Kerala
പത്തനംതിട്ടയുടെ ദാഹമകറ്റാന്‍ മണിയാര്‍ ഡാമില്‍ നിന്നും വെള്ളമെത്തിക്കും; അമൃത് 2.0 കുടിവെള്ള പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു
കല്ലറക്കടവില്‍ പുതിയ കിണര്‍ നിര്‍മിച്ചു.

അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി അച്ചന്‍കോവിലാറിലെ പത്തനംതിട്ട കല്ലറ കടവില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ ഇന്‍ ടേക്ക് വെല്‍
പത്തനംതിട്ട | നഗരത്തിന്റെ ഭാവി ആവശ്യകത കൂടി മുന്നില്‍കണ്ട് തയ്യാറാക്കിയ അമൃത് 2.0 സമഗ്ര ശുദ്ധജല പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തില്‍ മുന്നേറുന്ന പദ്ധതിക്ക് 25 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി അച്ചന്‍കോവിലാറില്‍ കല്ലറക്കടവിലെ പുതിയ ഇന്‍ടേക്ക് വെല്‍ നിര്‍മാണം പൂര്‍ത്തിയായി. പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തല്‍, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികള്‍, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തല്‍, മുഴുവന്‍ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കല്‍ തുടങ്ങി എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയുള്ളതാണ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി 3.5 കോടി രൂപ ചെലവിട്ട് നഗരത്തില്‍ പൈപ്പ് ലൈന്‍ മാറ്റല്‍ പുരോഗമിക്കുകയാണ്.
പുതിയ ജലസംഭരണികള്‍
പുതിയ ജലസംഭരണികള്‍ സ്ഥാപിക്കുന്നതിനായി നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളായ പൂവന്‍പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കല്‍ എന്നിവിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. പാമ്പൂരിപ്പാറയില്‍ ജല അതോറിറ്റിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ടം സര്‍ക്കാര്‍ അംഗീകാരത്തോടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ആദ്യഘട്ടത്തിന്റെ സാമ്പത്തിക, സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി. യോഗ്യത നേടുന്നയാളുമായി കരാര്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കും. ഉയര്‍ന്ന പ്രദേശങ്ങളെ ജലവിതരണ ശൃംഖലയുടെ ഭാഗമാക്കുന്നതിനായി 8.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത അമൃത് മിഷന്‍ യോഗത്തില്‍ അനുമതി ലഭിക്കുന്നതിനായി പദ്ധതി സമര്‍പ്പിച്ചു കാത്തിരിക്കുകയാണ് നഗരസഭ.
മണിയാര്‍ ഡാമില്‍ നിന്നും വെള്ളം എത്തിക്കും
ജല്‍ജീവന്‍ പദ്ധതി പ്രകാരം മൈലപ്ര വരെ മണിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ജല അതോറിറ്റി എത്തിക്കുന്നുണ്ട്. ഇത് നഗരസഭാ അതിര്‍ത്തി വരെ ദീര്‍ഘിപ്പിച്ച് നഗരത്തില്‍ വെള്ളം എത്തിക്കുന്നതിനുള്ള നിര്‍ദേശമാണ് നഗരസഭാ ഭരണസമിതി മുന്നോട്ടുവച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് അച്ചന്‍കോവിലാറ്റിലെ ജലം നഗരത്തിലെ ആവശ്യങ്ങള്‍ക്ക് അപര്യാപ്തമാകുമെന്ന പഠന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നഗരസഭ ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്. ഭാവിയിലെ ജലദൗര്‍ലഭ്യവും വര്‍ധിച്ചുവരുന്ന ആവശ്യകതയും കുടിവെള്ള പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.