National
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നിരീക്ഷണത്തിന് അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

ന്യൂഡല്‍ഹി| ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെയാണ് കമ്മീഷന്‍ നിയമിച്ചത്. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സുശീല്‍ കുമാര്‍ ലോഹാനി, ധനകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡി ആനന്ദന്‍ എന്നിവരെയാണ് നിയമിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നിതിന്‍ കുമാര്‍ ശിവ്ദാസ് ഖഡെയെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി നേതാവായ സി പി രാധാകൃഷ്ണന്‍ തമിഴ്‌നാട് സ്വദേശിയാണ്. രണ്ട് തവണ ലോക്സഭാ എംപിയായിട്ടുണ്ട്. റിട്ട. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. മുന്‍ സുപ്രീം കോടതി ജഡ്ജിയാണ് ബി. സുദര്‍ശന്‍ റെഡ്ഡി. ഹൈദരാബാദില്‍ ജനിച്ച ഇദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഓഗസ്റ്റ് 25 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. സെപ്തംബര്‍ 9 നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും അന്നുതന്നെ നടക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം ജൂലൈ 21 ന് ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആവശ്യമായത്.