Kerala
വിജില്‍ തിരോധാനക്കേസ്; ശരീരത്തില്‍ മര്‍ദനേറ്റതിന്റെ തെളിവില്ല, അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും
വിജിലിന് മരണ സമയത്ത് പരുക്കേറ്റിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്|കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജിലിന് പരുക്കേറ്റിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. അമിത അളവില്‍ ലഹരി ഉപയോഗിച്ചതാണോ മരണകാരണം എന്നറിയാന്‍ അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് അസ്ഥികള്‍ കണ്ടെടുത്തത്.
വിജിലിന് മരണ സമയത്ത് പരുക്കേറ്റിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനമേറ്റതിന്റെ സൂചനകളൊന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. അസ്ഥിയും വാരിയെല്ലും വിജിലിന്റേതെന്നുറപ്പിക്കാന്‍ ഡി എന്‍ എ സാമ്പിളുകള്‍ പരിശോധനക്കയക്കും. വിജിലിന്റെ ബന്ധുക്കളുടെ സാമ്പിളുകള്‍ അടുത്ത ദിവസം ശേഖരിക്കാനാണ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വെച്ച് അറസ്റ്റിലായ രണ്ടാം പ്രതി രജ്ഞിത്തിനെ കോഴിക്കോട്ടെത്തിച്ചു. രജ്ഞിത്തിനേയും മറ്റ് രണ്ടു പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.