Kerala
വോട്ടര്‍ പട്ടിക ക്രമക്കേട്: തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തില്‍ ചേര്‍ത്തു; വിഎസ് സുനില്‍കുമാര്‍
വരവൂര്‍ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആര്‍ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. ഷാജിയുടെ വോട്ടിലെ ക്രമക്കേട് ഇന്നലെയാണ് താന്‍ കണ്ടെത്തിയതെന്നു വിഎസ് സുനില്‍ കുമാര്‍

തൃശൂര്‍| തൃശൂരിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് പുറത്തുവരുന്നത്. തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തില്‍ ചേര്‍ത്തുവെന്ന ആരോപണവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തി. വരവൂര്‍ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആര്‍ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടുവെന്നും ഷാജിയുടെ വോട്ടിലെ ക്രമക്കേട് ഇന്നലെയാണ് താന്‍ കണ്ടെത്തിയതെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനാണ് കെആര്‍ ഷാജി. വരവൂര്‍ പഞ്ചായത്തിലെ നടത്തറയിലാണ് കുടുംബത്തോടൊപ്പം ഷാജി താമസിക്കുന്നത്. ഭാര്യയ്ക്കും അമ്മയ്ക്കുമുള്‍പ്പെടെ വോട്ട് അവിടെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് വരവൂര്‍ പഞ്ചായത്തിലായിരുന്നു. എന്നാല്‍ 2024ല്‍ വോട്ട് പൂങ്കുന്നത്തായിരുന്നു. പൂങ്കുന്നത്തെ ഫ്‌ലാറ്റ് ഇന്‍ലാന്‍ഡ് ഫ്‌ലാറ്റില്‍ 1119, 1121 വോട്ടായി ചേര്‍ത്തതായി കണ്ടെത്തിയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇതിന്റെ അര്‍ത്ഥം ആയിരക്കണക്കിനാളുകളെ ബിജെപി കൊണ്ടുവന്നതാണെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും എത്തി. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്‌ലാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടര്‍ ലില്ലി ഫ്‌ലാറ്റില്‍ 38 വോട്ടുകളും ചേര്‍ക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഈ വോട്ടുകള്‍ പോള്‍ ചെയ്യുന്നത് തടഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രം വോട്ട് ചെയ്തുവെന്നും വത്സല ബാബുരാജ് കൂട്ടിച്ചേര്‍ത്തു.