Kerala
അജ്ഞാതരായി അവര്‍ മണ്ണിലേക്ക് മടങ്ങി; സര്‍വമത പ്രാര്‍ഥനയോടെ എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
പുത്തുമലയില്‍ മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്
കല്‍പ്പറ്റ | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. എട്ട് മൃതദേഹങ്ങളാണ് ഇന്ന് സംസ്‌കരിച്ചത്. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാരസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. പുത്തുമലയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാരം നടന്നത്. പുത്തുമലയില്‍ മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. നിരവധി പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്
മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്