local body election 2025
വേങ്ങര ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം കൂട്ടത്തല്ലില്‍ കലാശിച്ചു
ലീഗിലെ പ്രാദേശിക ഗ്രൂപ്പ് പോരാണ് യോഗം അലങ്കോലമാക്കാനിടയാക്കിയത്.
വേങ്ങര | മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം കൂട്ടത്തല്ലില്‍ കലാശിച്ചു. വേങ്ങര പഞ്ചായത്ത് കച്ചേരിപ്പടി 20-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് വിളിച്ചുചേര്‍ത്ത മുസ്‌ലിം ലീഗ് കണ്‍വെന്‍ഷനാണ് അടിപിടിയില്‍ കലാശിച്ചത്. ലീഗിലെ പ്രാദേശിക ഗ്രൂപ് പോരാണ് യോഗം അലങ്കോലമാക്കാനിടയാക്കിയത്.
ഭരണസമിതി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവെച്ച് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ പറമ്പന്‍ അബ്ദുല്‍ ഖാദര്‍ മത്സരിക്കാനുറച്ച 20-ാം വാര്‍ഡിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ യോഗം അടിച്ചുപിരിഞ്ഞത്.
നിലവില്‍ 22-ാം വാര്‍ഡ് അംഗമായ സി പി അബ്ദുല്‍ ഖാദറിനെ 20ല്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. നേരത്തേ ലീഗിന് വന്‍ ഭൂരിപക്ഷം ലഭിക്കുന്ന നിലവിലെ 20-ാം വാര്‍ഡ് പ്രദേശത്ത് പഞ്ചായത്ത് ലീഗ് സെക്രട്ടറി എന്‍ ടി ശരീഫ് 10 വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രൂപ് പോരിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. എതിര്‍ സ്ഥാനാര്‍ഥി ജയിക്കാന്‍ പറമ്പന്‍ ഖാദര്‍ രഹസ്യനീക്കം നടത്തിയതായി അന്ന് മറുവിഭാഗത്തിന്റെ ആരോപണമുയര്‍ന്നിരുന്നു.
യു കെ സൈതലവി ഹാജിയുടെ വീട്ടില്‍ ചേര്‍ന്ന യോഗമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സ്ഥാനാര്‍ഥിയായി പറമ്പന്‍ഖാദറിനെ പ്രഖ്യാപിച്ച ഉടനെയാണ് മറുവിഭാഗം രംഗത്തെത്തിയത്. 13-ാം വാര്‍ഡ് ഒഴികെ ഒരിടത്തും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ വേങ്ങര പ്രസിഡന്റ് സ്ഥാനം ജനറലാണ്.



