Kerala
പാലിയേക്കരയിലെ ടോള്‍ നിരക്ക് കുറക്കും, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി; കെ രാധാകൃഷ്ണന്‍ എംപി
ദേശീയ പാതയിലെ ഇടപ്പള്ളി മുതല്‍ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി.

ന്യൂഡല്‍ഹി|പാലിയേക്കരയിലെ ടോള്‍ നിരക്ക് കുറക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി കെ രാധാകൃഷ്ണന്‍ എംപി. ദേശീയ പാതയിലെ ഇടപ്പള്ളി മുതല്‍ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. പാലിയേക്കര ടോള്‍പ്ലാസയിലെ അന്യായമായ ടോള്‍ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടോള്‍ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണമെന്നും ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണന്‍ എംപി കേന്ദ്രമന്ത്രിക്ക് കത്തു നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
എന്‍എച്ച്എഐ ക്ക് അനുവദിച്ച ടോള്‍ പിരിവ് കരാര്‍ 2028 വരെ നീട്ടിയത് പ്രതിഷേധാര്‍ഹമാണ്. ഹൈവേയ്ക്കായി കരാര്‍ കമ്പനി ഇതിനകം 1600 കോടിയിലധികം രൂപ ടോള്‍ പിരിക്കുകയും ഇത് നിര്‍മ്മാണ ചെലവായ 720 കോടി രൂപക്ക് മുകളിലാണ്. വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതി നാലാഴ്ചക്കാലത്തേക്ക് ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തുന്നതിനുള്ള ഇടക്കാല ഉത്തരവിറക്കിയത്. എന്നിട്ടും എന്‍എച്ച്എഐ ഈ വിഷയത്തില്‍ സ്ഥിരപരിഹാരം കണ്ട് നടപടികള്‍ സ്വീകരിച്ചിട്ടില്ല.