Kerala
അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തരായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണ്: നടൻ മമ്മൂട്ടി
രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് കൊണ്ട് മാത്രം നാം വികസിക്കപ്പെടുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്. സാമൂഹ്യ ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായും തുടച്ചു മാറ്റപ്പെടണമെന്നും മമ്മൂട്ടി
തിരുവനന്തപുരം | കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയൊരു ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ എന്നും ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് അതി ദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യ നിർമാർജനം എന്നത് നമ്മുടെ സാമൂഹ്യ ബോധത്തിൻ്റെയും ജനാധിപത്യ ബോധത്തിൻ്റെയും ഫലമായിട്ട് തന്നെയാണ് നേടിയെടുത്തത്. സ്വാതന്ത്ര്യം കിട്ടുന്ന കാലത്തേക്കാൾ നമ്മുടെ ദാരിദ്ര്യരേഖ കുറഞ്ഞു കുറഞ്ഞ് ഈ നിലയിൽ എത്തിച്ചതും നമ്മുടെ സാമൂഹ്യ ബോധമാണ്. പരസ്പര സ്നേഹവും പരസ്പര വിശ്വാസവും മറ്റ് അതിർവരമ്പുകളില്ലാത്ത സാഹോദര്യവും തന്നെയാണ് ഇതിന് കാരണം.
ഈ ഭരണ സംവിധാനത്തിൽ അർപ്പിക്കപ്പെട്ടിട്ടുള്ള ഈ ഉത്തരവാദിത്വം വളരെ വിശ്വാസപൂർവ്വം അവർ നിർവഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് സാഹോദര്യവും സമർപ്പണവും ജനങ്ങളിൽ നിന്നും ഉണ്ടാവണം. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് കൊണ്ട് മാത്രം നാം വികസിക്കപ്പെടുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്. സാമൂഹ്യ ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായും തുടച്ചു മാറ്റപ്പെടണം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടെങ്കിലും വിശക്കുന്ന വയറിന് മുമ്പിൽ ഒരു വികസനത്തിനും വിലയില്ല. ആ വയറുകൾ കൂടെ കണ്ടുതന്നെയാണ് വികസനങ്ങൾ നമ്മൾ കാണേണ്ടതും പൂർത്തീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതിദാരിദ്ര്യമുക്തമാകുന്ന സംസ്ഥാനം എന്ന നിലയിൽ കേരളം പല കാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. ഇപ്പോൾ നടന്നിട്ടുള്ള കാര്യവും അത്തരം മാതൃകയുടെ തുടർച്ചയാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.






