Connect with us

waqf board appointment

വഖഫ് വിവാദം; സമസ്ത ഇ കെ വിഭാഗം നേതാക്കളുമായി നാളെ ചര്‍ച്ച

പള്ളികളില്‍ നിന്ന് പ്രതിഷേധം നടത്തണമെന്ന മുസ്‌ലിം കോ ഓഡിനേഷന്‍ സമിതി ആവശ്യം തള്ളിയ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞ ദിവസം വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമസ്ത ഇ കെ വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും. പള്ളികളില്‍ നിന്ന് പ്രതിഷേധം നടത്തണമെന്ന മുസ്‌ലിം കോ ഓഡിനേഷന്‍ സമിതി ആവശ്യം തള്ളിയ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞ ദിവസം വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇ കെ വിഭാഗം നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്.

വഖഫ് വിവാദത്തില്‍ സര്‍ക്കാറിനെതിരെ ഒരു വിഭാഗം മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ രൂപവത്കരിച്ച് രാഷ്ട്രീയ സമരത്തിന് മുസ്‌ലിം ലീഗ് നീക്കം നടത്തിയിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ ഇതിനെ പിന്തുണച്ച സമസ്ത ഇ കെ വിഭാഗം പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. വിഷയത്തെക്കുറിച്ച് മുസ്‌ലിം പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന ലീഗിന്റെ വാദം തള്ളിയ ഇ കെ വിഭാഗം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചക്ക് സന്നദ്ധമെന്ന സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത ജിഫ്രി തങ്ങളെ വഖഫ് മന്ത്രി സന്ദര്‍ശിച്ചതും മുഖ്യമന്ത്രി ഇപ്പോള്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുളളതും.