Connect with us

governor letter

വി സി നിയമന വിവാദം: അയച്ചും മുറുക്കിയും ഗവർണർ; കരുതലോടെ സർക്കാർ

സർവകലാശാലയിലെ രാഷ്ട്രീയ ഇടപെടൽ ഉന്നയിച്ച് സർക്കാറിനെതിരെ പരസ്യ ഏറ്റുമുട്ടലിനിറങ്ങിയ ഗവർണർ സമവായത്തിന്റെ പാതയിൽ

Published

|

Last Updated

തിരുവനന്തപുരം | സർവകലാശാലയിലെ രാഷ്ട്രീയ ഇടപെടൽ ഉന്നയിച്ച് സർക്കാറിനെതിരെ പരസ്യ ഏറ്റുമുട്ടലിനിറങ്ങിയ ഗവർണർ സമവായത്തിന്റെ പാതയിൽ. വി സി നിയമന വിഷയത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി രൂക്ഷ വിമർശമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാറിനെതിരെ ഉന്നയിച്ചത്.

സർവകലാശാലകളുടെ ചാൻസലർ പദവിയിൽ തുടരില്ലെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ആവർത്തിച്ച ഗവർണർ, സർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ബോധ്യപ്പെടുത്തിയാൽ തുടരാമെന്നും ഇന്നലെ വ്യക്തമാക്കി.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിന് ശേഷമാണ് ഗവർണറുടെ നിലപാട് മാറ്റം. സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് തെളിയിച്ചാൽ മാത്രം തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാണ്. എന്നാൽ, തന്നെ മുൻനിർത്തി സർവകലാശാലകളിൽ നിയമനം അനുവദിക്കില്ല. അധികാരം നൽകിയിട്ട് പ്രയോഗിക്കാൻ പറ്റില്ലെന്നു പറഞ്ഞാൽ ഏറ്റുമുട്ടലുണ്ടാകും. അത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയോട് ചാൻസലർ പദവി ഏറ്റെടുക്കാൻ പറഞ്ഞത്- ഇങ്ങനെ പോകുന്നു ഗവർണറുടെ വിശദീകരണം.

ചാൻസലർ പദവിയിൽ ഗവർണർ തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം പരസ്യമായി ചില കാര്യങ്ങൾ പറഞ്ഞതുകൊണ്ട് മാത്രമാണ് പ്രതികരിക്കുന്നത്. അദ്ദേഹം ഉന്നയിച്ച ഏത് വിഷയത്തിലും ചർച്ചയാകാം. ചാൻസലറുടെ അധികാരം കവർന്നെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറോട് ഏറ്റുമുട്ടൽ വേണ്ടെന്നാണ് സർക്കാർ തീരുമാനം. സർക്കാറിന്റെ നിലപാടുകൾ ഗവർണറെ ബോധ്യപ്പെടുത്തും. ഡൽഹിയിലുള്ള ഗവർണർ കേരളത്തിൽ തിരിച്ചെത്തിയാൽ മുഖ്യമന്ത്രി അദ്ദേഹത്തെ കാണും. ഈ മാസം 17നാണ് ഗവർണർ തിരിച്ചെത്തുന്നത്. പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയും 17ന് തിരുവനന്തപുരത്തെത്തും.

സർവകലാശാലാ വിഷയത്തിൽ അതൃപ്തി പ്രകടമാക്കി ഗവർണർ പരസ്യ പ്രതികരണം നടത്തിയിട്ടും ആദ്യ ഘട്ടത്തിൽ സർക്കാർ പ്രതികരിച്ചിരുന്നില്ല. കേരളത്തിന് പുറത്തും വിമർശം ആവർത്തിച്ചതോടെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest