Kerala
വെള്ളാപ്പള്ളിയുടേത് സാമുദായിക വൈരം വളര്‍ത്തുന്ന അധിക്ഷേപം: നാഷണല്‍ ലീഗ്
വര്‍ഗീയത വിളമ്പി സംഘ്പരിവാറിന് നിലമൊരുക്കാന്‍ ഒരുങ്ങിയിറങ്ങിയവരോട് ഒരിക്കലും സന്ധി ചെയ്യാനാവില്ലെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്.

തിരുവനന്തപുരം | എസ് എന്‍ ഡി പി യോഗം കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നാഷണല്‍ ലീഗ്. വെള്ളാപ്പള്ളി നടത്തിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അല്ലെന്നും, സാമുദായിക വൈരം വളര്‍ത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് പറഞ്ഞു. ഇത്തരം നിലപാടുകളെ ഇടതുപക്ഷത്തിന് പിന്തുണക്കാനാവില്ലെന്നും വെള്ളാപ്പള്ളി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയ വിഭജന വിലപേശലുകള്‍ക്ക് ഇടം കൊടുത്ത ചരിത്രം ഇടതുപക്ഷത്തിനില്ല. വര്‍ഗീയത വിളമ്പി സംഘ്പരിവാറിന് നിലമൊരുക്കാന്‍ ഒരുങ്ങിയിറങ്ങിയവരോട് ഒരിക്കലും സന്ധി ചെയ്യാനാവില്ലെന്നും എന്‍ കെ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.
കാലങ്ങളായി സംഘ്പരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ വെള്ളാപ്പള്ളി ഏറ്റുപിടിക്കരുത്. സര്‍വ സ്വീകാര്യനായ കാന്തപുരം ഉസ്താദ് ഉള്‍പ്പെടെയുള്ള ആത്മീയ നേതാക്കളെ അനാവശ്യ വിവാദങ്ങളിലേക്ക് ബോധപൂര്‍വം വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യാ വര്‍ധന, ജനസംഖ്യാ ആനുപാതികമായ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ നിലനില്‍ക്കെ, തെറ്റിദ്ധാരണകള്‍ പരത്തുന്നത് ദൗര്‍ഭാഗ്യകരമാണ്.
ന്യൂനപക്ഷ സാമുദായിക നേതൃത്വങ്ങള്‍ ഈ വിദ്വേഷ വര്‍ഗീയ കെണിയെ മുഖവിലക്കെടുക്കരുത്. സൗഹാര്‍ദാന്തരീക്ഷത്തെ മലിനമാക്കാന്‍ ശ്രമിക്കുന്നവരെ അവഗണിക്കണം. നാളിതുവരെ സ്വീകരിച്ചുപോന്ന മാതൃകാപരമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കണം. പ്രകോപനങ്ങളെ വിവേകത്തോടെ നേരിട്ട ചരിത്രം ഇനിയും തുടരും. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് വര്‍ഗീയ മാലിന്യങ്ങളെ പുറന്തള്ളുമെന്നും നാഷണല്‍ ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി പറഞ്ഞു.