cover story
സ്നേഹത്താഴ്വര
പഹൽഗാം എന്നാൽ ഇടയന്മാരുടെ നാടെന്നാണ്. ആട്ടിൻ കൂട്ടങ്ങളെ ക്ഷമയോടെ പരിപാലിച്ച് ശീലമുള്ള അന്നാട്ടുകാർക്ക് അതിഥികളെയും സ്‌നേഹിക്കാനും പരിപാലിക്കാനും നന്നായി അറിയാം. പരമ്പരാഗത ജീവിത ശൈലി കൈവിടാതെ ലളിതമായി ജീവിക്കാൻ അറിയുന്നവർ. നമ്മുടെ വീടുകളിൽ കല്യാണം നടക്കുമ്പോൾ വിരുന്നുകാർ വരുന്നത് സന്തോഷം നൽകും പോലെ സഞ്ചാരികളുടെ വരവ് കൊണ്ട് നാലഞ്ച് മാസങ്ങൾ ആ നാടാകെ ഒരു കല്യാണ വീട് പോലെയാണ്. നിഷ്‌കളങ്കമായ മാനവിക സ്‌നേഹത്തിന്റെ ബഹിർസ്ഫുരണമാണ് അതെന്ന് അവിടെ എത്തി ഒരു ദിവസമെങ്കിലും അവരോട് ഇടപഴകിയവർക്ക് കൃത്യമായി മനസ്സിലാകും.

ഹിമാലയ സാനുക്കളുടെ ഓരം ചേർന്ന് കുന്നും മലകളും പച്ചപിടിച്ച് പരന്ന് കിടക്കുന്ന പുൽമേടുകളുമായി നയനമനോഹരമായ നാട്, അതാണ് പഹൽഗാം. ശൈത്യകാലത്ത് അവിടമാകെ വെള്ള പുതയ്ക്കും. ഇടയന്മാരുടെ നാടെന്നാണ് പഹൽഗാം എന്നാൽ. ആട്ടിൻ കൂട്ടങ്ങളെ ക്ഷമയോടെ പരിപാലിച്ച് ശീലമുള്ള അന്നാട്ടുകാർക്ക് അതിഥികളെയും സ്‌നേഹിക്കാനും പരിപാലിക്കാനും നന്നായി അറിയാം. പരമ്പരാഗത ജീവിത ശൈലി കൈവിടാതെ ലളിതമായി ജീവിക്കാൻ അറിയുന്നവർ.
വിനോദസഞ്ചാരികൾ അവിടേക്ക് വരുന്നത് അവർക്കേറെ സന്തോഷമാണ്. വർഷത്തിൽ നാലോ അഞ്ചോ മാസം കാലാവസ്ഥ അനുകൂലമാകുമ്പോൾ മാത്രമാണ് അവിടേക്ക് ടൂറിസ്റ്റുകൾ വരുന്നത്. ആ മാസങ്ങൾ പഹൽഗാമികൾക്ക് ആഘോഷമാണ്. നമ്മുടെ വീടുകളിൽ കല്യാണം നടക്കുമ്പോൾ വിരുന്നുകാർ വരുന്നത് സന്തോഷം നൽകും പോലെ സഞ്ചാരികളുടെ വരവ് കൊണ്ട് നാലഞ്ച് മാസങ്ങൾ ആ നാടാകെ ഒരു കല്യാണ വീട് പോലെയാണ്.
കേവലം വരുമാന മാർഗമാണെന്ന നിലയിലുള്ള സന്തോഷമല്ല അത്. നിഷ്‌കളങ്കമായ മാനവിക സ്‌നേഹത്തിന്റെ ബഹിർസ്ഫുരണമാണ് അതെന്ന് അവിടെ എത്തി ഒരു ദിവസമെങ്കിലും അവരോട് ഇടപഴകിയവർക്ക് കൃത്യമായി മനസ്സിലാകും.2001 ലായിരുന്നു എന്റെ ആദ്യ കശ്മീർ യാത്ര. 2005 മുതൽ തുടർച്ചയായി പോകുന്നു. 2007ൽ ആദ്യ സ്കൂൾ അതിർത്തി പ്രദേശമായ പൂഞ്ചിൽ ആരംഭിച്ചതു മുതൽ ഇന്ന് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആയി 43 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി വരുന്നു. ഇത്രയും കാലത്തിനിടയിൽ ഒരു കശ്മീരിയെപ്പോലും ഇതര മത വിദ്വേഷം പ്രകടിപ്പിക്കുന്നതായോ നിരപരാധികളെ കൊല്ലുന്നതിനെ ന്യായീകരിക്കുന്നതായോ ഞാൻ കണ്ടിട്ടേയില്ല. യെസ് ഇന്ത്യാ സ്ഥാപനങ്ങളിൽ നല്ലൊരു ശതമാനം അമുസ്്ലിംകളായ അധ്യാപകരുണ്ട്. പല സ്ഥാപനങ്ങളിലും അമുസ്‌ലിം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അവർക്കിടയിലൊക്കെ ആഴത്തിലുള്ള പരസ്പര സ്നേഹവും ബഹുമാനവും നിലനിൽക്കുന്നു.
കേരളക്കാരായ പല ഹിന്ദു -ക്രിസ്ത്യൻ സഹോദരങ്ങളും പലപ്പോഴായി വ്യത്യസ്ത സ്ഥാപനങ്ങളിൽ വിവിധ കാര്യങ്ങൾക്കായി വന്ന് താമസിച്ചിട്ടുണ്ട്, പ്രവർത്തിച്ചിട്ടുണ്ട്. എവിടെയും ഏതെങ്കിലും വിധത്തിലുള്ള വേർതിരിവുകളോ അസ്വസ്ഥതകളോ ഉണ്ടായിട്ടേയില്ല.പഹൽഗാമിലെ ബെഹ്താബ് വാലി, അരുവാലി, ബൈസരൻ വാലി, ചന്ദൻവാരി തുടങ്ങിയ വ്യൂ പോയിന്റുകൾ ഓരോന്നിനും വ്യത്യസ്ത സൗന്ദര്യങ്ങളാണ്. ഓരോ ദിവസവും സന്ദർശകരായെത്തുന്ന ആയിരക്കണക്കിന് ആളുകൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയും അവരെ കുതിരപ്പുറത്തിരുത്തി അതിനൊപ്പം മണിക്കൂറുകളോളം മലകൾ കയറിയിറങ്ങി നടന്നും ഒക്കെയായി ലഭിക്കുന്ന ചെറിയ വരുമാനമാണ് അവരുടെ കാര്യമായ ജീവിതോപാധി.
വിനോദ സഞ്ചാരികളെത്തുന്ന മാസങ്ങളിൽ ലഭിക്കുന്ന പണം കൊണ്ട് കൊടും തണുപ്പുള്ള മാസങ്ങളിലും അവർക്കു ജീവിക്കണം. ഒപ്പം കുതിരകളെയും പോറ്റണം. ജീവിതച്ചെലവ് നമ്മെക്കാൾ ഏറെയും. മൈനസ് ഡിഗ്രി ശൈത്യത്തെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും മറ്റു സംവിധാനങ്ങളും തന്നെ വാങ്ങണമെങ്കിൽ വലിയ ചെലവ് വരും. കൊടിയ പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്ന അവർ നല്ല വിശ്വാസികളാണ്. ദരിദ്ര ജനതയുടെ ദൈവവിശ്വാസത്തിലൂന്നിയ സ്‌നേഹബഹുമാനങ്ങൾ അത് അനുഭവിച്ചറിഞ്ഞവർക്കേ മനസ്സിലാകൂ. അതുകൊണ്ടു തന്നെയാണ്, ഏതോ അപരാധികളുടെ അക്രമണത്തിൽ കൺമുമ്പിൽ ഉറ്റവരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും കൂടെയുണ്ടായിരുന്നവർ കശ്മീരികളെയും അവരുടെ സ്‌നേഹവായ്പുകളെയും പ്രകീർത്തിച്ചു പറഞ്ഞത്.
പ്രതിസന്ധികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ വിദ്യാഭ്യാസം എന്നത് അവർക്ക് സ്വപ്നം കാണാൻ പോലും കഴിഞ്ഞില്ല. എന്നാൽ പുതിയ തലമുറയെങ്കിലും മതവും ഭൗതികവും പഠിച്ചു വളരണമെന്ന് അവർ ആഗ്രഹിച്ചു. കശ്മീരിലെ ആറ് ജില്ലകളിലായി 43 സ്‌കൂളുകൾ നടത്തുന്ന യെസ് ഇന്ത്യാ ഫൗണ്ടേഷനെ ബന്ധപ്പെട്ടതോടെ അവിടെ യാസീൻ ഇംഗ്ലീഷ് സ്‌കൂളും യാസീൻ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസും സ്ഥാപിതമായി.
വിദ്യയുടെ വഴിയിൽ അവരെ കൈപിടിച്ച് നടത്തിയപ്പോൾ കണ്ട മാറ്റം അത്യധികം ആനന്ദദായകമാണ്. നല്ല ബുദ്ധിയും വ്യത്യസ്ത കഴിവുകളുമുള്ള മിടുക്കർ.സ്ഥാപനത്തിൽ സംഘടിപ്പിക്കപ്പെടുന്ന സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക് ദിനാഘോഷങ്ങളിലും മറ്റും അതിഥികളായെത്തുന്ന സൈനിക – പോലീസ് ഉദ്യോഗസ്ഥരുമായെല്ലാം അവർ ആശയ വിനിമയം നടത്തുന്നതും ഇന്ത്യൻ ദേശീയതയുടെ ഉൾപ്പൊരുളുകളിൽ അഭിമാനപൂർവം സംവദിക്കുന്നതും കണ്ട് നാളെയുടെ അഭിമാനങ്ങളായി അവർ വളരുമെന്നും രാജ്യത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും ഉറച്ച് വിശ്വസിച്ചു.
വളർച്ചയുടെ വലിയ വിഹായസ്സുകൾ കണ്ട് പഠിച്ചു വളർന്നിരുന്ന അവർക്ക് മുന്നിൽ ഏതോ കശ്മലൻമാർ വീണ്ടും ഇരുട്ട് പരത്തിയിരിക്കുന്നു. അവരുടെ തുഛവരുമാനങ്ങൾ പോലും നിലച്ച് പട്ടിണിയിലേക്ക് വീഴുന്ന നിർഭാഗ്യം സമ്മാനിച്ചിരിക്കുന്നു. എന്നാലും അതിലേറെ അവരെ വേദനിപ്പിക്കുന്നത് തങ്ങൾക്കുമേൽ ആരൊക്കെയോ ബോധപൂർവം ചാർത്താൻ ശ്രമിക്കുന്ന ഭീകര ലേബലുകൾ ആയിരിക്കും.
തന്റെ അതിഥികളെ മതം നോക്കാതെ രക്ഷിക്കാൻ ശ്രമിച്ച് ജീവൻ ത്യജിച്ച ആദിൽ ഹുസൈൻ ഷായുടെ ഉറ്റവരും ഉടയവരുമടക്കം സമാന മനസ്‌കരായ കശ്മീരികൾ മുഴുവനും ആ ഗൂഢ തന്ത്രത്തിന്റെ ഇരകളാവേണ്ടി വരുന്നതിൽ മനം നൊന്ത് കരയുന്നു.വാർത്തയറിഞ്ഞ സമയം മുതൽ ബന്ധപ്പെട്ട പഹൽഗാമികളും അല്ലാത്തവരുമായ കശ്മീരികൾ ആ വേദന പങ്കു വെക്കുന്നുണ്ട്. തങ്ങളുടെ അതിഥികളായെത്തിയ പ്രിയപ്പെട്ട മനുഷ്യർ ചേതനയറ്റ ശരീരങ്ങളായി തിരിച്ചു പോയതിൽ അവരുടെ ഹൃദയം കഠിനമായി വേദനിക്കുന്നുണ്ട്. ശേഷിച്ച അതിഥികളെ പ്രതിഫലം പോലും വാങ്ങാതെ ഭക്ഷണ- താമസ- യാത്രാ സൗകര്യങ്ങളൊക്കെ നൽകി ആശ്വസിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു.
എല്ലാം സ്രഷ്ടാവിലർപ്പിച്ച് ക്ഷമിക്കാനും സഹിക്കാനും തീരുമാനിച്ച ആ ജനതയുടെ കണ്ണീർ തുള്ളികൾക്ക് ഫലം ഇല്ലാതിരിക്കില്ല.നിരപരാധികളെ കൊന്നും സാധുക്കളുടെ ജീവിത മാർഗങ്ങൾ ഇല്ലാതാക്കിയും ക്രൂര വിനോദം നടത്തുന്നവർ എന്ത് ഗൂഢ ലക്ഷ്യം വെച്ചാലും അത് മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. ആ കശ്മലൻമാർക്ക് അർഹമായ ശിക്ഷ ലഭിക്കുക തന്നെ വേണം. നിർദോഷികളായ കശ്മീരി ജനതയെ നാം ചേർത്തു പിടിക്കുക തന്നെ വേണം. അവരും ഭാരതീയരായ നമ്മുടെ സഹോദരങ്ങളാണ്.