ്ങേണ്ടത് റഷ്യയും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമടങ്ങുന്ന വന്‍ശക്തികളില്‍ നിന്നാണ്. എന്നാല്‍ പുതിയ ആണവായുധ കിടമത്സരത്തിന് തയ്യാറെടുക്കുകയാണ് റഷ്യയും അമേരിക്കയും. ഇത് മാനവരാശി ഒരിക്കലും അംഗീകരിക്കരുത്. സര്‍വ രാജ്യങ്ങളും ഒരുമിച്ചെതിര്‍ക്കണം. ജീവിതത്തിന്റെ കൊടിയടയാളമാണ് ഉയര്‍ന്നു പറക്കേണ്ടത്. മൃതിയുടെയും സര്‍വനാശത്തിന്റെയും അഹങ്കാരത്തിന്റെയും കിടമത്സരത്തിന്റെയും പതാകകളല്ല.



